അഫ്ഗാൻ അഭയാര്‍ത്ഥികള്‍ക്ക് എയര്‍പോര്‍ട്ട് തുറന്ന് നല്‍കി ബഹ്‌റൈന്‍ 

യുഎഇയിലെത്തിച്ച അഫ്ഗാന്‍ അഭയാര്‍ത്ഥികളെ അബുദബിക്കടുത്ത അല്‍ ദഫ്‌റ വ്യോമ താവളത്തില്‍ നിന്നും പാരീസിലേക്ക് കൊണ്ടു പോകാനായി ഫ്രഞ്ച് വ്യോമ സേനയുടെ യാത്രാ വിമാനത്തില്‍ കയറ്റുന്നു

മനാമ- അഫ്ഗാനില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന വിമാനങ്ങള്‍ക്ക് ട്രാന്‍സിറ്റ് സൗകര്യങ്ങള്‍ക്കായി തങ്ങളുടെ എയര്‍പോര്‍ട്ട് ഉപയോഗിക്കാമെന്ന് ബഹ്‌റൈന്‍ അറിയിച്ചു. അഫ്ഗാനില്‍ നിന്ന് അഭയം തേടി പോകുന്നവരെ അമേരിക്കന്‍ സൈന്യം ഒഴിപ്പിച്ച് ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിലെത്തിച്ചിരുന്നു. ഇവിടെ യുഎസ് സൗകര്യക്കുറവ് നേരിടുന്നുണ്ട്. ഇതിനിടെയാണ് ബഹ്‌റൈന്‍ വിമാനത്താവളം തുറന്നു നല്‍കിയത്. യുഎസ് നേവിയുടെ ഫിഫ്ത്ത് ഫ്‌ളീറ്റ് ബഹ്‌റൈനിലാണ്. 

അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ച് വിദേശത്തേക്ക് കൊണ്ടു പോകുന്ന 5000 അഫ്ഗാന്‍ പൗരന്മാര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് യുഎഇ അറിയിച്ചിരുന്നു. യുഎസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണിത്. ഈ അഭയാര്‍ത്ഥികളെ പിന്നീട് യുഎഇയില്‍ നിന്നും വിദേശത്തേക്ക് കൊണ്ടു പോകും. വരും ദിവസങ്ങളില്‍ ഈ അഭയാര്‍ത്ഥികള്‍ കാബൂളില്‍ നിന്നും യുഎസ് സൈനിക വിമാനത്തില്‍ യുഎഇയിലെത്തും. യുഎഇ ഇതുവരെ 8500 അഫ്ഗാനികളെ സ്വന്തം വിമാനങ്ങളില്‍ വിവിധ എയര്‍പോര്‍ട്ടുകളിലെത്തിച്ചിട്ടുണ്ട്.
 

Latest News