Sorry, you need to enable JavaScript to visit this website.

ഭാര്യയുമായി ഭര്‍ത്താവ് ബലപ്രയോഗത്തിലൂടെ സെക്‌സിലേര്‍പ്പെട്ടാലും ബലാത്സംഗമല്ലെന്ന് ഹൈക്കോടതി

റായ്പൂര്‍- 15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി ഭര്‍ത്താവ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ലൈംഗികമായി പെരുമാറുകയോ ചെയ്യുന്നത്, ഭാര്യയുടെ താല്‍പര്യത്തിനു വിരുദ്ധമാണെങ്കില്‍ പോലും, ബലാത്സംഗം ആയി പരിഗണിക്കാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിചാരണ നേരിടുന്നയാളെ കോടതി കുറ്റമുക്തനാക്കുകയും ചെയ്തു. ഭാര്യയ്ക്ക് 15 വയസ്സിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ ഇത്തരം കേസുകളില്‍ വൈവാഹിക ബലാത്സംഗം ഒരു കുറ്റമായി ഇന്ത്യന്‍ നിയമങ്ങള്‍ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

ഈ കേസില്‍ ഭര്‍ത്താവിനെതിരെ ചുമത്തിയ ബലാത്സംഗ കുറ്റം അബദ്ധവും നിയമവിരുദ്ധവുമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഭര്‍ത്താവിനെതിരെ ചുമത്തിയ 377 വകുപ്പും (അസ്വാഭാവിക കുറ്റകൃത്യങ്ങള്‍) 498എ വകുപ്പും (സ്ത്രീകള്‍ക്കെതിരായ ക്രൂരകൃത്യം) കോടതി ശരിവച്ചു. ഐപിസി 375ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എന്‍ കെ ചന്ദ്രവന്‍ഷി പ്രതിക്കെതിരായ ബലാത്സംഗം കുറ്റം റദ്ദാക്കിയത്. 

വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരിലും മറ്റുമായി ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകും ബലാത്സംഗം ചെയ്‌തെന്നുമാണ് യുവതിയുടെ പരാതി. ഭര്‍ത്താവ് തന്നെ പ്രകൃതിവിരുദ്ധ ശാരീരിക ബന്ധത്തിനിരയാക്കിയെന്നും എതിര്‍ത്തിട്ടും വിരലുകളും റാഡിഷും ലൈംഗികാവയത്തിലേക്ക് കയറ്റി പീഡിപ്പിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഈ കേസില്‍ ഭര്‍ത്താവിനെതിരായ പ്രകൃതി വിരുദ്ധ പീഡന കുറ്റവും സ്ത്രീകള്‍ക്കെതിരായ ക്രൂരത കുറ്റവും നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. 

വൈവാഹിക ബലാത്സംഗം ഇന്ത്യയില്‍ കുറ്റകൃത്യമല്ലെങ്കിലും അത് വിവാഹ മോചനത്തിന് സാധുത നല്‍കുന്ന ഒരു കാരണമാണെന്ന് നേരത്തെ കേരള ഹൈക്കോടതി ശരിവച്ചിരുന്നു.

Latest News