സ്‌കൂളുകൾ തുറക്കുന്നു; ഇന്ത്യയിൽനിന്ന് അധ്യാപകർക്ക് നേരിട്ട് സൗദിയിലേക്ക് വരാൻ അനുമതിയായില്ല

റിയാദ്- സെപ്തംബറിൽ സൗദിയിലെ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുമെങ്കിലും നാട്ടിലുള്ള അധ്യാപകരും വിദ്യാർഥികളും നേരിട്ട് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. നിലവിൽ ഇന്ത്യക്ക് പുറത്ത് മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമാണ് അധ്യാപകർ സൗദിയിലെത്തുന്നതെങ്കിലും ഭാരിച്ച ചെലവ് കാരണം കുടുംബങ്ങളെ ഇവിടെയെത്തിക്കാൻ രക്ഷിതാക്കൾ തയ്യാറാവുന്നില്ല. ഇതോടെ സ്‌കൂളുകൾ തുറന്നാലും ഓൺലൈൻ പഠന സംവിധാനം നിലനിർത്തേണ്ടിവരുമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റുകളുടെ അഭിപ്രായം.
ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ പോയി തിരിച്ചുവരാൻ സാധിക്കാത്ത സ്‌കൂൾ സ്റ്റാഫിന്റെ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് എല്ലാ സ്‌കൂൾ അധികൃതരും നേരത്തെ സമർപ്പിച്ചിരുന്നു. ഇവരെ നേരിട്ട് സൗദിയിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിരുന്നു ഇത്. പിന്നീട് ഇതേ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ പല അധ്യാപകരും വിദ്യാർഥികളും ഖത്തർ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ വഴി സൗദിയിലെത്താനുള്ള ശ്രമത്തിലാണ്. അതേസമയം കഴിഞ്ഞാഴ്ച പ്രത്യേക അനുമതിയില്ലാതെ അധ്യാപകർ അടക്കമുള്ളവരുമായി സൗദിയിലെത്തിയ ഇന്ത്യയിലെ രണ്ട് സ്വകാര്യ എയർലൈനുകൾക്ക് വൻ തുക പിഴയും രണ്ടാഴ്ചത്തെ സർവീസ് വിലക്കും ഏർപ്പെടുത്തിയതായി വിവരമുണ്ട്. നിലവിൽ ആരോഗ്യപ്രവർത്തകരുമായുള്ള വിമാനങ്ങൾ മാത്രമേ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലെത്തുന്നുള്ളൂ.
സൗദി സർക്കാർ സ്‌കൂളുകൾ ഈ മാസം 29ന് തുറക്കുമെങ്കിലും ഇന്ത്യൻ സ്‌കൂളുകൾ സെപ്തംബർ 5,12 തുടങ്ങിയ പല തിയ്യതികളിലായാണ് തുറക്കുന്നത്.  ഏഴ് മുതലുള്ള ക്ലാസിലെ വിദ്യാർഥികളാണ് സ്‌കൂളുകളിൽ ഹാജറാകേണ്ടത്. ബാക്കിയുള്ള ക്ലാസുകൾ ഒക്ടോബർ 30 ന് ശേഷമായിരിക്കും തുറക്കുക. രണ്ടു ഡോസ് വാക്‌സിൻ പൂർത്തിയാക്കിയവർക്ക് മാത്രമേ സ്‌കൂളിൽ പ്രവേശനമുണ്ടാകൂവെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനിയും ധാരാളം കുട്ടികൾ വാക്‌സിനേഷൻ പൂർത്തിയാക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്.
പ്രിൻസിപ്പളായി രജിസ്റ്റർ ചെയ്തവരുടെ തവക്കൽനാ ആപ്ലിക്കേഷനിൽ സ്‌കൂളിലെ എല്ലാവരുടെയും ആരോഗ്യവിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം കഴിഞ്ഞ ദിവസം നിലവിൽ വന്നു. ഇതനുസരിച്ച് എത്ര കുട്ടികൾ വാക്‌സിനെടുത്തിട്ടുണ്ടെന്നും എത്ര പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും മറ്റും സ്‌കൂൾ അധികൃതർക്ക് അറിയാനാകും. 
അതേസമയം അറ്റകുറ്റ പണികളെല്ലാം പൂർത്തിയാക്കി ക്ലാസുകൾ നിശ്ചിത ദിവസങ്ങളിൽ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സ്‌കൂളധികൃതർ. സർക്കാറിന്റെ കൃത്യമായ നിർദേശങ്ങൾ വരും ദിവസങ്ങളിലുണ്ടാവുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഓഫ്‌ലൈനായി നടത്തുന്ന ക്ലാസുകൾ തത്സമയം ഓൺലൈനായി ക്ലാസിലെത്താത്തവർക്ക് വീക്ഷിക്കാനുള്ള സൗകര്യവും എല്ലാ സ്‌കൂളുകളും ഒരുക്കുന്നുണ്ട്. 

Latest News