ദോഹ- രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ അനുമതി നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഫൈസർ , മോഡേണ വാക്‌സിനുകളുടെ മൂന്നാം ഡോസിനാണ് അംഗീകാരം നൽകിയത്.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ, യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവയുടെ അംഗീകാരവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഗവേഷണഫലങ്ങളുമനുസരിച്ചാണ് മന്ത്രാലയത്തിന്റെ അനുമതി. ഗുരുതരമായ പ്രതിരോധശേഷി കുറവുള്ള വ്യക്തികൾക്കും കോവിഡ് 19 അണുബാധ ഗുരുതരമായ സങ്കീർണതകൾക്ക് കാരണമായേക്കാവുന്നവർക്കും മാത്രമേ മൂന്നാമത്തെ ഡോസ് നൽകുകയുള്ളൂവെന്നും മൂന്നാമത്തെ ഡോസ് വാക്‌സിനേഷൻ സ്വീകരിക്കാൻ അർഹതയുള്ള വ്യക്തികളെ വാക്‌സിൻ മൂന്നാം ഡോസ് സ്വീകരിക്കുന്ന തീയതി സംബന്ധിച്ച് പ്രാഥമിക ആരോഗ്യ പരിപാലന കോർപ്പറേഷൻ (പിഎച്ച്‌സിസി) അല്ലെങ്കിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ അവരുടെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്ന സ്‌പെഷ്യലൈസ്ഡ് കെയർ ടീം അംഗങ്ങൾ നേരിട്ട് ബന്ധപ്പെടുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങൾക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമായതും നീണ്ടുനിൽക്കുന്നതുമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കും. സാധാരണ രോഗ പ്രതിരോധ ശേഷിയുളളവരെപ്പോലെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷവും രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങൾക്ക്് വൈറസിനെ കാര്യക്ഷമമായി പ്രതിരോധിക്കാൻ സാധിച്ചേക്കില്ല. ഇത്തരം വിഭാഗങ്ങൾക്ക് കോവിഡ് 19 വൈറസിനെതിരെ മതിയായ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് അധിക ഡോസ് വാക്‌സിൻ നൽകുന്നത്.
നിർദ്ദിഷ്ട ഗ്രൂപ്പിന് മൂന്നാമത്തെ ഡോസ് നൽകാനുള്ള തീരുമാനം നിലവിലെ ക്ലിനിക്കൽ തെളിവുകളുമായി പൊരുത്തപ്പെടുന്നുവെന്നും മന്ത്രാലയം പതിവായി അവലോകനങ്ങൾ നടത്തുകയും കൂടുതൽ തെളിവുകൾ ലഭ്യമാകുമ്പോൾ മറ്റ് ഗ്രൂപ്പുകൾക്ക് അധിക ഡോസ് നൽകുന്നത് സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി
കോവിഡ് 19 വാക്‌സിന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കാൻ അർഹതയുള്ള ഗ്രൂപ്പുകൾ താഴെ പറയുന്നവയാണ്
1. ട്യൂമർ, രക്താർബുദം തുടങ്ങിയവക്ക് നിലവിൽ കാൻസർ ചികിത്സകൾ സ്വീകരിക്കുന്ന വ്യക്തികൾ.
2. അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗപ്രതിരോധ സംവിധാനത്തെ അടിച്ചമർത്തുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ
3. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സ്‌റ്റെം സെൽ ട്രാൻസ്പ്ലാന്റ് ചെയ്ത വ്യക്തികൾ, അല്ലെങ്കിൽ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ
4. മിതമോ കഠിനമോ ആയ പ്രാഥമിക രോഗപ്രതിരോധ ശേഷി ഇല്ലാത്ത വ്യക്തികൾ (ഉദാ. ഡിജോർജ് സിൻഡ്രോം, വിസ്‌കോട്ട്ആൽഡ്രിക്ക് സിൻഡ്രോം).
5. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്‌ഐവി) അണുബാധയുള്ളവർ
6. നിലവിൽ ഉയർന്ന അളവിൽ കോർട്ടികോസ്റ്റീറോയിഡുകൾ അല്ലെങ്കിൽ ട്യൂമർ നെക്രോസിസ് ഫാക്ടർ (ടിഎൻഎഫ്) ബ്ലോക്കറുകൾ, മറ്റ് രോഗപ്രതിരോധ ശേഷി അല്ലെങ്കിൽ ഇമ്മ്യൂണോമോഡുലേറ്ററി ബയോളജിക്കൽ ഏജന്റുകൾ എന്നിവ പോലുള്ള രോഗപ്രതിരോധ പ്രതികരണത്തെ അടിച്ചമർത്തുന്ന മറ്റ് മരുന്നുകൾ ഉപയോഗിച്ച് ചികിത്സ സ്വീകരിക്കുന്നവർ
7. അസ്‌പ്ലെനിയ, വിട്ടുമാറാത്ത വൃക്കരോഗം തുടങ്ങിയ അവസ്ഥകളുള്ള വ്യക്തികൾ.
മൂന്നാമത്തെ ഡോസ് ആവശ്യമുള്ളവരെ മന്ത്രാലയം നേരിട്ട്് ബന്ധപ്പെടുമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.