കണ്ണൂര്‍- ഇ ബുള്‍ജെറ്റ് സഹോദരന്മാരായ എബിനും ലബിനുമെതിരെ വീണ്ടും പോലീസ് കേസെടുത്തു. കലാപത്തിന് പ്രേരണ നല്‍കിയെന്ന കുറ്റം നിലനില്‍ക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് കണ്ണൂര്‍ പോലീസ് ഇരുവര്‍ക്കുമെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രകോപന പോസ്റ്റുകളിട്ടവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തങ്ങള്‍ക്കെതിരെ ആസൂത്രണത്തോടെ വേട്ടയാടലാണ് നടക്കുന്നതെന്ന് ഇരുവരും ആരോപിച്ചതിനു പിന്നാലെയാണ് പോലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ചില മാഫിയകളാണ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി തങ്ങളെ കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം ഇരുവരും ആരോപിച്ചിരുന്നു.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പിന്തുണച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെ ഭിക്ഷണിപ്പെടുത്തിയതിനാണ് സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തില്‍ ഭീഷണി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരികയാണെന്നാണ് പോലീസ് വെളിപ്പെടുത്തി.
ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയ സംഭവത്തില്‍ നേരത്തെ കൊല്ലത്തും ആലപ്പുഴയിലും കേസെടുത്തിരുന്നു. എബിനും ലിബിനും കസറ്റഡിയിലിരിക്കെ കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് 17 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.