Sorry, you need to enable JavaScript to visit this website.

പ്രമേഹം: നിശ്ശബ്ദ കൊലയാളി

സാംക്രമികമല്ലാത്തതും വിട്ടുമാറാത്തതുമായ രോഗമാണ് പ്രമേഹം (ഡയബറ്റിസ് മെലിറ്റസ്). ഈ ജീവിത ശൈലീ രോഗം ഇന്ത്യയിലെ മിക്കവാറും വീടുകളിൽ ഇതിനോടകം പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമേഹ രോഗികളുടെ വർധന ആശങ്കാജനകമാണ്. വ്യായാമത്തിന്റെ അഭാവം, തെറ്റായ ഭക്ഷണ ശീലം, ഉദാസീനമായ ജീവിത ശൈലി എന്നിവയാണ് ഇതിനു കാരണം. ഗുരുതരമായ ജീവിത ശൈലീ രോഗമാണ് ടൈപ് 2 പ്രമേഹം. ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏകദേശം 250-300 എംജി/ഡിഎൽ ആകുമ്പോൾ ഒരു വ്യക്തിക്ക്  ക്ഷീണം, ഭാരക്കുറവ്, നിരന്തരമായ വിശപ്പ്, അമിതമായ ദാഹം, കൂടുതൽ തവണ മൂത്രമൊഴിക്കുന്നതിനുള്ള പ്രവണത തുടങ്ങിയവ അനുഭവപ്പെടാം.

പ്രമേഹത്തെ നിശ്ശബ്ദ കൊലയാളി എന്നു വിശേഷിപ്പിക്കാൻ കാരണം?
ടൈപ് 2 പ്രമേഹം കാലക്രമേണയാണ് ഉണ്ടാകുന്നത്. പ്രാരംഭ ഘട്ടത്തിൽ രോഗികൾക്ക് അത് മനസ്സിലാകില്ല.  അതിനാൽ കൂടുതൽ പ്രാവശ്യം മൂത്രമൊഴിക്കുന്നതിനുള്ള പ്രവണത, അമിതമായ ദാഹം, കാഴ്ച മങ്ങൽ, മുറിവ് ഉണങ്ങാനുള്ള കാലതാമസം, അല്ലെങ്കിൽ തുടർച്ചയായുളള അണുബാധകൾ എന്നിവയുണ്ടെങ്കിൽ അവയെ മുന്നറിയിപ്പായി കരുതണം. 
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾ അനുഭവിക്കുകയാണെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലം വർധിച്ച തോതിൽ നിലനിൽക്കുകയാണെങ്കിൽ മറ്റു ഗുരുതര പ്രശ്‌നങ്ങൾക്ക് ചിലപ്പോൾ കാരണമായേക്കാം. വൃക്ക തകരാറുകൾ, കാഴ്ച കുറയൽ, ഹൃദ്രോഗം, പക്ഷാഘാതം, വേദനയേറിയ അല്ലെങ്കിൽ മരവിപ്പുള്ള കാൽ, കാൽ മുറിക്കൽ,  കടുത്ത അണുബാധയ്ക്കുള്ള സാധ്യത എന്നിവയ്ക്ക് അനിയന്ത്രിതമായ പ്രമേഹം കാരണമാകും.  രോഗികളിലെ ഗുരുതരാവസ്ഥയ്ക്കും മരണ നിരക്ക് വർധിക്കുന്നതിനും പ്രമേഹം കാരണമാകുന്നതിനാലാണ് പ്രമേഹത്തെ നിശ്ശബ്ദ കൊലയാളിയെന്ന് വിശേഷിപ്പിക്കുന്നത്.

പ്രമേഹ സാധ്യത?
ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹമുള്ളവരുള്ളത് ഇന്ത്യയിലാണ്.  ടൈപ് 2 പ്രമേഹം ഉണ്ടാകുന്നതിനുള്ള അടിസ്ഥാന ഘടകങ്ങൾ താഴെ സൂചിപ്പിക്കുന്നു.

പാരമ്പര്യം
ഹൃദ്രോഗം / പക്ഷാഘാതം
ഉയർന്ന രക്തസമ്മർദം/ കൊളസ്‌ട്രോളിന്റെ ഹാനികരമായ തോത്
 ബോഡി മാസ് ഇൻഡെക്‌സ് >25k-g/m2
 ശാരീരികമായ ഉദാസീനത
നാൽപത്തിയഞ്ച് വയസ്സിലധികം പ്രായം
പ്രസവ സംബന്ധമായി പ്രമേഹം/ പിസിഒഎസ് ഉണ്ടായിരുന്ന സ്ത്രീകൾ

പ്രമേഹ സാധ്യത കുറയ്ക്കാനാകുന്ന ഘടകങ്ങൾ?
പ്രമേഹം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യക്കാരായതിനാൽ പ്രമേഹ സാധ്യത ഏറെയാണ്. പ്രമേഹമുള്ള കുടുംബ പശ്ചാത്തലമുണ്ടെങ്കിലും സാധ്യത കൂടും.  താഴെ പറയുന്ന കാര്യങ്ങൾ അനുവർത്തിക്കുന്നതിലൂടെ ടൈപ് 2 പ്രമേഹം തടയുന്നതിനോ, ഉണ്ടാകുന്നത് വൈകിപ്പിക്കുന്നതിനോ സാധിക്കും.
ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. കൊഴുപ്പും എണ്ണയും അധികം ചേർന്ന (ജങ്ക് ഫുഡ്) ഭക്ഷണം ഒഴിവാക്കുക. നിരന്തരം വ്യായാമം ശീലമാക്കുക. പിരിമുറുക്കം ഒഴിവാക്കുക.
മദ്യപാനം കുറയ്ക്കുക, പുകവലി ഒഴിവാക്കുക. വർഷത്തിൽ ഒരിക്കലെങ്കിലും പ്രമേഹ പരിശോധനയ്ക്ക് വിധേയമാവുക.

പ്രമേഹം ഭേദമാകുമോ?
 പ്രമേഹം  ഭേദമാക്കാനാകും. ടൈപ് 2 പ്രമേഹം അതിന്റെ പ്രാരംഭ ഘട്ടത്തിലുള്ള  കുറച്ച്  രോഗികളിൽ അഞ്ചു മുതൽ 15 ശതമാനം വരെ ഭാരം കുറയ്ക്കൽ, വ്യായാമം, കുറഞ്ഞ കലോറി ഭക്ഷണക്രമം എന്നിവയിലൂടെ ഭേദമാക്കാനാകും. പ്രമേഹം ഒരു വിട്ടുമാറാത്ത രോഗമാണെങ്കിലും ശരിയായ പരിചരണത്തിലൂടെയും മുൻകരുതലുകളിലൂടെയും അതിന്റെ സങ്കീർണതകൾ തടയാൻ കഴിയും.

(തിരുവനന്തപുരം ജിജി ഹോസ്പിറ്റലിലെയും ശ്രീഗോകുലം മെഡിക്കൽ കോളേജിലേയും കൺസൾട്ടന്റ് എൻട്രോക്രൈനോളജിസ്റ്റാണ് ലേഖകൻ)
 

Latest News