ദുബായ്- ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, കഫെകള്‍, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്ന ഹാള്‍ എന്നിവയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിച്ചു.
കഴിഞ്ഞദിവസം മുതല്‍ ഇതു നിലവില്‍ വന്നു. ഹോട്ടലുകളില്‍ പൂര്‍ണതോതില്‍ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബായ് വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞു.
റസ്‌റ്റോറന്റുകളിലും കഫെകളിലും ഒരേസമയം 80 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. രണ്ടു മേശകള്‍ തമ്മിലുള്ള അകലം ഒന്നര മീറ്ററാക്കി. നേരത്തെ രണ്ട് മീറ്ററായിരുന്നു. കോവിഡിന് മുമ്പുള്ള പോലെ ആളുകളെ പ്രവേശിപ്പിക്കാമെങ്കിലും അധികൃതര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഭക്ഷണശാലകള്‍ കര്‍ശനമായും പാലിക്കണമെന്ന് അറിയിച്ചു. വിനോദ പരിപാടികള്‍ പുലര്‍ച്ചെ 3 വരെ അനുവദിക്കും.
സിനിമാ തിയറ്റര്‍, റിക്രിയേഷന്‍ കേന്ദ്രങ്ങള്‍, പ്രദര്‍ശനം, മ്യൂസിയം എന്നിവയടക്കമുള്ള വിനോദ കേന്ദ്രങ്ങളിലും 80ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ബിസിനസ് പരിപാടികളില്‍ 100 ശതമാനം.
തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന സാമൂഹിക പരിപാടികളില്‍ 5,000 പേര്‍ക്കും അടച്ച സ്ഥലങ്ങളിലെ പരിപാടികളില്‍ 2,500 പേര്‍ക്കും പങ്കെടുക്കാം.