ചെന്നൈ- താമസം മാറുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. ബെല്‍റ്റ് കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. വിരുദുനഗര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭര്‍ത്താവ് വിഘ്നേഷ്(35) കൊലപ്പെടുത്തിയത്. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറാണ് വിഘ്നേഷ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെ മധുരയിലേക്ക് താമസം മാറാന്‍ വിഘ്നേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മധുരയിലേക്ക് പോകാന്‍ ഭാനുപ്രിയ തയാറായില്ല. ഇതേച്ചൊല്ലി ദമ്പതിമാര്‍ പലതവണ വഴക്കിടുകയും ചെയ്തു. എട്ട് വര്‍ഷം മുമ്പാണ് ഭാനുപ്രിയയും വിഘ്നേഷും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് നാല് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനുമുണ്ട്.






