Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യെമനിൽ ഭീകരപ്രവർത്തനം  അനുവദിക്കില്ലെന്ന് ഒ.ഐ.സി

ജിദ്ദയിൽ ഇന്നലെ ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽനിന്ന്‌

ജിദ്ദ-യെമനിൽ ഭീകരപ്രവർത്തനം അനുവദിക്കില്ലെന്ന് ജിദ്ദ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര സമ്മേളനം വ്യക്തമാക്കി. സൗദി തലസ്ഥാന നഗരിയിലേക്ക്  ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിൽ ജിദ്ദയിൽ ഒ.ഐ.സി സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉസൈമീൻ അധ്യക്ഷനായി. യെമനിലെ സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തുന്നതായും നിയമാനുസൃത പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയുടെ ഗവൺമെന്റിന് എല്ലാവിധ പിന്തുണയും നൽകാൻ ഒ.ഐ.സി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നയതന്ത്രനിയമവും യു.എൻ കരാർ അനുശാസിക്കുംവിധവും യെമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യും. മുൻ പ്രസിഡന്റ് അലി അബ്ദുല്ല അൽസ്വാലിഹ് ഉൾപ്പെടെ മുതിർന്ന രാഷ്ട്രീയ നേതാക്കന്മാരുടെ കൊലപാതകങ്ങൾ അടക്കം യാതൊരു നയതന്ത്രനിലപാടുകളും അംഗീകരിക്കാത്ത ഹൂത്തികളെ ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. 
ഹൂത്തികൾക്ക് സാമ്പത്തിക, ആയുധസഹായം നൽകി മേഖലയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നത് അപലപനീയമാണ്. യെമൻ പുനർനവീകരണത്തിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും നിലകൊള്ളുന്ന ഇസ്‌ലാമിക സഖ്യസേനയുടെ പ്രവർത്തനങ്ങളെ ഒ.ഐ.സി സെക്രട്ടറി ജനറൽ ശ്ലാഘിച്ചു. സൗദിയുടെ അഭ്യർഥന മാനിച്ചാണ് അടിയന്തിര സമ്മേളനം വിളിച്ചുചേർത്തതെന്നും അദ്ദേഹം പറഞ്ഞു. സൗദി അതിർത്തിപ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ നേർക്ക് നിരന്തരം ഷെല്ല് വർഷിക്കുന്നതിനെയും സൗദിയെ ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടത്തുന്നതിനെയും ഒ.ഐ.സി വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം അപലപിച്ചു. 
ഇത്തരം ആക്രമണങ്ങൾക്കെതിരെ അതിശക്തമായി മറുപടി നൽകും. യെമനിൽ സമാധാനം പുനഃസ്ഥാപിക്കാൻ യു.എൻ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും സമ്മേളനം വ്യക്തമാക്കി. 
യെമനിൽ അവശ്യസഹായം എത്തിക്കുന്നതിന് കിംഗ് സൽമാൻ റിലീഫ് സെന്ററിനോട് യോജിച്ച് പ്രവർത്തിക്കുമെന്നും ഒ.ഐ.സി വിദേശകാര്യമന്ത്രിതല സമ്മേളനം അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി സെക്രട്ടറി തല മീറ്റിംഗ് ചേർന്ന് അജണ്ട തയാറാക്കിയിരുന്നു.

 

Tags

Latest News