മണ്ണാര്‍ക്കാട്-തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കഴുത്തില്‍ ഷാളിട്ടു മുറുക്കി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസിയായ യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരുന്നു. പ്രണയനൈരാശ്യത്താലുള്ള പക മൂലമാണ് യുവാവ് കൊലപാതകശ്രമം നടത്തിയതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ തിരുവിഴാംകുന്ന് പടിഞ്ഞാറേതില്‍ ജംഷീറിനെ(25) മണ്ണാര്‍ക്കാട് പോലീസ് ചോദ്യം ചെയ്തു വരികയാണ്. പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തിരുവിഴാകുന്ന് മലയരിയത്ത് പതിനാറുകാരിക്കെതിരെ ആക്രമണമുണ്ടായത്. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ബഹളം കേട്ട് ഓടിയെത്തിയ വലിയുമ്മയെ തള്ളിവീഴ്ത്തി യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകിയിരുന്നു. വലിയുമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനിടെ ഓടി രക്ഷപ്പെട്ട ജംഷീര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ഒളിവില്‍ പോയി. തിരുവിഴാംകുന്നില്‍ തന്നെ ഉണ്ടായിരുന്ന യുവാവിനെ രാത്രി പോലീസ് പിടികൂടി. പ്രതിക്കെതിരേ കൊലപാതകശ്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോക്‌സോ വകുപ്പും ചുമത്തുമെന്ന് മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ് അറിയിച്ചു.
ലൈംഗികാതിക്രമമുണ്ടായോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിയുമായുള്ള സൗഹൃദം മുതലെടുത്താണ് യുവാവ് വീട്ടില്‍ കയറിയത്. സംസാരത്തിനിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു കൊലപാതകശ്രമം. കൊല്ലാന്‍ ലക്ഷ്യമിട്ട് തന്നെയാണ് കഴുത്തില്‍ ഷാള്‍ കുരുക്കിയതെന്ന് യുവാവ് മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും അതില്ലാതാവുമെന്ന ആശങ്കയാലാണ് ആക്രമണം നടത്തിയത് എന്നുമാണ് യുവാവിന്റെ മൊഴി. ഇരയുടെ മൊഴി കൂടി എടുത്തതിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂയെന്ന് പോലീസ് പറഞ്ഞു. ആരോഗ്യം വീണ്ടെടുത്തിട്ടേ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുള്ളൂ.