Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ്: നീരജിനപ്പുറം

ടോക്കിയൊ ഒളിംപിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം എന്താണ്? നിസ്സംശയം അത് നീരജ് ചോപ്ര പുരുഷ ജാവലിൻ ത്രോയിൽ നേടിയ സ്വർണം തന്നെയാണ്. ഒന്നേ കാൽ നൂറ്റാണ്ട് നീണ്ട ഒളിംപിക് ചരിത്രത്തിൽ ഇന്ത്യക്കാരന്റെ ആദ്യ അത്‌ലറ്റിക് മെഡലായിരുന്നു അത്. ഇന്ത്യയുടെ കായിക ചരിത്രത്തിൽ സ്റ്റാറിട്ട് സൂക്ഷിക്കേണ്ട നേട്ടം. 
മെഡലുകൾ അന്നന്നത്തെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. എതിരാളികളുടെ പ്രകടനത്തെയും. ഒരു പക്ഷേ ഏറ്റവും മികച്ച രീതിയിൽ കളിച്ചാലും വിജയിക്കണമെന്നില്ല. എതിരാളികൾ അതിനേക്കാൾ നന്നായി കളിച്ചെന്നു വരാം. മറ്റു ചിലപ്പോൾ നന്നായി കളിക്കാതെയും ജയിക്കാം, എതിരാളികൾ അതിനേക്കാൾ മോശമായാൽ. മെഡലുകളുടെ നിറം മാറ്റിനിർത്തി ടോക്കിയോയിലെ ഇന്ത്യൻ പ്രകടനം വിലയിരുത്തുമ്പോൾ നമുക്ക് കിട്ടുന്ന ചിത്രമെന്താണ്?
നീരജിന്റെ സ്വർണം
നീരജ് ചോപ്ര അത്യസാധാരണ പ്രകടനമാണ് ടോക്കിയോയിൽ നടത്തിയത്. ആദ്യ ഏറിൽ ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനലിലെ ആദ്യ ഏറ് തന്നെ സ്വർണം നേടാൻ പര്യാപ്തമായി. പക്ഷേ നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ത്രോയല്ല ടോക്കിയോയിലേത്. ഇതിനേക്കാൾ ദൂരത്തിൽ പലതവണ നീരജ് എറിഞ്ഞിട്ടുണ്ട്. ടോക്കിയോയിൽ എതിരാളികൾ മങ്ങിപ്പോയി. പ്രത്യേകിച്ചും അനായാസം 90 മീറ്റർ പിന്നിടാറുള്ള ജർമനിയുടെ യോഹാനെസ് വെറ്റർ. വെറ്റർ ലോക ഒന്നാം നമ്പറാണ്. നീരജ് ഒളിംപിക്‌സിന് എത്തിയത് ലോക പതിനാറാം നമ്പറായാണ്. റാങ്കിംഗിൽ നീരജിന് മുന്നിലുള്ള പലർക്കും ഒളിംപിക്‌സിന് യോഗ്യത നേടാനായില്ല. മറ്റുള്ളവർ ഒളിംപിക്‌സിൽ മങ്ങിപ്പോവുകയും ചെയ്തു.   
മികച്ച പ്രകടനം ആരുടേത്?


അവിനാശ് സാബ്്‌ലെയുടെ പേര് അധികമാരും കേട്ടിട്ടുണ്ടാവില്ല. 3000 മീറ്റർ സ്റ്റീപ്പിൾചെയ്‌സിൽ ഫൈനലിലേക്ക് പോലും യോഗ്യത നേടാൻ സാബ്്‌ലെക്കു സാധിച്ചിട്ടില്ല. എങ്കിലും ഒളിംപിക്‌സ് എന്ന മഹാവേദിയിൽ തന്റെ ഏറ്റവും മികച്ച ഓട്ടം കാഴ്ചവെച്ചിട്ടാണ് സാബ്‌ലെ മടങ്ങിയത്. ദേശീയ റെക്കോർഡ് തകർത്തിട്ടും ഫൈനലിലെത്താനായില്ലെന്നത് മറ്റൊരു കാര്യം. 
അതിനേക്കാൾ മികച്ച പ്രകടനമായിരുന്നു മൂന്ന് മലയാളികൾ ഉൾപ്പെട്ട 4-400 പുരുഷ റിലേ ടീമിന്റേത്. മലയാളികളായ മുഹമ്മദ് അനസും നോഹ് നിർമൽ ടോമും അമോജ് ജേക്കബും തമിഴ്‌നാട്ടുകാരൻ ആരോക്യ രാജീവുമടങ്ങുന്ന ടീം ഏഷ്യൻ റെക്കോർഡാണ് തകർത്തത്. അത്യസാധാരണ പ്രകടനമായിരുന്നു അത്. ഹീറ്റ് രണ്ടിൽ നാലാം സ്ഥാനത്തായിരുന്നു അവർ. 
മൊത്തം ഒമ്പതാം സ്ഥാനത്തും. ഫൈനലിലേക്ക് മുന്നേറാനാവാത്ത ടീമുകളിൽ ഏറ്റവും വേഗം ഇന്ത്യൻ ടീമിന്റേതായിരുന്നു. എന്നു മാത്രമല്ല, ആരോക്യയും അമോജും തങ്ങളുടെ ലെഗുകൾ ഓടിയത് 45 സെക്കന്റിൽ താഴെയാണ്. ആരോക്യ 44.84 സെക്കന്റിലും അമോജ് 44.68 സെക്കന്റിലും. ഇതിന്റെ പ്രാധാന്യമറിയണമെങ്കിൽ ഇതുവരെ ഇന്ത്യക്കാർ 400 മീറ്റർ ഓടിയ റെക്കോർഡ് പരിശോധിച്ചാൽ മതി. അനസിന്റെ പേരിലുള്ള 400 മീറ്റർ ദേശീയ റെക്കോർഡ് 45.21 സെക്കന്റാണ്. കേരളം പോലും ഈ പ്രകടനത്തെ ആഘോഷിച്ചില്ലെന്നത് മറ്റൊരു കാര്യം. വനിതാ ഡിസ്‌കസ് ത്രോയിൽ യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനക്കാരിയായി എത്തിയ കമൽപ്രീത് കൗറിന് ഫൈനലിൽ ആ പ്രകടനം ആവർത്തിക്കാനായില്ല. 
വെങ്കലത്തിന്റെ പകിട്ട്
ഒളിംപിക്‌സിൽ മെഡൽ നേടിയത് ഏഴ് പേരാണ്. ആറിനങ്ങളിലായിരുന്നു മെഡലുകൾ. ഗുസ്തിയിൽ രണ്ട് മെഡലുകൾ കിട്ടി. ഏഴ് പേരിൽ നിന്നും ഏതെങ്കിലുമൊരു മെഡൽ ഇന്ത്യ പ്രതീക്ഷിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ചും വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ പി.വി സിന്ധുവിൽ നിന്ന്. അതിന് കാരണം സിന്ധു നിലവിലെ ലോക ചാമ്പ്യനാണ്, റിയൊ ഒളിംപിക്‌സിലെ വെള്ളി മെഡലുകാരിയാണ്.  യാഥാർഥ്യമെന്തെന്നാൽ സിന്ധു ഒട്ടും ഫോമിലായിരുന്നില്ല. 2019 ഓഗസ്റ്റിലാണ് സിന്ധു ലോക ചാമ്പ്യനാവുന്നത്. 2020 ൽ ലോക ചാമ്പ്യൻഷിപ് നടന്നില്ല. അതിനു ശേഷം സിന്ധുവിന്റെ ഫോം പരിതാപകരമായിരുന്നു. അതിനു ശേഷം ഒരു ടൂർണമെന്റിൽ മാത്രമാണ് സിന്ധുവിന് ഫൈനലിലെത്താനായത്. ഈ വർഷത്തെ സ്വിസ് ഓപണിൽ, ഫൈനലിൽ കരൊലൈന മാരിനോട് ദയനീയമായി തോറ്റു. മാരിൻ പരിക്കു കാരണം ഒളിംപിക്‌സിൽ പങ്കെടുത്തില്ല. സിന്ധു മിക്ക ടൂർണമെന്റുകളിലും ആദ്യ റൗണ്ടുകളിൽ പുറത്തായി. ഒളിംപിക്‌സിൽ അതിശക്തരായ എതിരാളികളായിരുന്നു. ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത് ആതിഥേയ താരം അകാനെ യാമാഗുചിയെയായിരുന്നു. സെമി ഫൈനലിൽ മുൻ ഒന്നാം നമ്പർ തായ് സു യിംഗിനോട് പൊരുതിത്തോറ്റു. ലൂസേഴ്‌സ് ഫൈനലിലായിരുന്നു സിന്ധുവിന്റെ മികച്ച കളി. ചൈനയുടെ ഹെ ബിംഗ്ജിയാവോയെ തുടക്കം മുതൽ ആക്രമിച്ച് കീഴടക്കി. ബാഡ്മിന്റൺ പിന്തുടരുന്നവരെ സംബന്ധിച്ചിടത്തോളം സിന്ധുവിന്റെ വെങ്കലം അപ്രതീക്ഷിതമായിരുന്നു.  
ഗോൾഫിൽ അതിഥി അശോകിന്റെ പ്രകടനവും അത്യുജ്വലമായിരുന്നു. ലോകത്തിലെ മുൻനിര താരങ്ങൾക്കൊപ്പം ഇഞ്ചോടിഞ്ച് പൊരുതിയ ലോക ഇരുനൂറാം നമ്പറുകാരി അവസാനം വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. 
ഒന്നാം നമ്പർ ഫ്‌ളോപ്
ലോക ഒന്നാം നമ്പറായാണ് വിനേഷ് ഫോഗടും അമിത് പംഗലും ടോക്കിയോയിലെത്തിയത്. അമിത് ബോക്‌സിംഗിന്റെ 52 കിലോ വിഭാഗത്തിൽ ലോകകപ്പ് ചാമ്പ്യനായിരുന്നു. എന്നാൽ കൊളംബിയയുടെ യുബർജൻ മാർടിനേസിനോട് പംഗൽ ഒന്നു പൊരുതുക പോലും ചെയ്യാതെയാണ് കീഴടങ്ങിയത്. ഇന്ത്യയെ നാണംകെടുത്തിയ പ്രകടനമായിരുന്നു അത്. ഗുസ്തി 52 കിലോ വിഭാഗത്തിൽ വനേസ കലാദ്‌സിൻസ്‌കായക്കെതിരെ വിനേഷിന്റെ പ്രകടനവും നിറംകെട്ടതായിരുന്നു. അതേസമയം കഷ്ടിച്ച് വെങ്കലം നഷ്ടപ്പെട്ട ദീപക് പൂനിയയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. മുറിവേറ്റ് ചോരയൊലിച്ചിട്ടും ഇഞ്ചോടിഞ്ച് പൊരുതിയ ബോക്‌സർ സതീഷ് കുമാറും ഏറെ പ്രശംസ അർഹിക്കുന്നു. 
ഷൂട്ടിംഗും അമ്പെയ്ത്തും ഇന്ത്യ ഏറെ പ്രതീക്ഷ വെച്ച ഇനങ്ങളായിരുന്നു. 2008 ൽ അഭിനവ് ബിന്ദ്ര ഒളിംപിക് ചാമ്പ്യനാവുകയും 2010 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ വാരുകയും ചെയ്തതിനു ശേഷം ഇന്ത്യ ഏറ്റവുമധികം പണമൊഴുക്കിയ കളിയായിരുന്നു ഷൂട്ടിംഗ്. ഇത്തവണ മിക്‌സഡ് ടീമിനത്തിൽ രണ്ട് ഇന്ത്യൻ ടീമുകൾ മെഡൽ നേടുമെന്നു വരെ പ്രവചിക്കപ്പെട്ടു. ഷൂട്ടിംഗിന്റെ പൊലിമ കണ്ടാണ് ഇന്ത്യ മെഡൽ പട്ടികയിൽ മുൻനിരയിലെത്തുമെന്ന് കേന്ദ്ര മന്ത്രിമാർ ആവർത്തിച്ചുകൊണ്ടിരുന്നത്. റിയൊ ഒളിംപിക്‌സിൽ ഇന്ത്യ രണ്ടിനങ്ങളിൽ ഫൈനലിലെത്തിയെങ്കിൽ ഇത്തവണ ഇന്ത്യയുടെ വൻ സംഘത്തിൽ നിന്ന് ഒരേയൊരാളാണ് ഫൈനലിൽ പോലും പ്രവേശിച്ചത്. ഒന്നാം സ്ഥാനത്തോടെ യോഗ്യതാ റൗണ്ട് പിന്നിട്ട സൗരഭ് ചൗധരി ഫൈനലിൽ ഏഴാം സ്ഥാനത്തായി. അമ്പെയ്ത്തിൽ ദീപികാകുമാരി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. 
ഹോക്കിയിലെ നേട്ടം
ഹോക്കിയിലെ വനിതകളുടെ വിജയം  എടുത്തു പറയേണ്ടതാണ്. പുരുഷ ടീം വെങ്കലം നേടി. ഇതിന്റെ ക്രെഡിറ്റ് മുഴുവൻ ഒഡിഷ സർക്കാരിനാണ്. ഹോക്കിയെ ആരും തിരിഞ്ഞുനോക്കാത്ത ഘട്ടത്തിൽ ടീമുകളെ സ്‌പോൺസർ ചെയ്യുകയും ലോകകപ്പുൾപ്പെടെ പ്രമുഖ ടൂർണമെന്റുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്ത ഒഡിഷ ഗവൺമെന്റാണ് രാജ്യത്ത് ഹോക്കിയുടെ പുനരുജ്ജീവനത്തിന് ചുക്കാൻ പിടിച്ചത്. പ്രമുഖ ടീമുകൾ വിട്ടുനിന്ന 1980 ലെ മോസ്‌കൊ ഒളിംപിക്‌സിൽ സ്വർണം നേടിയ ശേഷം സെമിയിൽ പോലുമെത്താനാവാതെ പ്രയാസപ്പെടുകയായിരുന്നു ഇന്ത്യ. 
ഭാവിയെങ്ങോട്ട്?
ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിംപിക്‌സായിരുന്നു ഇത്. ആറിനങ്ങളിലായി ഏഴ് മെഡലുകൾ.  ചില മന്ത്രിമാർ ആവേശം കൊള്ളുന്നത് ഇന്ത്യ പാരിസ് ഒളിംപിക്‌സിൽ 25 മെഡലുകൾ നേടുമെന്നാണ്. ഇന്ത്യ മുന്നോട്ടു തന്നെയാണ്, പക്ഷേ അതിനേക്കാൾ മുന്നേറുന്ന ഒരുപാട് ടീമുകളുണ്ട് എന്ന് നാം മറക്കുന്നു. 2012 ലെ ലണ്ടൻ ഒളിംപിക്‌സിലെ ആറ് മെഡലുകളിൽ നിന്ന് ഏഴിലെത്താൻ എട്ടു വർഷമെടുത്തു. അവിടെ നിന്ന് ഇരുപത്തഞ്ചിലെത്താൻ എത്ര വർഷമെടുക്കും.

Latest News