Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സിന്റെ രാഷ്ട്രീയം

കായിക വിജയങ്ങൾ സ്‌പോർട്‌സ് പ്രേമികളുടേത് മാത്രമല്ല. സ്‌പോർട്‌സിനോട് തരിമ്പും താൽപര്യമില്ലാത്തവർ പോലും ഒളിംപിക്‌സ് പോലുള്ള മഹാമേളകളിലെ വിജയങ്ങൾ അഭിമാന നേട്ടമായി ആഘോഷിക്കാറുണ്ട്. ഒരു കളിക്കാരന്റെയോ ടീമിന്റെയോ വിജയമായല്ല, രാജ്യത്തിന്റെ മൊത്തം വിജയമായാണ് അത് കരുതപ്പെടുന്നത്. ഇത് മറ്റാരേക്കാളും അറിയുന്നവരാണ് രാഷ്ട്രീയക്കാർ. കായികതാരങ്ങൾക്കൊപ്പമാണ് തങ്ങളെന്ന് വരുത്താനും അവരുടെ നേട്ടങ്ങളെ സ്വന്തം ജനപ്രീതി വർധിപ്പിക്കാൻ ഉപയോഗിക്കുന്നതും എക്കാലത്തും രാഷ്ട്രീയക്കാരുടെ അടവാണ്. എല്ലാ നേട്ടങ്ങളും ആരംഭിച്ചത് താൻ പ്രധാനമന്ത്രി ആയതു മുതലാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന നമ്മുടെ പ്രധാന സേവകൻ ഇക്കാര്യത്തിൽ ഒരു പടി മുന്നിലാണ്.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ സംഗമിക്കുന്ന രണ്ട് വേദികളേയുള്ളൂ, യു.എന്നും ഒളിംപിക്‌സും. യു.എന്നിൽ സംഗമിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണ്. അതിൽ ഒരുപാട് ഏകാധിപതികളുണ്ട്. ബഹുഭൂരിഭാഗവും പുരുഷന്മാരും സമ്പന്നരുമാണ്. എന്നാൽ ഒളിംപിക്‌സിൽ പങ്കെടുക്കുന്നവരിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിമുള്ളവരുണ്ട്. ജനതയുടെ പരിഛേദമാണ് അവിടെ സംഗമിക്കുന്നത്. അതുകൊണ്ടു തന്നെ ഒളിംപിക്‌സ് രാഷ്ട്രീയമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ജനസമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ രാഷ്ട്രീയ പ്രശ്‌നങ്ങൾ മറച്ചുപിടിക്കാൻ ഭരണകൂടങ്ങൾ ഒളിംപിക്‌സിനെ മറയാക്കിയിട്ടുണ്ട്.  


1896 ലെ പ്രഥമ ആധുനിക ഒളംപിക്‌സിലും 1906 ലെ ഇടക്കാല ഒളിംപിക്‌സിലും ഗ്രീക്ക് രാജകുടുംബത്തിന്റെ സാന്നിധ്യം പ്രകടമായിരുന്നു. ആഘോഷങ്ങളിൽ ഭാഗഭാക്കാവാൻ അവർ പ്രത്യേക താൽപര്യം കാട്ടി. ഗ്രീസിൽ കലാപം അരങ്ങേറുന്ന സമയത്താണ് 1906 ലെ ഇടക്കാല ഗെയിംസ് അരങ്ങേറിയത്. 1908 ലെ ലണ്ടൻ ഒളിംപിക്‌സിൽ ബ്രിട്ടിഷ് രാജകുടുംബവും 1912 ലെ സ്റ്റോക്ക്‌ഹോം ഒളിംപിക്‌സിൽ സ്വീഡനിലെ ഗുസ്താവ് രാജാവും ഗെയിംസിന്റെ മുഖമാവാൻ എല്ലാ ശ്രമവും നടത്തി. 1936 ലെ ബെർലിൻ ഒളിംപിക്‌സ് ആര്യൻ മേധാവിത്തത്വത്തിന്റെ വിളംബരമാക്കി മാറ്റാനുള്ള ഏറ്റവും മികച്ച അവസരമായാണ് അഡോൾഫ് ഹിറ്റ്‌ലർ കണ്ടത്. ആര്യൻ മേധാവിത്വത്തിന്റെ പൊള്ളത്തരം ജെസി ഓവൻസ് എന്ന കറുത്ത അമേരിക്കക്കാരന്റെ കായിക പ്രതിഭക്കു മുന്നിൽ പൊലിഞ്ഞുപോയി എന്നത് മറ്റൊരു കാര്യം. 
1968 ലെ മെക്‌സിക്കൊ ഒളിംപിക്‌സിലാണ് കളിയുടെ രാഷ്ട്രീയം ഏറ്റവുമധികം ചർച്ചാവിഷയമായത്. അമേരിക്കയിൽ കറുത്തവൻ നേരിടുന്ന വിവേചനം ലോക ശ്രദ്ധയിൽ കൊണ്ടുവരാൻ രണ്ട് അമേരിക്കൻ താരങ്ങൾ തീരുമാനിച്ചു. അമേരിക്കൻ പതാക വാനിലുയരവേ വിജയപീഠത്തിൽ നിന്ന് ടോമി സ്മിത്തും ജോൺ കാർലോസും തലതാഴ്ത്തി കറുത്ത കൈയുറ ധരിച്ച മുഷ്ടി ഉയർത്തിക്കാട്ടി. സ്മിത്തിനെയും കാർലോസിനെയും ഉടനടി ഗെയിംസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. 1936 ൽ ബെർലിനിൽ ജർമൻ അത്‌ലറ്റുകൾ വിജയപീഠത്തിൽ നാസി സല്യൂട്ട് ചെയ്തതും പല ഒളിംപിക്‌സുകളിലും അമേരിക്കൻ താരങ്ങൾ ദേശീയ ഗാനസമയത്ത് നെഞ്ചിൽ കൈവെച്ചതും പ്രശ്‌നമായില്ല. കാരണം അവർ ഭരണകൂടത്തിന് അനുകൂലമായാണ് പ്രതികരിച്ചത്. സ്മിത്തിന്റെയും കാർലോസിന്റെയും പ്രതിഷേധം ഭരണകൂടങ്ങൾക്കെതിരെയായിരുന്നു. ഒളിംപിക്‌സിന്റെ രാഷ്ട്രീയം അവിടെ പ്രകടമാണ്. രാജ്യാന്തര ഒളിംപിക് കമ്മിറ്റി എന്നും ഭരണ കൂടങ്ങൾക്ക് ഒപ്പമാണ്. 
1972 ലെ മ്യൂണിക് ഒളിംപിക്‌സിനിടെ ഫലസ്തീൻ ഗറില്ലകൾ ഒളിംപിക് ഗ്രാമത്തിൽ കടന്ന് ഇസ്രായിലി അത്‌ലറ്റുകളെ ബന്ദികളാക്കിയത് ഏറ്റവും പ്രത്യക്ഷമായ രാഷ്ട്രീയ ഇടപെടലായി. അത് ഫലസ്തീൻ സമരത്തിന് ഒരു ഗുണവും ചെയ്തില്ലെന്നു മാത്രമല്ല, ഇസ്രായിലിലെ അധിനിവേശ ഭരണകൂടത്തോട് അനുഭാവം വളർത്തുകയും ചെയ്തു.  
1956 ലാണ് ഒളിംപിക്‌സ് ആദ്യമായി ബഹിഷ്‌കരിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനമായിരുന്നു പ്രശ്‌നം. ദക്ഷിണാഫ്രിക്കയിൽ ന്യൂസിലാന്റിന്റെ റഗ്ബി ടീം കളിച്ചുവെന്നും അതിനാൽ ന്യൂസിലാന്റിനെ ഒളിംപിക്‌സിൽ പങ്കെടുപ്പിക്കരുതെന്നുമാവശ്യപ്പെട്ട് ആഫ്രിക്കൻ രാജ്യങ്ങളാണ് വിട്ടുനിന്നത്. ആഫ്രിക്കൻ ബഹിഷ്‌കരണം വലുതായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർക്ക് അതിന്റെ സാധ്യത മനസ്സിലായി. 
1980 ലെ മോസ്‌കൊ ഒളിംപിക്‌സ് ബഹിഷ്‌കരിക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ കാർട്ടർ സമ്മർദം ചെലുത്തി. തന്റെ ജനപ്രീതി വർധിപ്പിക്കുകയായിരുന്നു കാർട്ടറുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാൻ അധിനിവേശത്തിന്റെ പേര് പറഞ്ഞായിരുന്നു ബഹിഷ്‌കരണം. മിക്ക രാജ്യങ്ങളും ബഹിഷ്‌കരണത്തിന് തയാറായില്ലെങ്കിലും അമേരിക്കൻ സമ്മർദത്തിനു മുന്നിൽ മറ്റു വഴിയില്ലായിരുന്നു. 
പരോക്ഷമായി ഇന്ത്യക്ക് അത് ഗുണം ചെയ്തു. ശക്തരായ എതിരാളികളുടെ അഭാവത്തിൽ ഇന്ത്യ ഹോക്കി സ്വർണം വീണ്ടെടുത്തു. സ്വാഭാവികമായും 1984 ലെ ലോസ്ആഞ്ചലസ് ഒളിംപിക്‌സ് സോവിയറ്റ് ചേരിയും ബഹിഷ്‌കരിച്ചു. നിരവധി അത്‌ലറ്റുകളുടെ വർഷങ്ങൾ നീണ്ട പ്രയത്‌നവും സ്വപ്‌നവുമാണ് ഈ രാഷ്ട്രീയ ബഹിഷ്‌കരണങ്ങളിൽ പൊലിഞ്ഞുപോയത്. 
ഒളിംപിക്‌സ് അന്നന്നത്തെ രാഷ്ട്രീയ മേൽക്കോയ്മകളുടെ പ്രദർശന വേദിയാണ്. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സിന്റെ പേരിൽ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരക്കെ ചർച്ചാ വിഷയമായി. എന്നാൽ 2012 ൽ ലണ്ടൻ ഒളിംപിക്‌സിന് വേദിയായപ്പോൾ, ഇല്ലാത്ത ആയുധത്തിന്റെ പേരു പറഞ്ഞ് ഇറാഖിനെ തകർക്കുകയും പശ്ചിമേഷ്യയിൽ കലാപങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിടുകയും ചെയ്ത ടോണി ബ്ലെയറിന്റെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടില്ല.   
ചിലപ്പോഴെങ്കിലും ഒളിംപിക്‌സ് ഗുണാത്മകമായ മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്. 1988 ൽ സോളിന് ഒളിംപിക്‌സ് അനുവദിച്ചതോടെയാണ് തെക്കൻ കൊറിയ ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് വന്നത്. എങ്കിലും ഒളിംപിക്‌സ് അന്നന്നത്തെ രാഷ്ട്രീയ മേധാവിത്വത്തിന് എടുത്തുപയോഗിക്കാവുന്ന ഉപകരണമായി തുടരുക തന്നെ ചെയ്യും.  

Latest News