പാലക്കാട്- മരുതറോഡ് സഹകരണബാങ്കില്‍നിന്ന് കൊള്ളയടിച്ച ഏഴരക്കിലോ സ്വര്‍ണ്ണത്തിലെ 2.45 കിലോ വീണ്ടെടുത്തു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശി നിഖില്‍ അശോക് ജോഷി മഹാരാഷ്ട്രയിലെ സത്താറയില്‍ വിറ്റഴിച്ച ആഭരണങ്ങളാണ് കണ്ടെടുത്തത്.
ബാക്കി കളവുമുതല്‍ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി അന്വേഷണസംഘം ഈ മാസം 17ന് മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്നു. തിരികെ കിട്ടിയ ആഭരണവുമായി ഒരു സംഘം പോലീസുദ്യോഗസ്ഥര്‍ നാട്ടില്‍ തിരിച്ചെത്തി. മറ്റൊരു സംഘം നിഖിലിനൊപ്പം അവിടെ തുടരുകയാണ്. ആഭരണം വാങ്ങിയ വ്യാപാരികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അറസ്റ്റിലാവുമ്പോള്‍ പ്രതി താമസിച്ചിരുന്ന സത്താറയിലെ ഹോട്ടല്‍ ഉള്‍പ്പെെടയുള്ള സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കവര്‍ച്ചക്കു ശേഷം നിഖില്‍ താമസിച്ച കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയിലെ റിസോര്‍ട്ടിലും തെളിവെടുപ്പ് നടന്നു. ജൂലൈ 24നാണ് മരുതറോഡ് സഹകരണബാങ്ക് കുത്തിത്തുറന്ന് നിഖില്‍ അശോക് ജോഷി സ്വര്‍ണ്ണം കവര്‍ന്നത്. തുടര്‍ന്ന് മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെട്ട പ്രതിയെ കേരളാ പോലീസ് പിന്തുടര്ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.