ജിദ്ദ- ജിദ്ദയിൽ കൊള്ളസംഘത്തിന്റെ കുത്തേറ്റ മലയാളിയുടെ നില ഭദ്രം. കുത്തേറ്റ മലപ്പുറം ഊർക്കടവ് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഉടൻ ചികിത്സക്ക് വിധേയനാക്കി. ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ് അൽ റായ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്യുന്ന മലപ്പുറം ഊർക്കടവ് സ്വദേശി മൊയ്തീന് കോയയുടെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മലപ്പുറം സ്വദേശിയെ കൊള്ള സംഘം കുത്തിക്കൊലപ്പെടുത്തി പണം കവർന്നിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് പുതിയ സംഭവം അരങ്ങേറിയത്.






