ന്യൂദൽഹി- കോവിഡ് അനാഥരാക്കിയ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ഫീസ് ഒഴിവാക്കുകയോ ഫീസിന്റെ പകുതി സംസ്ഥാന സർക്കാർ നൽകുകയോ ചെയ്യണമെന്നു സുപ്രീംകോടതി. ഈ അധ്യയന വർഷമെങ്കിലും സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന ഇത്തരത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്നും കോടതി സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ഇക്കാര്യം ഉറപ്പു വരുത്തുന്നതിനായി ശിശു ക്ഷേമ സമിതികളും ജില്ലാ വിദ്യാഭ്യാസ അധികൃതരും സ്വകാര്യ സ്‌കൂൾ അധികൃതരുമായി സംസാരിക്കണമെന്നും ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവുവും അനിരുദ്ധ ബോസും ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം തടസമില്ലാതെ തുടരുന്ന കാര്യത്തിൽ സർക്കാർ നിർബന്ധമായും നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.
കോവിഡ് ബാധിച്ച് മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടികളെയും ഒരു മാതാവോ പിതാവോ ആരെങ്കിലും ഒരാൾ മാത്രം നഷ്ടപ്പെട്ട കുട്ടികളെയും സംസ്ഥാനങ്ങൾ മുൻകൈയെടുത്ത് കണ്ടെത്തണം. കാലതാമസമില്ലാതെ തന്നെ ഇത്തരം കുട്ടികളുടെ വിവരങ്ങൾ ദൈശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാല സ്വരാജ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിലും ജുവനൈൽ ഹോമുകളിലും കോവിഡ് പടർന്നു പിടിക്കുന്നത് സംബന്ധിച്ചു 2020 മാർ്ച്ചിൽ സ്വമേധയ എടുത്ത കേസിലാണ് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് ഇപ്പോൾ കർശന നിർദേശം നൽകിയിരിക്കുന്നത്. 2020 മാർച്ചിന് ശേഷം കോവിഡ് അനാഥരാക്കിയ കുട്ടികളെ കണ്ടെത്തണമെന്ന് കോടതി കഴിഞ്ഞ വർഷം മേയ് 28ന് തന്നെ നിർദേശം നൽകിയിരുന്നു.






