Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ എന്‍.ഐ.എ പിടിയിലായ യുവതികള്‍; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കണ്ണൂര്‍- ഐ.എസ് ആശയപ്രചാരണത്തിന്റെയും റിക്രൂട്ട്‌മെന്റിന്റെയും പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ണൂരില്‍നിന്ന് അറസ്റ്റു ചെയ്ത യുവതികളില്‍ ഒരാളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ വനിതാ സ്ലീപിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. യുവതികളടക്കം ഏഴുപേരടങ്ങുന്ന സംഘം കശ്മീരില്‍ തീവ വാദപ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ പദ്ധതിയിട്ട വിവരവും പുറത്തുവന്നു.
കണ്ണൂര്‍ താണ സ്വദേശിനികളായ ഷിഫ ഹാരിസ് ( 27), മിസ്ഹസിദ്ദിഖ് (23) എന്നിവരുടെ ബന്ധങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പുതിയ വിവരങ്ങള്‍ ലഭിച്ചതെന്ന് പറയുന്നു. ഇവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ഇരുവരെയും    ദല്‍ഹി പട്യാല ഹൗസ് കോടതി ഏഴു ദിവസത്തേക്ക് എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കയാണ് ഇവരെ കണ്ണൂരിലടക്കം എത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന. കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസിന്റെ വനിതാ സ്ലിപ്പിംഗ് സെല്ലുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
എന്‍.ഐ.എയുടെ ഉന്നത സംഘമാണ് യുവതികളെ  ചോദ്യം ചെയ്തു വരുന്നത്.
ഐ. എസിലേക്ക് കേരളം, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടന്നതായി നേരത്തെ തന്നെ എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഇതിന് പുറമെയാണ് വനിതാ സ്ലീപ്പിംഗ് സെല്ലുകളെക്കുറിച്ചുള്ള വിവരം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരും കടുത്ത മതബോധം പ്രകടിപ്പിക്കുന്നവരും സമൂഹത്തില്‍ അധികം ഇടപെഴകാത്തവരെയും കണ്ടെത്തി സമൂഹമാധ്യമങ്ങള്‍ വഴിയാണ് കൂട്ടിയോജിപ്പിച്ചിരുന്നത്. പിടിയിലായവരില്‍ മിസ്ഹ ഐ.എസില്‍ ചേരുന്നതിന് ഇറാനിലെ ടെഹ്‌റാനില്‍ വരെ എത്തിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും മാസങ്ങളായി എന്‍.ഐ.എയുടെ സൈബര്‍ വിംഗിന്റെ നിരീക്ഷണത്തിലായിരുന്നു.
തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതിനായി  ജമ്മുകശ്മീരിലെ  ലോണെ എന്നയാള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതു സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ഇവരെ ആദ്യം ജമ്മുവില്‍ കൊണ്ടുപോയി തെളിവെടുക്കാനാണ് സാധ്യത.
     യുവതികളുടെ കണ്ണുരിലെ ബന്ധങ്ങളെക്കുറിച്ചും സമാന്തരമായി അന്വേഷണം നടക്കുന്നുണ്ട്. കണ്ണൂരില്‍ ഇരുവരും അയല്‍വാസികളോട് പോലും അടുത്തിടപെഴകിയിരുന്നില്ല. അതിനാല്‍ ആര്‍ക്കും ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. ഗള്‍ഫില്‍ വെച്ചാണ് ഇവര്‍ ഐ.എസ്.ആശയങ്ങളില്‍ ആകൃഷ്ടരായതെന്നാണ് സൂചന. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ സമാന ആശയക്കാരുമായി ബന്ധം സ്ഥാപിച്ചു. പിടിയിലായ യുവതികളില്‍ മിസ്ഹ, പ്ലസ് ടു വരെ കേരളത്തിലാണ് പഠനം നടത്തിയത്. പിന്നീട് ഗള്‍ഫില്‍ പോയി ഷാര്‍ജ സര്‍വ്വകലാശാലയില്‍ ഉപരി പഠനത്തിന് ചേര്‍ന്നെങ്കിലും  പാതി വഴിയില്‍ ഉപേക്ഷിച്ചു. അധ്യാപനത്തില്‍ ഡിപ്ലോമയുള്ള ഷിഫ ഹാരിസും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തീവ്രവാദ പ്രചാരണത്തിന്റെ വഴി സ്വീകരിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്‍.ഐ.എ ഡിവൈ.എസ്.പി കെ.പി.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും കണ്ണുരില്‍ വെച്ച് അറസ്റ്റു ചെയ്തതും കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ടു കരസ്ഥമാക്കി നാല് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ ദല്‍ഹിയില്‍ എത്തിച്ചത്.
        പിതൃസഹോദരനായ കണ്ണൂര്‍ കക്കാട് സ്വദേശി മുഷാബ് അന്‍വര്‍ വഴിയാണിവര്‍ ഐ.എസ് ബന്ധത്തിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ബഹ്‌റൈനില്‍ ആയിരുന്ന ഇയാള്‍ ഏറെ നാളുകളായി എന്‍.ഐ.എ യുടെ സൈബര്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ ദല്‍ഹിയിലെത്തിയപ്പോഴാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.എയുടെ പിടിയിലാവുന്നതും രാജ്യവ്യാപക റെയ്ഡിന് വഴിവെച്ചതും. കേരളം, കര്‍ണാടകം ഉള്‍പ്പെടെ, രാജ്യത്തെ 15 കേന്ദ്രങ്ങളിലാണ് അന്ന് ഒരേ സമയം റെയ്ഡ് നടന്നത്. ഇപ്പോള്‍ പിടിയിലായ കണ്ണൂര്‍ സ്വദേശിനികളുടെ വീടുകളിലും അന്ന് റെയ്ഡ് നടക്കുകയും ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. റെയ്ഡിന്റെ ഭാഗമായി എന്‍.ഐ.എ സംഘം ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതോടെയാണ് ഇവര്‍ നിരീക്ഷണത്തിലായത്.
സഹോദര പുത്രിമാരായ ഇരുവരും മറ്റുള്ളവരുമായി അധികം ബന്ധപ്പെട്ടിരുന്നില്ല. ഐഡന്റിറ്റി മറച്ചുവെക്കുന്നതിന്റെ ഭാഗമായി ഫേസ് ബുക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയും, അതേ സമയം, ഐ.എസ് ആശയപ്രചാരണത്തിനായി ടെലഗ്രാം, ഇന്‍സ്റ്റ ഗ്രാം, ഹൂപ്പ് തുടങ്ങിയവയില്‍ സജീവമാവുകയും ചെയ്തു. അടുത്തിടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരുന്നുവെങ്കിലും തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാനെത്തിയിരുന്നില്ല.
ജമ്മു കശ്മീരിലെ ആള്‍ക്ക് പുറമെ, ഐ.എസിന്റെ ദക്ഷിണേന്ത്യയിലെ ഐ.ടി സെല്‍ തലവനെന്നു കരുതുന്ന മുഹമ്മദ് അമീന്‍ എന്നയാള്‍ക്കും ഷിഫ ഹാരിസ് പണമയച്ചുകൊടുത്തതായുള്ള തെളിവുകള്‍ എന്‍.ഐ.എ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ പേജ് തുടങ്ങി, സ്ത്രീകളെയടക്കം ആകര്‍ഷിച്ച് ഐ.എസിന്റെ
സ്ലീപ്പിംഗ് സെല്ലുകള്‍ ആരംഭിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം. ഐ. എസില്‍ ചേരുന്നതിന് നേരത്തെ സിറിയയിലേക്ക് പോയ കണ്ണൂര്‍, കാസര്‍കോട് സ്വദേശികളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്.
                           

 

Latest News