കണ്ണൂർ- ആർ.എസ്.എസ് പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകം നടന്ന പേരാവൂർ മേഖലയിൽ മുസ്‌ലിം വിഭാഗങ്ങളുടെ വീടുകൾക്കു നേരെ വ്യാപക ആക്രമണം. കണ്ണവം, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലായി ഏഴു വീടുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. കണ്ണവത്ത് അഞ്ചും കൂത്തുപമ്പിൽ രണ്ടും വീടുകളാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമിച്ചത്.
കണ്ണവം, പൂഴിയോട്, പതിനേഴാം മൈൽ, ആലപ്പറമ്പ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ബോംബെറിഞ്ഞു ഭീതി പരത്തിയും വൈദ്യുതി ബന്ധം വിഛേദിച്ചുമായിരുന്നു ആക്രമണം. പൂഴിയോട് വലിയകത്ത് വീട്ടിൽ ഖദീജയുടെ വീട്ടിലെ മുൻ വാതിൽ തകർത്ത് അകത്തു കടന്ന അക്രമി സംഘം വീട്ടിനകത്തെ ഫ്രിഡ്ജ്, അലമാര, ടി.വി, കണ്ണാടി, മേശ തുടങ്ങി മുഴുവൻ സാധനങ്ങളും അടിച്ചു തകർത്തു. കഴിഞ്ഞ മാസമാണ് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സംഭവം നടക്കുമ്പോൾ ഖദീജയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്.
ആലപ്പറമ്പ് വടക്കെ തോട്ടത്തിൽ പോക്കാച്ചി അബ്ബാസിന്റെ വീട് ആക്രമിച്ചവർക്ക് മുൻവശത്തെ ഗ്രിൽസ് തകർക്കാൻ സാധിക്കാത്തതിനെത്തുടർന്ന് കുളിമുറി ഉൾപ്പെടെയുള്ളവയുടെ മൂന്നു വാതിലുകൾ തകർത്തു. പിന്നിലൂടെയെത്തി വീട്ടിനകത്തെ സാധനങ്ങൾ അടിച്ചു തകർത്തു. വീട്ടുപണിക്കായി കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച മൂന്ന് ലക്ഷം രൂപയും 25 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായും അബ്ബാസ് പരാതി നൽകിയിട്ടുണ്ട്. വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തീവെച്ചു നശിപ്പിക്കുകയും പൈപ്പ് ലൈൻ തകർക്കുകയും ചെയ്തു. തൊട്ടടുത്തുള്ള എ.ടി. കുഞ്ഞഹമ്മദിന്റെ വീടിനു നേരെയും ആക്രമണം നടന്നു. മുൻവശത്തെ ഗ്രിൽസ് തകർത്ത് അകത്തു കടന്ന സംഘം മുഴുവൻ സാധനങ്ങളും നശിപ്പിച്ചു. വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്കിനു തീയിട്ടു. ഇത് ഭാഗികമായി കത്തി നശിച്ചു. വീട്ടിൽനിന്നു 10,000 രൂപയും ബാങ്ക്, ആധാർ കാർഡുകളും നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
എടയാർ പതിനേഴാം മൈലിലെ വടക്കെ തോട്ടത്തിൽ അബ്ദുൽ സലാമിന്റെ വീട്ടിന്റെ വാതിൽ തകർത്ത് അകത്തു കടന്ന സംഘം ടി.വി, ഫ്രിഡ്ജ്, അലമാര, തുടങ്ങിയ ഉപകരണങ്ങൾ തകർക്കുകയും മോട്ടോർ അടക്കമുള്ളവ കിണറ്റിലിടുകയും ചെയ്തു. സലാമിന്റെ ഭാര്യ റഹ്മത്തിന്റെ അഞ്ചു പവൻ മാലയും അക്രമി സംഘം കവർന്നു. തൊട്ടടുത്തുള്ള വി.കെ. സൈനബയുടെ വീട്ടിന്റെ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചു തകർത്തു. മുഖംമൂടി ധരിച്ച സംഘമാണ് എല്ലായിടത്തും അക്രമം നടത്തിയത്. വീട്ടിലുണ്ടായിരുന്ന സ്ത്രീകളേയും കുട്ടികളേയും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു അക്രമവും കവർച്ചയും. കൂത്തുപറമ്പിനടുത്ത് തൊക്കിലങ്ങാടിയിൽ റഷീദ്, മൗവ്വേരിയിൽ എൻ. റയീസ് എന്നിവരുടെ വീടുകൾക്കു നേരെയും ആക്രമണം നടന്നു. റഷീദിന്റെ വീടിന്റെ ജനൽ ചില്ലുകൾ മുഴുവൻ തകർത്തു. അക്രമികളെ തടയാൻ ശ്രമിച്ച റഷീദിനു മർദ്ദനമേറ്റു. റയീസിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. കൈതേരി പതിനൊന്നാം മൈലിലെ ബാസിൽ, കുട്ടിക്കുന്നിലെ മുഹമ്മദ് എന്നിവർക്കു നേരെ ആക്രമണവുമുണ്ടായി.
പോലീസ് ശക്തമായ സുരക്ഷാ സംവിധാനമൊരുക്കി ജാഗ്രത പാലിക്കുന്നതിനിടെയുണ്ടായ അക്രമ സംഭവങ്ങൾ ജനങ്ങളിൽ ഭീതി പരത്തിയിട്ടുണ്ട്.






