എസ്.എം.എ രോഗം ബാധിച്ച ഇരട്ടക്കുട്ടികള്‍ക്ക് യു.എ.ഇയില്‍ ജീന്‍ തെറാപ്പിയിലൂടെ പുതുജീവന്‍

അബുദാബി- അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്കുലാര്‍ അട്രോഫി വണ്‍ (എസ്.എം.എ) ബാധിച്ച ഇരട്ടക്കുട്ടികള്‍ക്ക് യു.എ.ഇയില്‍ ജീന്‍ തെറാപ്പിയിലൂടെ പുതുജീവന്‍. ഹംദാന്‍, അബ്ദുല്‍അസീസ് എന്നീ കുട്ടികളാണ് പ്രതീക്ഷകളോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയിലായിരുന്നു ചികിത്സ. ചലിക്കാനും ശ്വാസമെടുക്കാനും കുട്ടികള്‍ പ്രയാസപ്പെടുന്നത് കണ്ടാണ് മാതാപിതാക്കള്‍ ചികിത്സ തേടിയത്. ശ്വാസമെടുക്കുന്നത് ഉള്‍പ്പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പ്രയാസം നേരിടുകയും ക്രമേണ മരണം വരെ സംഭവിക്കുകയും ചെയ്യുന്ന അപൂര്‍വ രോഗമാണിത്. ഫെബ്രുവരിയിലാണ് കുട്ടികളുടെ ചികിത്സ ആരംഭിച്ചത്. കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് ഡോ. ഹുസൈന്‍ നാസര്‍ മാലിക്കിന്റെ മേല്‍നോട്ടത്തില്‍ വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.
മാര്‍ച്ച് മാസത്തില്‍ ജീന്‍ തെറാപ്പി ചികിത്സ ആരംഭിച്ചു. ഞരമ്പുകളുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയായിരുന്നു ആദ്യഘട്ടം. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ചികിത്സ കൊണ്ട് തന്നെ കുട്ടികളില്‍ വലിയ പുരോഗതിയുണ്ടായി. സ്വയം ശ്വസിക്കാനും ചെറിയ ചലനങ്ങള്‍ക്കും ഇവര്‍ക്ക് സാധിച്ചു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്ന ഞങ്ങള്‍ക്ക് ഇപ്പോഴത്തെ അവസ്ഥ ആശ്വാസകരമാണെന്ന് കുട്ടികളുടെ പിതാവ് റാഷിദ് അല്‍ഹസനി പറഞ്ഞു. ഭക്ഷണം കഴിക്കാനും കാലുകള്‍ ചലിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. ആദ്യ വാക്കുകളായി ബാബാ എന്ന് വിളിക്കുകയും ചെയ്തു. കുട്ടികളെ ചികിത്സിച്ച മെഡിക്കല്‍ ടീമിനും ദൈവത്തിനും മാതാപിതാക്കള്‍ നന്ദി പറഞ്ഞു.

 

Tags

Latest News