ഗര്‍ഭിണി മരിച്ചു; കോവിഡ് വാക്‌സിന്‍ കാരണമാകാമെന്ന് ആശുപത്രി അധികൃതര്‍

കോട്ടയം- ഗര്‍ഭിണിയുടെ മരണത്തില്‍ ചികിത്സാപിഴവ് ആരോപിക്കുന്ന ബന്ധുക്കള്‍ക്ക് കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലമാകാമെന്ന് ആശുപത്രി അധികൃതരുടെ മറുപടി.
 കാഞ്ഞിരപ്പള്ളി സ്വദേശി മഹിമ മാത്യുവിന്റെ മരണത്തിലാണ് ബന്ധുക്കള്‍  പാലാ മാര്‍ സ്ലീവാ ആശുപത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വാക്‌സിന്റെ പാര്‍ശ്വഫലമായിരിക്കാം മരണകാരണമെന്ന ആശുപത്രിയുടെ വിശദീകരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണിയാണോ എന്ന സംശയത്തെ തുടര്‍ന്നാണ് ഓഗസ്റ്റ്  ആറിന് മഹിമ പാലാ മാര്‍സ്ലീവാ മെഡിസിറ്റിയിലെത്തിയത്.  പ്രഗ്‌നന്‌സി ടെസ്റ്റ് നടത്തിയ ശേഷം ഡോക്ടറുടെ അനുമതിയോടുകൂടി ആ ദിവസം തന്നെ മരങ്ങാട്ടുപിള്ളി പിഎച്ച്എസിയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചു. പിന്നാലെ രണ്ടുമാസം ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ വാക്‌സിനെടുത്ത് അഞ്ചുദിവസങ്ങള്‍ക്കുശേഷം ഓഗസ്റ്റ് 11 മുതല്‍ യുവതിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഓഗസ്റ്റ് 13 നും 14 നും ഇതേ സ്വകാര്യ അശുപത്രിയില്‍ തന്നെ ചികിത്സ തേടിയെങ്കിലും കൂടുതല്‍ പരിശോധനകള്‍ നടത്തി മരുന്ന് നല്‍കി യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചു. ഈ മാസം 15 ന് അബോധാവസ്ഥയിലായ മഹിമയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്ന മഹിമയ്ക്ക് ഓഗസ്റ്റ് 20 ന് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

മരണകാരണം വാക്‌സിന്റെ പാര്‍ശ്വഫലമാകാമെന്നാണ് ആശുപത്രി അധികൃതര്‍ മഹിമയുടെ കുടുംബത്തോട് പറഞ്ഞിരുന്നത്. മരണ സര്‍ട്ടിഫിക്കറ്റിലും ആശുപത്രി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ വാദം കുടുംബം വിശ്വസിക്കുന്നില്ല.

 

Latest News