ചെന്നൈ- സി.ബി.ഐക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സ്വതന്ത്രമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇലക് ഷന്‍ കമ്മീഷനെയും സി.എ.ജിയെയും പോലെ കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും സി.ബി.ഐക്കു നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഇതിനു വേണ്ടി പ്രത്യേകം നിയമം കൊണ്ടുവരണമെന്നും കൂട്ടിലടച്ച തത്തയെ പറത്തിവിടേണ്ട സമയമായി എന്നും കോടതി നിരീക്ഷിച്ചു. എന്‍ കിരുബാകരന്‍, ബി പുഗലേന്തി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് നിര്‍ദേശം നല്‍കിയത്.
സി.ബി.ഐ കൂട്ടിലിട്ട തത്തയാണെന്ന നിരീക്ഷണം യു.പി.എ ഭരണകാലത്ത് സുപ്രീം കോടതിയാണ് ആദ്യമായി നടത്തിയത്.
വിവാദ കേസുകള്‍ വരുമ്പോഴും ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ ഉഴപ്പുന്നുവെന്ന് തോന്നുമ്പോഴും സി.ബി.ഐ അന്വേഷണത്തിന് വേണ്ടി ഇപ്പോഴും ആവശ്യം ഉയരുന്നുണ്ടെന്നും ഇത് സി.ബി.ഐക്ക് രാജ്യത്തുള്ള മതിപ്പിന്റെ ഉദാഹരണമാണെന്ന് കോടതി സൂചിപ്പിച്ചു. എന്നാല്‍ അടുത്ത കാലങ്ങളില്‍ ഒരു അന്വേഷണം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ മതിയായ സൗകര്യങ്ങളോ അന്വേഷണ ഉദ്യോഗസ്ഥരോ ഇല്ലെന്ന കാരണം കാണിച്ച് സി.ബിഐ അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഈ ഒഴിഞ്ഞുമാറല്‍ അന്വേഷണ ഏജന്‍സിക്ക് മതിയായ സ്വാതന്ത്ര്യം ഇല്ലെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ടെന്നും അത് മാറേണ്ട സമയമായെന്നും കോടതി പറഞ്ഞു.






