ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍

തൃശൂര്‍-ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍  മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു.  കരൂപ്പടന്ന മേപ്പുറത്ത് അലിയെ(65)  ആണ് കിടപ്പുമുറിയില്‍ പരിക്കേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്  ഭാര്യ സുഹറയെ (56 ) അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാലിയേറ്റീവ് കെയര്‍ സെക്രട്ടറി കൂടിയായ അലി തലക്കടിയേറ്റും വാരിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ്  ദാരുണമായി മരിച്ച  നിലയില്‍  കിടപ്പുമുറിയില്‍ കാണപ്പെട്ടത്. ഭാര്യയും ഭര്‍ത്താവും മാത്രം താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവ് മരിച്ചു കിടന്നത് ബാത് റൂമില്‍ തലയടിച്ചു വീണ പരിക്കു കൊണ്ടാണെന്നാണ് ഭാര്യ സുഹറ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ തൃശൂര്‍ റൂറല്‍ എസ്.പി.ജി. പൂങ്കുഴലിയുടെ   നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ.തോമസ്, ഇന്‍സ്‌പെക്ടര്‍ സുധീരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവ സ്ഥലത്തെത്തി ഭാര്യയടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. പിറ്റേന്ന് അലിയുടെ ഖബറടക്കം കഴിഞ്ഞ ഉടനെ ഭാര്യയെ കസ്റ്റഡിയിലെടുത്തു. കൃത്യമായ  തെളിവുകള്‍ നിരത്തിയുമുള്ള ചോദ്യം ചെയ്യലിനൊടുവില്‍ സുഹറ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയില്‍ നിന്ന് എടുത്ത മരവടി പിടിച്ചു വാങ്ങി  അലിയുടെ തലക്ക് അടി ക്കുകയായിരുന്നെന്നും സുഹറ പോലീസിനോടു പറഞ്ഞു .
അടി കൊണ്ടു വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നു ഭയന്ന് തുടരെ അടിച്ചെന്നും സുഹറ പോലീസിനോട് പറഞ്ഞു. കൃത്യം നടത്തിയ ശേഷം പുലര്‍ച്ചെ കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി ചവര്‍ കുനക്കിടയില്‍ ഒളിപ്പിച്ചതും സുഹറ തന്നെയാണ്. തെളിവെടുപ്പിനിടെ ഇത് ഇവര്‍  പോലീസിന് കാണിച്ചു കൊടുത്തു. ഞായറാഴ്ചയാണ് സുഹറ കുറ്റസമ്മതം നടത്തിയത്.

 

 

Latest News