അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് അഭയമൊരുക്കുമെന്ന് യുഎഇ

ദുബായ്- അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് ഇടം നല്‍കുമെന്ന പ്രഖ്യാപനവുമായി യുഎഇ. ആദ്യഘട്ടത്തില്‍ അയ്യായിരം പേര്‍ക്ക് അഭയം നല്‍കുമെന്ന് യുഎഇ വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി. യുഎസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. യുഎസ് വിമാനങ്ങളിലാകും അഭയാര്‍ത്ഥികളെ യുഎഇയിലെത്തിക്കുക.എല്ലാ കാലത്തും സമാധാനമാണ് യുഎഇ ആഗ്രഹിച്ചിട്ടുള്ളത്. അനിശ്ചിതത്വത്തിന്റെ വേളയില്‍ അഫ്ഗാന്‍ ജനതയെ സഹായിക്കേണ്ടതുണ്ട്' തീരുമാനം അറിയിക്കവെ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഷംസി പറഞ്ഞു. 10 ദിവസത്തേക്കാണ് താല്‍ക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കുകയെന്ന് യുഎഇ അധികാരികള്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയെ സഹായിച്ച സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. ഇവരെ അമേരിക്കയില്‍ എത്തിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് വരെ 18000 പേരെ അഫ്ഗാനില്‍ നിന്ന് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
 

Latest News