VIDEO ക്രിസംഘിയെന്ന് നമുക്ക് പേരു വീണു; സിനിമക്കെതിരെ വാളെടുത്തവരോട് ഒരു ഫാദര്‍

കൊച്ചി- നാദിര്‍ഷാ സംവിധായകനായ ഈശോ സിനിമയുടെ പേരിനെ അനുകൂലിച്ച് ഫാദര്‍ ജെയിംസ് പനവേലില്‍ നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
സിനിമയുടെ പേരിനെതിരെ ക്രൈസ്തവ നേതാക്കളും പി.സി. ജോര്‍ജ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിരുന്നു. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കൂ എന്നായിരുന്നു നാദിര്‍ഷയുടെ മറുപടി.

മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നതെന്ന് ഫാ. ജെയിംസ് ചോദിക്കുന്നു.  ഈശോ എന്ന പേരാലാണോ? ഒരു സിനിമയിലാണോ? ഒരു പോസ്റ്ററിലാണോ? അങ്ങനെ ഒരു സിനിമ ഇറങ്ങിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു, എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്‌നേഹിക്കലാണ്- ഫാദര്‍ പ്രസംഗത്തില്‍ പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമയ്ക്ക് പേരു വീണത്, ഈശോ. ഈ പേര് വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു െ്രെകസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും പല സിനിമകള്‍ക്കും പേര് വീണിട്ടുണ്ട്. ഈമയൗ (ഈശോ മറിയം യൗസേപ്പ്), ആമേന്‍, ഹല്ലേലുയ്യ, എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കയാണ്. സമൂഹമാധ്യമങ്ങളില്‍ നമുക്ക് പേര് വീണു. അറിയില്ലെങ്കില്‍ പറയാം, ക്രിസംഘി. നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ല- അദ്ദേഹം പറഞ്ഞു.

 

Latest News