പാക്കിസ്ഥാനില്‍ ടിക് ടോക് താരമായ യുവതിയെ ആള്‍ക്കൂട്ടം മർദിച്ച് വസ്ത്രം കീറിപ്പറിച്ചു

ലാഹോര്‍- പാക്കിസ്ഥാനില്‍ സ്വാതന്ത്ര്യദിനത്തില്‍ പൊതു പാര്‍ക്കില്‍ നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ടിക് ടോക് താരമായ യുവതിയെ മര്‍ദിച്ച് വസ്ത്രം വലിച്ചുകീറി. വളഞ്ഞിട്ട് ആക്രമിച്ച ആള്‍ക്കൂട്ടം യുവതിയെ എടുത്തു പൊക്കി വായുവിലേക്ക് പലതവണ എറിയുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തില്‍ വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമണം. യുവതിയേയും കൂടെ ഉണ്ടായിരുന്നവരേയും ആള്‍ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. മിനാരെ പാക്കിസ്ഥാന്‍ സ്തൂപം നില കൊള്ളുന്ന ലാഹോറിലെ ഗ്രെയ്റ്റര്‍ ഇഖ്ബാല്‍ പാര്‍ക്കില്‍ ശനിയാഴ്ചയാണ് സംഭവം. 

400ഓളം പേര്‍ തങ്ങളെ വളഞ്ഞിട്ട് മര്‍ദിച്ചുവെന്നും പിടിവലിക്കിടെ വസ്ത്രം കീറിപ്പറിഞ്ഞെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്നെ എടുത്ത് വായുവിലേക്ക് എറിഞ്ഞതായും ഇവര്‍ പരാതിപ്പെട്ടു. താനും കൂടെയുണ്ടായിരുന്ന ആറു പേരുംആള്‍ക്കൂട്ടത്തില്‍ നന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൂട്ടത്തില്‍ പലരും തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം വളരെ വലുതായിരുന്നതിനാല്‍ നടന്നില്ല. ഇതിനിടെ തന്നെ എടുത്ത് വായുവിലേക്ക് എറിഞ്ഞു കൊണ്ടിരുന്നെന്നും യുവതി പറയുന്നു. തന്റെ മൊബൈല്‍ ഫോണും 15000 രൂപയും അക്രമികള്‍ തട്ടിപ്പറിച്ചതായും യുവതി പരാതിപ്പെട്ടു. 

ലാഹോര്‍ പോലീസ് ചൊവ്വാഴ്ച മാനഭംഗ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. തിരിച്ചറിയാത്ത നൂറുകണക്കിനാളുകളെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഇവരെ എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കുമെന്ന് പോലീസ് പറഞ്ഞു. 
 

Latest News