ന്യൂദൽഹി- പ്രധാനമന്ത്രി പദവി ഏറ്റെടുത്ത ശേഷം മാധ്യമങ്ങൾക്ക് മുന്നിലേക്ക് വരാത്ത മോഡി അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം അഭിമുഖത്തിനായി പ്രത്യക്ഷപ്പെട്ടത്. നിരവധി പൊതുപ്രസംഗങ്ങളും റേഡിയോ പ്രഭാഷണങ്ങളും റാലികളും റോഡ് ഷോകളും നടത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിമർശകർ ഉന്നയിക്കുന്ന ഒരു വിഷയമാണ് മോഡി ഒരിക്കൽ പോലും വാർത്താ സമ്മേളനം നടത്തി പൊതുജനങ്ങളുടെ ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾ നേരിട്ടിട്ടില്ല എന്നത്. വാർത്താ സമ്മേളനം നടത്തിയില്ലെങ്കിലും അദ്ദേഹം ശനി, ഞായർ ദിവസങ്ങളിലായി രണ്ടു ചാനലുകൾക്ക് അഭിമുഖം നൽകി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു ചാനലിന് അഭിമുഖം നൽകി വെള്ളം കുടിച്ച അനുഭവം ഉള്ളത് കൊണ്ടാകാം ഇത്തവണ ബി.ജെ.പി, സംഘപരിവാർ അനുകൂല ചാനലുകളായി വിലയിരുത്തപ്പെടുന്ന ടൈംസ് നൗ, സീ ടി.വി എന്നീ ചാനലുകൾക്കാണ് അവസരം ലഭിച്ചത്. പ്രധാനമന്ത്രി ആയ ശേഷം നേരത്തേയും ടൈംസ് നൗവിന് മോഡി അഭിമുഖം നൽകിയിട്ടുണ്ട്.
പതിവു പോലെ അർദ്ധസത്യങ്ങളും പൊള്ളവാദങ്ങളുമാണ് ഏറെയും പറഞ്ഞതെങ്കിലും ചാനലുകളിലെ അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. െ്രെപം ടൈം ഷോകളിൽ സ്റ്റുഡിയോയിൽ രാഷ്ട്രീയ നേതാക്കളെ വിചാരണ ചെയ്യുന്നവരാണ് ഇവിടെയും ചോദ്യങ്ങൾ ചോദിച്ചത്. ഉത്തരങ്ങൾ ഊഹിച്ചെടുക്കാവുന്ന ചോദ്യങ്ങളാണ് ഏറേയും. അവയിൽ ഏറ്റവും 'കടുത്ത' ഏതാനും ചോദ്യങ്ങൾ നോക്കൂ.
ടൈംസ് നൗവിലെ രാഹുൽ ശിവശങ്കർ, നവികാ കുമാർ എന്നിവരുടെ ചോദ്യങ്ങൾ:
* പ്രധാനമന്ത്രി ജി, ഭരണത്തിൽ മൂന്നര വർഷം പിന്നിട്ടു. പലതും സംഭവിച്ചു. എന്തൊക്കെ നേടി, ഇനി എന്തെല്ലാം നേടാനുണ്ട്?
* 20 വർഷത്തിനു ശേഷം ദാവോസിലേക്കു പോകുന്ന ആദ്യ പ്രധാനന്ത്രിയാണു താങ്കൾ. അവിടെ പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുന്ന ആദ്യ പ്രധാനന്ത്രിയാകും താങ്കൾ. ഇന്ത്യൻ വളർച്ചയുടെ ഏതു വശമാണ് അവിടെ അവതരിപ്പിക്കുക?
* 1991നും ശേഷം ഒരു പ്രധാനമന്ത്രിക്കും ഇതു സാധിച്ചിട്ടില്ല. ഇതെങ്ങനെ സാധിച്ചു?
* പ്രധാനമന്ത്രി എന്ന നിലയിൽ വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ നമ്മുടെ ചില നേതാക്കൾ വിദേശത്ത് പോയി ഇന്ത്യൻ പ്രവാസികളോട് ഇവിടെ കാര്യങ്ങളൊന്നും ശരിയായി നടക്കുന്നില്ലെന്ന് പറയുന്നു. ഇന്ത്യയിൽ കാര്യങ്ങൾ വഷളാകുന്നുവെന്ന് പറയുന്ന ഇവരോട് എന്താണ് പറയാനുള്ളത്?
* ഒരു മോഡി തത്വം തന്നെ രൂപപ്പെട്ടിരിക്കുന്നു. ഇതിന് താങ്കളുടെ സുഹൃത്ത് ബെന്യമിൻ നെതന്യാഹുവിന്റെ പിന്തുണയും ലഭിച്ചിരിക്കുന്നു. ഭീകരവാദത്തോടുള്ള താങ്കളുടെ നിലപാട് ഈയിടെ ഇന്ത്യാ സന്ദർശനത്തിനെത്തിയ അദ്ദേഹം എടുത്തു പറഞ്ഞത് താങ്കളുടെ നിലപാട് ഒരു കരുത്തുറ്റ രാജ്യത്തിന്റേതാണെന്നാണ്. ഈ നിലപാടിൽ തന്നെ തുടരുമോ?
സീ ടിവിയിലെ സുധിർ ചൗധരിയുടെ ചോദ്യങ്ങൾ
* 2014ൽ താങ്കൾ പ്രധാനമന്ത്രിയായതിനു ശേഷം 2018 വരേയുള്ള കാലയളവ് എടുക്കുമ്പോൾ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പദവിയിൽ എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ?
* ദാവോസ്, സാർക്ക്, ജി 20 പോലുള്ള നിരവധി അന്താരാഷ്ട്ര ഉച്ചകോടികൾ നാം കണ്ടിട്ടുണ്ട്. ഒരു നയതന്ത്ര കൂട്ടായ്മ എന്ന നിലയിൽ ഇവയിൽ പങ്കെടുത്തു ഫോട്ടോയുമെടുത്ത് പിരിയുന്ന കാഴ്ചായാണ് ഇതുവരെ കണ്ടത്. എന്നാൽ താങ്കളുടെ കാര്യത്തിൽ മാറ്റമുണ്ട്. വിമർശകർക്ക് ഇഷ്ടപ്പെടാത്ത ഒന്ന്. വിദേശ നേതാക്കളുമായി വേഗത്തിൽ സൗഹൃദം സ്ഥാപിക്കുന്നു. കെട്ടിപ്പിടിക്കുന്നു, ശക്തമായ ബന്ധമായി അത് വേഗത്തിൽ വളരുന്നു. നെതന്യാഹുവുമായുള്ള താങ്കളുടെ സൗഹൃദം ഞങ്ങൾ ഒരു സിനിമ പോലെയാണ് കണ്ടത്. വിദേശികളായ മറ്റുഭാഷ സംസാരിക്കുന്ന മുൻപരിചയമില്ലാത്ത നേതാക്കളുമായി വേഗത്തിൽ സൗഹൃദം സ്ഥാപിക്കാൻ എങ്ങനെ സാധിക്കുന്നു?
* താങ്കൾ അധികാരത്തിൽ വന്നതിനു ശേഷം ജി.ഡി.പി വളർച്ചയിൽ പുതിയൊരു രീതി തുടങ്ങി. ഇതെങ്ങനെ പോകുന്നു. മൂന്നു നാലു വർഷം മുമ്പ് ജി.ഡി.പി എന്താണെന്നു പോലും ആളുകൾക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ജനങ്ങൾ ശ്രദ്ധയോടെ നോക്കിക്കാണുന്നു. എല്ലാ മൂന്നു മാസവും ഇതിന്റെ തോത് അറിയാനാകുന്നു. താങ്കൾ വാഗ്ദാനം ചെയ്ത അത്ര ഈ കാലയളവിനുള്ളിൽ നേടാനായില്ലെങ്കിൽ ചോദ്യം ചെയ്യപ്പെടുന്നു. ഇതാണോ പുതിയ ഒരു രീതി?
* താങ്കളുമായുള്ള അഭിമുഖത്തിന് തയാറെടുക്കുമ്പോൾ ഞാൻ ചിന്തിച്ചത് ഒരു പുതു ലോക ക്രമത്തെ കുറിച്ചാണ്. ഇതിൽ പുതുമയായി എനിക്ക് തോന്നിയതിനെ പി.ടി.എം എന്നു വിശേഷിപ്പിക്കാം. അതായത് പുടിൻ ട്രംപ് മോഡി. ഇതാണോ പുതു ലോക ക്രമം?
*2014ലെ അത്രത്തോളം ഊർജ്ജസ്വലത ഇപ്പോഴുമുണ്ടോ? പലപ്പോഴും ആളുകൾക്ക് ജോലി ചെയ്്ത് ഊർജ്ജസ്വലത നഷ്ടമാകാറുണ്ട്.
*ഒരു ഫക്കീറിനെ പോലെയാണ് താങ്കളുടെ ജീവിതം. സ്വയം വിശേഷിപ്പിക്കുന്നതും അങ്ങനെയാണ്. 1.25 കോടി ഇന്ത്യക്കാർ കുടുംബമാണെന്നും പറഞ്ഞു. താങ്കൾ അവധി എടുക്കാറില്ല. വിദേശ യാത്രകളിൽ രാത്രി ഉറക്കവും വിമാനത്തിലാണെന്ന് കേട്ടിട്ടുണ്ട്. ഈ പ്രായത്തിലും ഇത്രത്തോളം ഊർജ്ജം എങ്ങനെ ലഭിക്കുന്നു? ഈ പ്രായത്തിലും താങ്കളുടെ ഊർജ്ജം കണ്ട് ഇന്ത്യൻ യുവാക്കൾ പോലും നാണിച്ചു പോകും.
(കടപ്പാട്: സ്ക്രോൾ)






