മുംബൈ- ഉദ്ധവ് അടുത്തുണ്ടെങ്കില്‍ മുഖത്തടിക്കുമായിരുന്നു എന്ന് പ്രസംഗിച്ച കേന്ദ്രമന്ത്രി നാരായണ്‍ റാണെ നിയമനടപടി നേരിടുകയാണ്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരിപ്പൂരി അടിക്കണമെന്ന് പറഞ്ഞയാളാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. പുതിയ സംഭവത്തോടെ താക്കറെയുടെ പഴയ പ്രസംഗം വൈറലാവുകയാണ്.
2018ലായിരുന്നു ആ പ്രസംഗം. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിന് ഒരു വര്‍ഷം മുമ്പ്. യോഗി ആദിത്യനാഥിനെ ധരിച്ചിരിക്കുന്ന സ്ലിപ്പര്‍ ഊരി അടിക്കാന്‍ തോന്നി’ എന്ന ഉദ്ധവിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയില്‍ ഉള്ളത്. ഇതും റാണെയുടെ വാക്കുകളും തമ്മിലുള്ള വ്യത്യാസം എന്താണെന്നാണു ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നത്.
അയാള്‍ക്ക് എങ്ങനെയാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കഴിയുക? അദ്ദേഹം ഒരു യോഗിയല്ലേ. അപ്പോള്‍ എല്ലാം ത്യജിച്ച് വല്ല ഗുഹയിലും പോയിരിക്കണം. എന്നാല്‍ ഇദ്ദേഹം മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്നശേഷം സ്വയം യോഗിയെന്നു വിളിക്കുന്നു. യു.പിയും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധം എന്താണെന്നു യോഗി മനസ്സിലാക്കണം. ഛത്രപതി ശിവജി അധികാരം ഏറ്റപ്പോള്‍ യു.പിയിലെ ഗാഘാഭട്ടില്‍നിന്നുള്ള ഒരു പൂജാരി ചടങ്ങിന് എത്തിയിരുന്നു. അതേ സമയം ഊതിവീര്‍പ്പിച്ച ബലൂണുമായാണു യോഗിയുടെ വരവ്.
ശിവജിയുടെ പ്രതിമയില്‍ മാലയിട്ടപ്പോള്‍ അയാള്‍ ചെരിപ്പുകള്‍ ധരിച്ചിരുന്നു. അതേ ചെരിപ്പുകള്‍ ഊരി യോഗിയെ അടിക്കാനാണ് അപ്പോള്‍ എനിക്കു തോന്നിയത്. ശിവജിയുടെ മുന്നില്‍ നില്‍ക്കാനുള്ള യോഗ്യത പോലും യോഗിക്കില്ല- പ്രസംഗത്തില്‍ പറയുന്നു.
മൂന്നു വര്‍ഷം മുന്‍പു നടത്തിയ പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥ് പരാതി നല്‍കണമെന്നാണ് ബി.ജെ.പി അനുകൂലികളുടെ ഉപദേശം.






