Sorry, you need to enable JavaScript to visit this website.

അഭിനയ മോഹവുമായി നിജ കെ. അനിലൻ

വെള്ളിത്തിരയിൽ അങ്കം കുറിക്കാനുള്ള അവസരവും കാത്ത് സിനിമാ മോഹങ്ങളുമായി കഴിയുന്ന പ്രവാസി കലാകാരിയാണ് നിജ കെ. അനിലൻ. പ്രൊഫഷൻ കൊണ്ട് എൻജിനീയറാണെങ്കിലും നൃത്തനൃത്യങ്ങളുടെയും അഭിനയത്തിന്റെയും ലോകമാണ് നിജയുടെ സ്വപ്‌നം.
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടക്കടുത്ത് തളിയക്കോണം ഗ്രാമത്തിൽ ഷാജിദ, അനിലൻ ദമ്പതികളുടെ സീമന്ത പുത്രിയായ നിജ സ്‌കൂൾ തലം തൊട്ടേ കലാ സാഹിത്യ പ്രവർത്തനങ്ങളിൽ തൽപരയായിരുന്നു. നിജയിലെ ഡാൻസുകാരിയെ ആദ്യം തിരിച്ചറിഞ്ഞത് ഒരു പക്ഷേ മാതാപിതാക്കൾ തന്നെയാകാം. അങ്ങനെ സീനത്ത്, സക്കീർ ഹുസൈൻ എന്നീ അധ്യാപകരുടെ മേൽനോട്ടത്തിൽ നൃത്തമഭ്യസിപ്പിക്കുകയും പല പരിപാടികൾക്കും കൊണ്ടുപോവുകയും ചെയ്യുമായിരുന്നു.
ചെറുപ്പത്തിലേ കഌസിക്കൽ നൃത്തമഭ്യസിച്ചതാണ് എല്ലാ പ്രകടനങ്ങൾക്കും അടിസ്ഥാനമായത്. നാടൻ പാട്ടുകൾക്കനുസരിച്ചും സിനിമാ പാട്ടുകൾക്കനുസരിച്ചുമൊക്കെ നൃത്തച്ചുവടുകൾ വെക്കുമ്പോൾ കഌസിക്കൽ നൃത്തമഭ്യസിച്ചത് ഏറെ സഹായകമായിട്ടുണ്ട്.
സ്‌കൂൾ തലത്തിൽ ഡാൻസിന് നിരവധി തവണ സമ്മാനങ്ങൾ നേടിയ നിജ സ്‌കൂൾ യുവജനോൽസവങ്ങളിൽ ജില്ലാതലം വരെയെത്തിയിരുന്നു. ഗിത്താർ വായിക്കാനും പഠിച്ചെങ്കിലും കാര്യമായ പ്രാക്ടീസ് ചെയ്യുവാനോ പെർഫോം ചെയ്യുവാനോ മെനക്കെട്ടില്ല. സ്‌കൂൾ കാലത്ത് കഥാപ്രസംഗത്തിലും ഒരുകൈ പരീക്ഷിച്ചിട്ടുണ്ട്.


ഗിന്നസ് റെക്കോർഡ് ലക്ഷ്യം വെച്ച് നാട്ടിൽ തനിമ സംഘടിപ്പിച്ച തിരുവാതിരക്കളിയുടെ കോർഡിനേറ്ററായിരുന്ന നിജ പല വേദികളിലും നൃത്തം ചെയ്തിട്ടുണ്ട്.
കരുവണ്ണൂർ സെന്റ് ജോസഫ് സി.ജി ഹൈസ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി പൂർത്തിയാക്കിയ നിജ മുകുന്ദപുരം പബഌക് സ്‌കൂളിൽ നിന്നാണ് പ്ലസ് ടു പഠിച്ചത്. തുടർന്ന് മംഗലാപുരത്തെ പ്രശസ്തമായ സഹ്യാദ്രി എൻജിനീയറിംഗ് കോളേജിൽ നിന്നും ബി.ടെക് പൂർത്തിയാക്കി.
എൻജിനീയറിംഗ് കഴിഞ്ഞ് കരിയറിനെക്കുറിച്ചാലോചിച്ചപ്പോൾ ആദ്യമെത്തിയത് അധ്യാപക ജോലിയായിരുന്നു. ക്രൈസ്റ്റ് വിദ്യാനികേതൻ സ്‌കൂളിലാണ് അധ്യാപനം തുടങ്ങിയത്. തുടർന്ന് അവരുടെ തന്നെ എൻജിനീയറിംഗ് കോളേജിൽ അധ്യാപികയായി.
അച്ഛൻ ദീർഘകാലം പ്രവാസിയായതുകൊണ്ടാകാം പ്രവാസമൊന്നു പയറ്റി നോക്കാമെന്നാലോചിച്ചത്. 2015 ലാണ് വലിയ സ്വപ്‌നങ്ങളുമായി കടൽ കടന്ന് ഖത്തറിലെത്തിയത്. കുറച്ചു കാലം എൻജിനീയറായും കമ്പനി അഡ്മിനിസ്‌ട്രേഷനിലുമൊക്കെ ജോലി ചെയ്‌തെങ്കിലും വിദ്യാഭ്യാസ മേഖലയാണ് തനിക്ക് ഏറ്റവും അനുയോജ്യമെന്ന് തിരിച്ചറിഞ്ഞു. തന്റെ കലാവാസനയും പ്രകടനങ്ങളുമൊക്കെ പൊടി തട്ടിയെടുക്കാനും ജീവിതം കൂടുതൽ സജീവമാക്കാനും അവസരങ്ങൾ ലഭിക്കുമെന്നത് തന്നെയാണ് എഡ്യൂക്കേഷൻ സെന്ററുകളിലേക്ക് ജോലി മാറുവാൻ നിജയെ പ്രേരിപ്പിച്ച പ്രധാന ഘടകം. അങ്ങനെയാണ് ലേണേഴ്‌സ് എഡ്യൂക്കേഷൻ സെന്റർ, കലാ മണ്ഡലം ഖത്തർ എന്നിവിടങ്ങളിലെത്തിയത്. ഇപ്പോൾ മെൽബൺ എഡ്യൂക്കേഷൻ സെന്റർ മാനേജറായാണ് നിജ ജോലി ചെയ്യുന്നത്.
ഖത്തറിലെ ചെറുതും വലുതുമായ നിരവധി വേദികളിൽ നിജ ഇതിനകം നൃത്തമവതരിപ്പിച്ചിട്ടുണ്ട്. അൽ ജസീറ ടെലിവിഷന്റെ ഒരു ഹ്രസ്വ ചിത്രത്തിലും ഖത്തർ നാഷണൽ തിയേറ്ററിന്റെ 'ബൽഖീസ് സമാധാനത്തിന്റെ പക്ഷി' അറബി നാടകത്തിലും പങ്കെടുത്തു.
വേൾഡ് മലയാളി കൗൺസിലിന്റെ യൂത്ത് ഫോറം സംഘടിപ്പിച്ച വൺ ഫെസ്റ്റിവലിൽ ഖത്തർ പ്രോവിൻസിൽ നിന്നും ഫോക് ഡാൻസിൽ ഒന്നാം സ്ഥാനം നിജക്കായിരുന്നു. ഖത്തർ ഓൺ ലൈൻ യൂത്ത് ഫെസ്റ്റിവലിന്റെ ഫോക് ഡാൻസിൽ രണ്ടാം സ്ഥാനം നേടിയ നിജ വിമൺ ഇന്ത്യ സ്ത്രീ ശക്തി സുരക്ഷ സംബന്ധിച്ച് നടത്തിയ പ്രസംഗ മൽസരത്തിലും ഒന്നാം സമ്മാനം നേടി.


പ്രശസ്ത നൃത്താധ്യാപകനും കൊറിയോഗ്രഫറുമായ ഡോ. സൂസൻ ഡിമസൂസൻ, ഖത്തറിലെ കലാകാരന്മാരായ നിസാം, ഷഫീഖ്, റിച്ചാൾഡ് കലാഭവൻ തുടങ്ങിയവരുമായി സഹകരിച്ച് ഖത്തറിലെ നിരവധി നൃത്തപരിപാടികളുടെ ഭാഗമാകാൻ നിജക്ക് അവസരം ലഭിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിലെ സജീവമായ കലാവിരുന്നുകളിലെ നിത്യസാന്നിധ്യമായിരുന്നു നിജ. മാൾ ഓഫ് ഖത്തറിലെ 360 ഡിഗ്രി തിയേറ്ററിൽ പരിപാടി അവതരിപ്പിക്കുവാൻ അവസരം ലഭിച്ച നിജ നിരവധി അറബി കല്യാണ പരിപാടികൾക്കും നൃത്തം ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ നിജ നേരത്തെ ടിക് ടോക്കിലായിരുന്നു ശ്രദ്ധ കേന്ദ്രകരിച്ചിരുന്നത്. എന്നാൽ ടിക് ടോക് പോസ്റ്റുകളുടെ ഫോക്കസ് മാറുന്നോ എന്ന ആശങ്കയെ തുടർന്ന് ഇൻസ്റ്റഗ്രാമിലേക്ക് മാറി. ിശഷമമിശഹീളളശരശമഹ1 എന്ന വിലാസത്തിൽ ഇൻസ്റ്റഗ്രാമിൽ സജീവമായ നിജക്ക് കുറഞ്ഞ മാസങ്ങൾക്കുള്ളിൽ 19,600 ഫോളോവേഴ്‌സിനെ ലഭിച്ചുവെന്നത് അവരുടെ സജീവമായ ഇടപെടലിനുള്ള സാക്ഷ്യപത്രമാണ്.


തിങ്ക് എഫ്.എം. ട്വന്റി ഫോർ ഇന്റു സെവൻ എന്ന ഫേസ് ബുക്ക് റേഡിയോയിൽ ആർ.ജെ ആയി നിജ ഖത്തറിൽ നിന്നും പ്രതിവാര പരിപാടികൾ അവതരിപ്പിക്കാറുണ്ട്
നിജയുടെ അമ്മ ഷാജിദ മുളൻകുന്നത്തുകാവ് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നഴ്‌സാണ്. അച്ഛൻ അനിലൻ മുൻ പ്രവാസിയാണ്. ഏക സഹോദരൻ നീരജ് കെ. അനിലൻ മലയാള സിനിമയിൽ സജീവമാണ്.
ിശഷമമിശഹമി67@ഴാമശഹ.രീാ എന്ന വിലാസത്തിൽ നിജയുമായി ബന്ധപ്പെടാം.

Latest News