ഉമര്‍ ഖാലിദിനെതിരായ കേസ് എഡിറ്റ് ചെയ്ത വിഡിയോയുടെ പേരില്‍; ചാനലുകള്‍ക്ക് ലഭിച്ചത്  ബിജെപിയില്‍ നിന്ന്

ന്യൂദല്‍ഹി- ദല്‍ഹി മുസ്‌ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവ് ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുത്തത് മാധ്യമങ്ങള്‍ വെട്ടിത്തിരുത്തിയ കൃത്രിമ വിഡിയോയുടെ അടിസ്ഥാനത്തിലാണെന്നും ഈ ദൃശ്യങ്ങള്‍ രണ്ട് ചാനലുകള്‍ക്ക് ലഭിച്ചത് ബിജെപി ഐടി സെല്ലില്‍ നിന്നാണെന്നും ഉമറിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഉമറിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പോലീസ് തയാറാക്കിയ കുറ്റപത്രത്തിലുള്ളത് പൊള്ളയായ വാദങ്ങളും വൈരുധ്യങ്ങളും ചിരിപ്പിക്കുന്നതുമാണെന്നും അഭിഭാഷകന്‍ ത്രിദീപ് പയസ് അഡീഷനല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു. 

പ്രകോപനപരമെന്ന് പോലീസ് പറയുന്ന, മഹാരാഷ്ട്രയില്‍ ഉമര്‍ നടത്തിയ പ്രസംഗത്തിന്റെ 21 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പിങ് മഹാത്മാ ഗാന്ധിയുടെ പാഠം ചൂണ്ടിക്കാട്ടിയുള്ള ഐക്യ സന്ദേശമായിരുന്നു. എന്നാല്‍ തെളിവായി പോലീസ് ശേഖരിച്ച വിഡിയോ ക്ലിപ്പിങുകള്‍ ഹിന്ദുത്വ അനുകൂല ചാനലായ റിപബ്ലിക് ടിവി, ന്യൂസ് 18 എന്നിവര്‍ നല്‍കിയ വിഡിയോകളാണ്. ചാനലുകള്‍ ഈ വിഡിയോ എടുത്തതാകട്ടെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ട്വീറ്റില്‍ നിന്നും. ഉമറിന്റെ യഥാര്‍ത്ഥ പ്രസംഗം എഡിറ്റ് ചെയ്ത് സാഹചര്യത്തില്‍ നിന്നും അടര്‍ത്തി മാറ്റിയാണ് ബിജെപി ഐടി സെല്‍ ഈ വിഡിയോ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. ഈ ചാനലുകളും പ്രദർശിപ്പിച്ചത് വളച്ചൊടിച്ചാണ്. കേസിലെ തെളിവായി ഈ വിഡിയോ ആണ് പോലീസ് കോടതിയില്‍ അവതരിപ്പിച്ചത്. പ്രസംഗത്തിന്റെ യഥാര്‍ത്ഥ വിഡിയോ ഉമറിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ഉമര്‍ പ്രസംഗത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ഗാന്ധിജിയുടെ സന്ദേശം പറഞ്ഞതിനെ ഭീകരത എന്നാരോപിച്ചു. ഉള്ളടക്കം രാജ്യദ്രോഹമല്ല. ഗാന്ധിയെ പരാമര്‍ശിച്ച് ഉമര്‍ സംസാരിച്ചത് ജനാധിപത്യ ശക്തിയെക്കുറിച്ചാണെന്നും പയസ് പറഞ്ഞു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ കലാപമുണ്ടാക്കാന്‍ ജനുവരി എട്ടിന് ഉമര്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന കുറ്റപത്രത്തിലെ പോലീസ് വാദം വിരോധാഭാസമാണ്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വിവരം ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റപത്രം പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും തെരഞ്ഞെടുത്ത സാക്ഷികളെ കൊണ്ടു വന്ന് ഉമറിനെതിരെ മൊഴി പറയിക്കുകയും ചെയ്തിരിക്കുകയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസില്‍ വാദം കേട്ട കോടതി വീണ്ടും പരിഗണിക്കാനായി സെപ്തംബര്‍ മൂന്നിലേക്ക് മാറ്റി. ദല്‍ഹി കലാപ ഗൂഢാലോചന കേസില്‍ 2020 സെപ്റ്റംബറിലാണ് ഉമറിനെ അറസ്റ്റ് ചെയ്തത്.
 

Latest News