കുവൈത്ത് പൊതുമാപ്പ് ആയിരക്കണക്കിന്  ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകും 

കുവൈത്ത് സിറ്റി- മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് കുവൈത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഈ മാസം 29 മുതല്‍ ഫെബ്രുവരി 22 വരെ ഈ ആനുകൂല്യം വഴി അനധികൃത താമസക്കാര്‍ക്ക് നിയപനടികള്‍ നേരിടാതെ നാടണയാം. 2011-നു ശേഷം ആദ്യമായാണ് കുവൈത്ത് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നും മറ്റും കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് വലിയ ആശ്വാസമാണിത്. 
പൊതുമാപ്പ് കാലാവധിക്കു ശേഷം പിടികൂടുന്ന അനധികൃത താമസക്കാര്‍ക്ക് കനത്ത പിഴയും ശിക്ഷയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്തി പോകുന്നവര്‍ക്ക് തിരിച്ചു വരാനുള്ള അവസരമുണ്ടെന്നും പൊതുമാപ്പ് പ്രഖ്യാപിച്ച ഉത്തരവില്‍ പറയുന്നുണ്ട്. പൊതുമാപ്പ് കാലയളവില്‍ പദവി ശരിയാക്കുകയോ രാജ്യം വിടുകയോ ചെയ്യാം. അമീറിന്റെ ഉത്തരവ് അടിസ്ഥാനമാക്കി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്. 

Latest News