നടിയും റഷ്യന്‍ മോഡലുമായ അലക്‌സാന്‍ഡ്ര ജാവി ഗോവയില്‍ മരിച്ച നിലയില്‍

പനജി- റഷ്യന്‍ മോഡലും കാഞ്ചന 3 എന്ന തമിഴ് ചിത്രത്തിലെ നടിയുമായ അലക്‌സാന്‍ഡ്ര ജാവിയെ (24) ഗോവയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വടക്കന്‍ ഗോവയില്‍ വാടക വീട്ടിലായിരുന്നു കുറച്ചു കാലമായി ഇവര്‍ താമസിച്ചിരുന്നത്. കൂടെ കാമുകനും ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കാമുകന്‍ ഇവിടനെ നിന്നും പോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഇതിനു ശേഷം നടി വിഷാദത്തിലായിരുന്നുവെന്നും പറയപ്പെടുന്നു. മരണ കാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. കാമുകനേയും പോലീസ് ചോദ്യം ചെയ്യും. 2019ല്‍ ചെന്നൈയില്‍ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരെ അലക്‌സാന്‍ഡ്ര ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. ഈ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ഫോട്ടോഗ്രാഫറേയും പോലീസ് ചോദ്യം ചെയ്യും. 

രാഘവ ലോറന്‍ സംവിധാന ചെയ്ത കാഞ്ചന 3-ല്‍ പ്രതികാര ദാഹിയായ ഒരു യക്ഷിയുടെ വേഷമാണ് ഇവര്‍ ചെയ്തത്. മോഡലിങ് രംഗത്തും പ്രവര്‍ത്തിച്ചു വരികയായിരുന്നു. മരണ വിവരം റഷ്യയിലെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ റഷ്യന്‍ കോണ്‍സുലേറ്റ് സ്വീകരിച്ചുവരുന്നു.
 

Latest News