പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗംതന്നെയാണെന്ന് സി.പി.എം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിൽ ഉടനടി എം എസ് പിയുടെ ശതാബ്ദി ആഘോഷങ്ങൾ നിർത്തിവെക്കാനാണ് ഇടതുപക്ഷ സർക്കാർ തയ്യാറാകേണ്ടത്. മറ്റൊന്നുകൂടി സർക്കാരും കമ്യൂണിസ്റ്റുകാരും മുഴുവൻ കേരളീയരും മനസ്സിലാക്കിയാൽ നന്ന്. അടുത്തതായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടാൻ പോകുന്നത് പുന്നപ്ര വയലാർ സമരമായിരിക്കും എന്നതാണത്.
മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി കാണാനാകുമോ എന്ന ചർച്ച പുതിയതല്ല. എത്രയോ കാലമായി നടക്കുന്ന ചർച്ചയാണത്. മലബാർ കലാപത്തെ കേന്ദ്രീകരിച്ച് പുറത്തുവന്ന പുസ്തകങ്ങളിലെല്ലാം ഈ വിഷയം ചർച്ച ചെയ്തിട്ടുമുണ്ട്. സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ പ്രമുഖ ചരിത്രകാരന്മാരെല്ലാം അതിൽ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. തികച്ചും ഏകപക്ഷീയമായ ചില അഭിപ്രായങ്ങൾ മാറ്റിവെച്ചാൽ പൊതുവിലുള്ള നിരീക്ഷണങ്ങൾ ഇങ്ങനെയാണെന്നു പറയാം. മലബാർ കലാപത്തിന് നിരവധി കാരണങ്ങളും ധാരകളുമുണ്ട്. അതിൽ പ്രധാനം ബ്രിട്ടീഷുകാർക്കെതിരായ കലാപം എന്നതു തന്നെയാണ്. ഒപ്പം തന്നെ അത് ജന്മിത്വത്തിനെതിരായ കർഷകകലാപമായിരുന്നു. എന്നാലതൊടൊപ്പം പലയിടത്തും അത് വഴിതെറ്റിപോകുകയും ഹിന്ദുക്കൾക്കെതിരായി തിരിയുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ നിർബന്ധിത മതം മാറ്റങ്ങളും നടന്നിട്ടുണ്ട്.
ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷമാണ് കലാപത്തെ സ്വാതന്ത്ര്യസമരമായി രാജ്യം അംഗീകരിച്ചത്. കലാപത്തിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളായും അംഗീകരിച്ചു. എന്നാൽ അവസരം കിട്ടുമ്പോഴൊക്കെ ഈ തീരുമാനത്തിനെതിരെ വർഗീയവാദികൾ, പ്രത്യേകിച്ച് സംഘപരിവാർ ശക്തികൾ രംഗത്തുവരാറുണ്ട്. നരേന്ദ്രമോഡി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ചരിത്രം തന്നെ തങ്ങളുടെ താൽപ്പര്യത്തിനനുസൃതമായി തിരുത്തി എഴുതുകയാണല്ലോ. അതിന്റെ ഭാഗമാണ് മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന പുതിയ കണ്ടെത്തൽ എന്ന് പ്രകടം. അതിനായി തങ്ങളുടെ ചട്ടുകമായ ഐ സി എച്ച് ആറിനെ ഉപയോഗിക്കുന്നു എന്നുമാത്രം. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് കലാപത്തിനു നേതൃത്വം നൽകിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്ലിയാർ ഉൾപ്പെടെയുള്ള 387 രക്തസാക്ഷികളെ പുറത്താക്കുയാണ്. അതും കലാപത്തിന്റെ നൂറാം വാർഷികത്തിൽ. ഭാവിയിൽ ഗാന്ധിയെ വധിച്ചത് ഗോഡ്സെയല്ല, അംബേദ്കറോ നെഹ്റുവോ ആണെന്നുപോലും ഇവർ തിരുത്തിക്കൂടാ എന്നില്ല.
''...പരമകാരുണ്യവാനായ ബ്രിട്ടീഷ് സർക്കാർ എന്നെ മോചിപ്പിക്കുകയാണെങ്കിൽ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ബ്രിട്ടീഷ് ഭരണഘടനയുടെ ഏറ്റവും ഉറച്ച വക്താവായും ബ്രിട്ടീഷ് സർക്കാറിനോട് കൂറു പുലർത്തിയും....'' ജീവിക്കുമെന്നും'....മാത്രമല്ല, ഭരണഘടനാ രേഖ അംഗീകരിച്ചു കൊണ്ടുള്ള എന്റെ പരിവർത്തനം ഒരുകാലത്ത് വഴിതെറ്റിപ്പോയ, ഇന്ത്യയിലും വിദേശത്തും ഉള്ള എന്റെ മാർഗ്ഗദർശിത്വം അംഗീകരിക്കുന്ന യുവാക്കളെയും തിരികെ കൊണ്ടുവരും. സർക്കാർ പറയുന്ന ഏത് പദവിയിലും സർക്കാരിനെ സേവിക്കാൻ ഞാൻ തയ്യാറാണ്, കാരണം എന്റെ മനസ്സാക്ഷി പരിവർത്തനം എന്റെ ഭാവിയിലുള്ള സ്വഭാവത്തെ നിർണ്ണയിക്കുന്നതായിരിക്കും...'' എന്നും ബ്രിട്ടീഷ് സർക്കാരിനു മാപ്പപേക്ഷ നൽകിയ സാക്ഷാൽ സവർക്കറുടെ പിൻഗാഗിമകളാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത് എന്നതാണ് കൗതുകകരം. മറുവശത്ത് വാരിയം കുന്നൻ ചെയ്തതോ? മാപ്പുനൽകി പുണ്യഭൂമിയായ മെക്കയിലേക്ക് വിടാമെന്ന ബ്രിട്ടീഷുകാരുടെ വാഗ്ദാനത്തെ തള്ളുകയും തന്നെ മുന്നിൽ നിന്നു വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്തത്. സമാനമാണല്ലോ ഭഗത്സിംഗിന്റേയും ചരിത്രം. ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധകലാപം നടത്തിയ അദ്ദേഹത്തിനും മാപ്പുചോദിച്ചാൽ രക്ഷപ്പെടാമായിരുന്നല്ലോ. വാരിയം കുന്നന്റേയും ഭഗത്സിംഗിന്റേയും ഈ സമാനതകൾ ചൂണ്ടികാട്ടിയതിനാണ് യുവമോർച്ചക്കാർ സ്പീക്കർ എം ബി രാജേഷിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയത്.
തീർച്ചയായും ആലിമുസ്ലിയാരെയും വാരിയം കുന്നനെയും മതവിശ്വാസം സ്വാധീനിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വകഭേദം തന്നെയായാണ് ആലമുസ്ലിയാരുടെ പോരാട്ടം. മഹാത്മാഗാന്ധിയക്കമുള്ളവർ മലബാറിലെത്തി സ്വാതന്ത്ര്യസമരത്തിനും ഖിലാഫത്തിനും ഊർജ്ജം നൽകിയതിന് ശേഷമാണ് വാസ്തവത്തിൽ പോരാട്ടം ശക്തമായത്.
1894 ൽ ജ്യേഷ്ഠൻ ബ്രിട്ടീഷുകാരാൽ വധിക്കപ്പെട്ട വാർത്ത അറിഞ്ഞാണ് അതുവരെ പ്രവർത്തന കേന്ദ്രമായിരുന്ന കവരത്തിയിൽ നിന്ന് ജന്മനാടായ ഏറനാട്ടിലേക്ക് ആലിമുസ്ലിയാർ എത്തിയത്. കോൺഗ്രസ്സിനോട് ഐക്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. മഹാത്മാഗാന്ധിയിൽ നിന്നു ലഭിച്ച ഊർജ്ജമാണ് അദ്ദേഹത്തെ ഖിലാഫത്തിന്റെ നേതൃത്വമേറ്റെടുക്കാൻ പ്രേരിപ്പിച്ചത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാകട്ടെ പതിറ്റാണ്ടുകളായി ബ്രിട്ടീഷ് സർക്കാരിനെതിരെ സമരം നയിച്ച കുടുംബത്തിലെ അംഗമായിരുന്നു. ഇതൊക്കെയാണ് ചരിത്രം തിരുത്തുന്നവർ മറച്ചുവെക്കുന്നത്.
ഇവരുടെ നേതൃത്വത്തിൽ കുറച്ചുകാലമെങ്കിലും സ്വതന്ത്രരാജ്യം സ്ഥാപിച്ചു എന്നത് സ്വാതന്ത്ര്യസമരചരിത്രത്തിലെ വീറുറ്റ അധ്യായമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിതന്നത് മഹാത്മാഗാന്ധിയാണെന്നും അത് നേടിയത് അഹിംസയിലൂടെയാണെന്നും പൊതുവിൽ പറയുമെങ്കിലും സ്വാതന്ത്ര്യസമത്തിന് എത്രയോ ശാഖകളുണ്ടായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരം തന്നെ രക്തരൂഷിതകലാപമായിരുന്നല്ലോ. ഭഗത്സിംഗിനേയും സുഭാഷ് ചന്ദ്രബോസിനേയും ഒഴിച്ചുനിർത്തിയൊരു സ്വാതന്ത്ര്യസമരചരിത്രം സാധ്യമാണോ? മലബാർ കലാപവും അതിന്റെ ഭാഗമായി സ്ഥാപിച്ച സ്വതന്ത്രരാജ്യവുമൊക്കെ സ്വാതന്ത്ര്യസമരത്തിലെ ഉശിരൻ അധ്യായങ്ങളാണ്. ആലിമുസ്ലിയാരെ അറസ്റ്റ് ചെയ്യാനുള്ള പട്ടാളത്തിന്റെ നീക്കമാണ് സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്ന പ്രക്ഷോഭത്തിലേക്കെത്തിയത്. രാജ്യത്തിന്റെ പേര് മാപ്പിളരാജ്യമെന്നായിരുന്നില്ല, മലയാളരാജ്യം എന്നായിരുന്നു. സമാന്തര സർക്കാർ, കോടതികൾ, നികുതി കേന്ദ്രങ്ങൾ, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങൾ, സൈന്യം, നിയമ പോലീസ്, പാസ്പോർട്ട് സംവിധാനം എന്നിവയെല്ലാം സ്ഥാപിച്ചു. മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഈ പോരാട്ടത്തിൽ വാരിയംകുന്നത്ത്് കുഞ്ഞഹമ്മദ് ഹാജിയുടെ വലംകയ്യായിരുന്നു.
ഇക്കാലഘട്ടത്തിലായിരുന്നു പല ഹൈന്ദവ തറവാടുകളും അക്രമിക്കപ്പെട്ടത്. അവയിൽ മഹാഭൂരിപക്ഷവും കലാപത്തെ അമർച്ച ചെയ്യാനായി ബ്രിട്ടീഷുകാരെ സഹായിച്ചവരുടേതാണ്. അത്തരത്തിലുള്ള മുസ്ലിം ജന്മികളുടെ തറവാടുകളും അക്രമിച്ചിട്ടുണ്ട്. കലാപത്തോടൊപ്പം നിന്ന ഹിന്ദുക്കളെ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അക്രമിക്കാനും സംരക്ഷിക്കപ്പെടാനുമുള്ള മാനദണ്ഡം ജാതീയതയോ മതവിശ്വാസമോ ആയിരുന്നില്ല സാമ്രാജ്യത്വ വിരുദ്ധതയും സാമ്രാജ്യത്വ അനുഭാവവുമായിരുന്നു. ഹിന്ദുക്കളോട് വിവേചനം പാടില്ല എന്ന് മലയാള രാജ്യം പ്രഖ്യാപിച്ചിരുന്നു. അതുതെറ്റിച്ചവരെ ശിക്ഷിച്ചിരുന്നു. കുറെ പേർ കിട്ടിയ അവസരം മുതലെടുത്ത് നിർബന്ധിത മതംമാറ്റം നടത്താനിറങ്ങി. അത്തരത്തിലുള്ള നാലുപേരെ തൂക്കിലേറ്റുകപോലും ചെയ്തു.
അതേസമയം ജന്മി - കുടിയാൻ ബന്ധങ്ങളിലെ മതപരമായ ഘടകങ്ങൾ കലാപത്തിൽ ചെറിയതോതിൽ പ്രതിഫലിച്ചിരുന്നു എന്നത് വിസ്മരിക്കാനുമാകില്ല. ഭൂ ഉടമകൾ ഭൂരിഭാഗവും സവർണ്ണ ഹിന്ദുക്കളും കുടിയാൻമാർ മുസ്ലിമുകളുമായിരുന്നു. ജാതീയവിവേചനത്തിൽ നിന്നു രക്ഷപ്പെടാൻ നേരത്തെ തന്നെ മുസ്ലിംമതത്തിലേക്കു മാറിയ ദളിതരും പിന്നോക്കക്കാരുമായിരുന്നു കുടിയാൻമാരിൽ കൂടുതലും. ജന്മി - കുടിയാൻ സംഘർഷങ്ങൾ പലപ്പോഴും രക്തരൂക്ഷിതമായിരുന്നു. അപ്പോഴൊക്കെ ബ്രിട്ടീഷ് പട്ടാളം ജന്മിമാർക്കൊപ്പം നിന്നിരുന്നു. കലാപകാലത്തുടനീളം പല തവണ പട്ടാളം കലാപകാരികൾക്കുനേരെ വെടിവെച്ചിരുന്നു. കലാപത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ മലബാർ സ്പെഷൽ പോലീസും രൂപീകരിക്കപ്പെട്ടിരുന്നു. പൂക്കോട്ടൂർ യുദ്ധത്തിലും മറ്റും നൂറുകണക്കിനുപേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പലയിടത്തും തിരിച്ചുള്ള അക്രമണത്തിൽ പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. കലാപത്തിന്റെ തുടർച്ചയായുണ്ടായ വാഗൺ ട്രാജഡി കൂട്ടക്കൊല, ചരിത്രത്തിന്റെ കണ്ണീരായി ഇപ്പോഴും നിലനിൽക്കുന്നു.
ഈ ചരിത്രയാഥാർത്ഥ്യങ്ങൾക്കുനേരെ കാർക്കിച്ചു തുപ്പിയാണ് ചരിത്രം തിരുത്താനുള്ള ഇപ്പോഴത്തെ നീക്കം. അതൊടൊപ്പം കാര്യമായി ആരും ശ്രദ്ധിക്കാത്ത മറ്റൊരു അശ്ലീലം കൂടി നടക്കുന്നുണ്ട്. അതു മറ്റൊന്നുമല്ല, കലാപത്തെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എം സ് പി അഥവാ മലബാർ സ്പെഷൽ പോലീസിന്റെ നൂറാം വാർഷികാഘോഷങ്ങൾ തകൃതിയായി നടക്കുന്നുണ്ട് എന്നതാണത്. ഒളിയുദ്ധങ്ങളായിരുന്നു കലാപകാരികൾ കൂടുതലും നടത്തിയിരുന്നത് എന്നതിനാൽ അവരെ നേരിടൽ ബ്രിട്ടീഷ് പട്ടാളത്തിന് എളുപ്പമായിരുന്നില്ല.
അതിനാലാണ് എം എസ് പി എന്ന പേരിട്ട് നാട്ടുപട്ടാളം കൂടി രൂപീകരിച്ചത്. അതിൽ മുസ്ലിമുകളും നിരവധിയുണ്ടായിരുന്നു. ചരിത്രത്തിൽ തുല്യതയില്ലാത്ത ദുരിതങ്ങൾ കലാപകാരികൾക്ക് വരുത്തിക്കൊണ്ടായിരുന്നു എം.എസ്.പിയുടെ തേർവാഴ്ച. പുരുഷന്മാർ ഏറെക്കുറെ കൊല്ലപ്പെട്ടു, അല്ലാത്തവർ പിടിക്കപ്പെടുകയോ ഒളിവിൽ പോവുകയോ ചെയ്തു, കുറേപ്പേർ അന്തമാനിലേക്ക് നാടുകടത്തപ്പെട്ടു. സ്ത്രീകളും കുട്ടികളും മാത്രമായ വീടുകളിൽ കൊള്ളയും ബലാത്സംഗവും നിത്യസംഭവമായി. കലാപത്തിൽ പങ്കെടുക്കുകയോ കലാപത്തോടനുഭാവം പുലർത്തുകയോ ചെയ്യാത്ത ഹിന്ദുക്കളുടെ വീടുകളിൽ പോലും എം.എസ്.പിയുടെ അതിക്രമങ്ങൾ നടന്നതായി കെ. മാധവൻ നായരടക്കം നിരവധി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗംതന്നെയാണെന്ന് സി.പി.എം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിൽ ഉടനടി എം എസ് പിയുടെ ശതാബ്ദി ആഘോഷങ്ങൾ നിർത്തിവെക്കാനാണ് ഇടതുപക്ഷ സർക്കാർ തയ്യാറാകേണ്ടത്. മറ്റൊന്നു കൂടി സർക്കാരും കമ്യൂണിസ്റ്റുകാരും മുഴുവൻ കേരളീയരും മനസ്സിലാക്കിയാൽ നന്ന്. അടുത്തതായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടാൻ പോകുന്നത് പുന്നപ്ര വയലാർ സമരമായിരിക്കും എന്നതാണത്.