ഗുഡ്ഗാവ് - ഹരിയാനയിൽ നിന്ന് വീണ്ടുമൊരു ക്രൂര ബലാൽസംഗ വാർത്ത. 22കാരിയായ യുവതിയെ നാലംഗ സംഘം കാറിൽ നിന്ന് വലിച്ച് പുറത്തിറക്ക് ഭർത്താവിനും സഹോദരനും മുമ്പിലിട്ട് ബലാൽസംഗം ചെയ്തു. ഭർത്താവിനേയും സഹോദരനേയും തോക്കിൻ മുനയിൽ നിർത്തിയാണ് ഈ ക്രൂരകൃത്യം. ഗുഡ്ഗാവ് സെക്ടർ 56ലെ ബിസിനസ് പാർക്ക് ടവറിനു സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരു പരിപാടി കഴിഞ്ഞ് ഭർത്താവിനൊപ്പം ഭർതൃസഹോദരന്റെ കാറിൽ മടങ്ങുകയായിരുന്നു യുവതി.
യാത്രയ്ക്കിടെ മൂത്രമൊഴിക്കാനാണ് കാർ നിർത്തി യുവതിയുടെ ഭർത്താവ് പുറത്തിറങ്ങിയത്. ഈ സമയം രണ്ടു കാറുകൾ വന്ന് ഇവർക്കരികിൽ നിർത്തുകയും മദ്യപിച്ച നാലംഗ സംഘം പുറത്തിറങ്ങി ഇവിടെ കാർ നിർത്തിയത് ചോദ്യം ചെയ്തു. പ്രകോപനമൊന്നുമില്ലാതെ യുവതിയുടെ ഭർത്താവിനെ ഇവർ അടിച്ചു. കാറിനുള്ളിൽ യുവതിയെ കണ്ട സംഘത്തിലെ ഒരാൾ പിടിച്ചു വലിച്ചിറക്കുകയും സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാൽസംഗം ചെയ്തെന്നും പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഈ സമയമത്രയും ഭർത്താവിനേയും ഭർതൃസഹോദരനേയും മറ്റു മൂന്നു പേർ തോക്കിൻമുനയിൽ നിർത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ക്രൂരകൃത്യത്തിനു ശേഷം സംഭവം പോലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലം വിട്ടത്. ഇതിനിടെ സംഘത്തിന്റെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ ഭർത്താവ് കുറിച്ചെടുത്തതാണ് കേസിൽ തുമ്പായത്. ഇതുമായി അന്വേഷണം നടത്തിയ പോലീസ് ആക്രമികളെ പിടികൂടി. ഗു്ഡ്ഗാവിലെ സോഹ്നയ്ക്കടുത്ത ജോഹൽക്ക ഗ്രാമത്തിലെ വീട്ടിൽ നിന്നാണ് നാലു പേരേയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.