Sorry, you need to enable JavaScript to visit this website.

എറിയാൻ പിറന്നവൻ

ഇന്ത്യയുടെ കായികചരിത്രത്തിൽ ആർക്കും തുടച്ചുമാറ്റാനാവാത്ത സ്ഥാനമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. ഒളിംപിക് ചാമ്പ്യൻ, ഒളിംപിക് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യത്തെ മെഡലുകാരൻ. ഒളിംപിക് വിജയങ്ങൾക്കായി ദാഹിച്ച ഒരു രാജ്യത്തിന് ലഭിച്ച സുവർണ ബാലനാണ് നീരജ്. ആഘോഷങ്ങളിൽ വഴി തെറ്റിപ്പോയ പാരമ്പര്യം പല മുൻ ഒളിംപിക് മെഡലുകാർക്കുമുണ്ട്. പരമോന്നത കായിക ബഹുമതി നേടിയ ഒളിംപ്യൻ സുശീൽകുമാർ ഇപ്പോൾ ജയിലഴികൾക്കു പിന്നിലാണ്. നീരജിന്റെ നിലപാടുകൾ പക്ഷെ പ്രതീക്ഷ നൽകുന്നു. നീരജ് ചോപ്രയുമായി വിശദമായ അഭിമുഖം.... 


ചോ: ഒരുപാട് അഭിനന്ദനങ്ങളും പാരിതോഷികങ്ങളും നീരജ് ചോപ്രയെ തേടിവരികയാണ്. എന്താണ് തോന്നുന്നത്?


ഉ: എന്റെ ശ്രദ്ധ മത്സരങ്ങളിൽ മാത്രമാണ്. മത്സരങ്ങൾ നന്നായാലേ സ്‌പോൺസർമാരും പണവും പിന്നാലെ വരൂ. പ്രതിഫലങ്ങളും പാരിതോഷികങ്ങളും ശരിയായ വഴിയിൽ നിക്ഷേപിക്കണമെന്നാണ് ആഗ്രഹം. ആവശ്യമുള്ളവർക്ക് അത് ഉപകരിക്കണം. ഏറ്റവും വലിയ കാര്യം, വിജയം തലക്കു പിടിക്കരുത് എന്നാണ്. കളിയിൾ തുടർന്നും ശ്രദ്ധ പുലർത്തണം. അത്‌ലറ്റിക്‌സിൽ മെഡലിനായുള്ള ഇന്ത്യയുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാനായതിൽ സന്തോഷമുണ്ട്. അത്‌ലറ്റിക്‌സിൽ മാത്രമല്ല, പങ്കെടുത്ത മിക്ക ഇനങ്ങളിലും ഇത്തവണ മികച്ച പ്രകടനം നടത്താനായി. 

ചോ: ഒരു സിനിമാ താരത്തിന്റെ ആകാരസൗഷ്ടവമുണ്ട്. സിനിമാ കരിയർ ആഗ്രഹിക്കുന്നുണ്ടോ, ഒളിംപിക് വിജയത്തെക്കുറിച്ച് ബയോപിക് ഉണ്ടാവുമോ?

ഉ: അതൊന്നും മനസ്സിൽ പോലും വന്നിട്ടില്ല. ഇതെന്റെ ആദ്യ ഒളിംപിക്‌സാണ്. ഇപ്പോൾ എല്ലാ ശ്രദ്ധയും ജാവലിനിലാണ്, മറ്റൊന്നിലുമില്ല. ജീവിതത്തിൽ ഏതാനും അധ്യായങ്ങൾ കൂടി ചേർക്കട്ടെ, എന്നിട്ട് സംവിധായകർക്ക് സിനിമയെക്കുറിച്ച് ചിന്തിക്കാം. 2024 ൽ പാരിസ് ഒളിംപിക്‌സിലും സ്വർണം നേടണം. അതിന് വലിയ കഠിനാധ്വാനം വേണം. സിനിമകൾ കാത്തിരിക്കട്ടെ, വിരമിച്ചതിനു ശേഷം ചിന്തിക്കാം. 

ചോ: ഇൻസ്റ്റഗ്രാം ഫോളേവേഴ്‌സിന്റെ എണ്ണം പതിനഞ്ചിരട്ടി വർധിച്ചു. ഫോളേവേഴ്‌സുമായി ഇടപഴകുന്നതിലും മുന്നിലാണ്. ഒളിംപിക്‌സിനിടെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട അത്‌ലറ്റുകളിൽ അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബൈൽസ് മാത്രമാണ് നീരജിനെക്കാൾ മുന്നിൽ. 
ഉ: ഞാൻ സോഷ്യൽ മീഡിയയുടെ ആരാധകനല്ല. ഒരു തമാശയായേ എടുക്കാറുള്ളൂ. ഒളിംപിക്‌സിന് മുമ്പുള്ള നാളുകളിൽ പരിശീലനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. 

ചോ: സ്‌പോൺസർമാരും പരസ്യക്കാരും നീരജിന്റെ ഒപ്പിനായി കാത്തിരിക്കുകയാണ്?
ഉ: പാനിപ്പത്തിലെ വീട്ടിലെത്താനാണ് എനിക്ക് ധൃതി. അമ്മ ഉണ്ടാക്കുന്ന ചൂർമ കഴിക്കാനും. ബാക്കി എല്ലാം കാത്തിരിക്കട്ടെ.

ചോ: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഒളിംപിക് അത്‌ലറ്റിക് മെഡലുകാരനാണ്?
ഉ: അതിയായ സന്തോഷമുണ്ട്. ഗംഭീര തുടക്കം തന്നെ അത്. വാക്കുകളിൽ വിവരിക്കാനാവാത്ത അനുഭൂതി. സ്വർണ മെഡലുമായി വിജയപീഠത്തിൽ നിൽക്കുകയും ദേശീയ ഗാനം മുഴങ്ങുകയും ചെയ്തത് അഭിമാന നിമിഷമാണ്. ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഭാവി ശോഭനമാണ്. 

ചോ: ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത ഒളിംപിക് ചാമ്പ്യനാണ്. എന്താണ് ആരാധകർക്കുള്ള സന്ദേശം?
ഉ: ഒളിംപിക്‌സാണ് ഏറ്റവും വലിയ വേദി. എല്ലാ അത്‌ലറ്റുകളും ആഗ്രഹിക്കുന്നത് ഒളിംപിക്‌സിൽ മികവ് കാട്ടാനാണ്. ശക്തമായ പ്രചോദനമാണ് ആരാധകരിൽനിന്ന് ലഭിച്ചത്. അവരോട് തീരാത്ത കടപ്പാടുണ്ട്. രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണ്. രാജ്യത്തിന്റെ പിന്തുണ കിട്ടിയതിലും സന്തോഷമുണ്ട്. 

ചോ: ഫൈനലിനെ എങ്ങനെയാണ് സമീപിച്ചത്? ആദ്യ ഏറിൽ സ്വർണം കിട്ടുമെന്ന് കരുതിയിരുന്നുവോ?
ഉ: ഓരോ മീറ്റിലും ഞാൻ ശ്രദ്ധിക്കുന്നത് സ്വന്തം പ്രകടനത്തിലാണ്. മറ്റുള്ളതൊന്നും ശ്രദ്ധിക്കാറില്ല. ജാവലിനിൽ അവസാന ത്രോ വരെ ഫലം പ്രവചിക്കാനാവില്ല. ഒളിംപിക്‌സ് ഫൈനലിലും അങ്ങനെ തന്നെയാണ്. ആദ്യ ഏറ് കഴിഞ്ഞപ്പോൾ തന്നെ വ്യക്തമായിരുന്നു, ഞാൻ നന്നായി എറിയുന്നുണ്ടെന്നും നല്ല മാനസികാവസ്ഥയാണെന്നും. അതിനാൽ തന്നെ ഒളിംപിക് റെക്കോർഡിനായി ഞാൻ ശ്രമിച്ചു. 

ചോ: അഭിനവ് ബിന്ദ്രയാണ് ആദ്യ വ്യക്തിഗത ഒളിംപിക് ചാമ്പ്യൻ. അഭിനവിനെ കാണുമ്പോൾ എന്താണ് പറയുക?
ഉ: ഇതുവരെ അഭിനവിനെ കണ്ടിട്ടില്ല. എല്ലാ അത്‌ലറ്റുകളും പ്രചോദനമായതിൽ അഭിനവിനോട് നന്ദി പറയേണ്ടതുണ്ട്. കഠിനാധ്വാനവും അർപ്പണബോധവുമുണ്ടെങ്കിലും എന്തും സാധ്യമാണെന്ന് തെളിയിച്ചത് അഭിനവാണ്. 

ചോ: പരിക്കും മഹാമാരിയും കാരണം 2019 പൂർണമായും നഷ്ടപ്പെട്ടു. ആ കാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്ത് തോന്നുന്നു.
ഉ: 2019 ലെയും 2020 ലെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സ്വർണം. ഒളിംപിക് മെഡൽ ഏതൊരു അത്‌ലറ്റിന്റെയും ജന്മസാഫല്യമാണ്. അതിനാൽ സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് കരുതുന്നു. ആ ദുരിതനാളുകൾക്കു ശേഷം ഞാൻ സ്വർണം നേടിയെങ്കിൽ അതെല്ലാം എന്നെ ഇതിനായി ഒരുക്കിയതായിരിക്കണം.

ചോ: എന്താണ് അടുത്ത ലക്ഷ്യം?
ഉ: ആദ്യം ഇതൊന്ന് ആഘോഷിക്കണം. അതിനു ശേഷം പരിശീലനം പുനരാരംഭിക്കും. ഏതാനും മത്സരങ്ങളിൽ ഈ വർഷം പങ്കെടുക്കും. കോമൺവെൽത്ത് ഗെയിംസിലായിരിക്കും അടുത്ത ശ്രദ്ധ. ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും അടുത്ത വർഷം നടക്കുന്നുണ്ട്. 

ചോ: ക്ലൗസ് ബാർടോണീറ്റ്‌സാണ് രണ്ടു വർഷമായി പരിശീലിപ്പിക്കുന്നത്. അതിന് മുമ്പെ ഊവെ ഹോണും. എന്തായിരുന്നു വ്യത്യാസം?
ഉ: ഈ മെഡലിൽ ക്ലൗസ് സാറിന് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ പരിശീലന പദ്ധതിയും ടെക്‌നിക്കുകളും എനിക്ക് നന്നായി ഇണങ്ങുന്നതായിരുന്നു. 2018 ൽ ഊവെ സാറിനൊപ്പമായിരുന്നു. അത് പലതും എനിക്ക് ചേരുന്നതായിരുന്നില്ല. എല്ലാ കോച്ചുമാർക്കും അവരുടേതായ രീതികളും പരിശീലന മുറകളുമുണ്ട്. ഓരോ ആളും പുതിയതെന്തെങ്കിലും പഠിപ്പിക്കും. അതിനാൽ രണ്ടു പേരോടും നന്ദി പറയുന്നു. അതാണ് ഒളിംപിക് സ്വർണത്തിൽ കലാശിച്ചത്. 

ചോ: ഫൈനലിന് മുമ്പ് ആരുമായാണ് സംസാരിച്ചത്?
ഉ: ക്ലൗസുമായി സംസാരിച്ചു. യോഗ്യതാ റൗണ്ടിലെന്ന പോലെ ആദ്യ ഏറിൽ ഏറ്റവും മികച്ച ദൂരം കണ്ടെത്താൻ അദ്ദേഹം നിർദേശിച്ചു. അമ്മാവനുമായി സംസാരിച്ചിരുന്നു. ആദ്യ ഗുരു ജയവീറിനോടും. ആരോടും അധികം സംസാരിച്ചില്ല. 

ചോ: മിൽഖാ സിംഗിനാണ് താങ്കൾ മെഡൽ സമർപ്പിച്ചത്. വലിയ പ്രധാന്യമുണ്ടായിരുന്നു അതിന്?
ഉ: മിൽഖാ സിംഗ് ജിയുടെ വീഡിയോയും അഭിപ്രായങ്ങളും ഒരുപാട് ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന് എങ്ങനെയാണ് ഒളിംപിക് മെഡൽ നഷ്ടപ്പെട്ടതെന്ന് മനസ്സിലാക്കിയിരുന്നു. ഇന്ത്യക്കാരൻ മെഡൽ നേടണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു അദ്ദേഹം. വിജയപീഠത്തിൽ നിൽക്കുകയും ദേശീയ ഗാനം മുഴങ്ങുകയും ചെയ്തപ്പോൾ ഇത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന് അത് കാണാനുള്ള ഭാഗ്യമുണ്ടായില്ല. പി.ടി. ഉഷ മാഡത്തെ പോലെ മറ്റു പലർക്കും നാലാം സ്ഥാനത്തായിപ്പോയതിന്റെ ദുഃഖമുണ്ടായിരുന്നു. അവരെല്ലാം ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവുമെന്ന് കരുതുന്നു. 

ചോ: ഖാന്ദ്ര ഗ്രാമത്തിൽനിന്ന് ടോക്കിയോയിലേക്കുള്ള യാത്രയിൽ ആരൊക്കെയാണ് കൂടെ നിന്നത്?
ഉ: ടോപ്‌സ് (കേന്ദ്ര സർക്കാരിന്റെ ഒളിംപിക് പദ്ധതി), സായ് (സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയെല്ലാം സഹായിച്ചു. സ്‌പോൺസർമാരായ ജെ.എസ്.ഡബ്ല്യു സ്‌പോർട്‌സ് 2015 മുതൽ എന്റെ എല്ലാ ആവശ്യങ്ങൾക്കും കൂടെയുണ്ടായിരുന്നു.

ചോ: തടിമാടനായിരുന്നു കുട്ടിക്കാലത്ത്. യാദൃശ്ചികമായാണ് ജാവലിൻ ത്രോയിലെത്തിയത്?
ഉ: അമിതലാളനം കിട്ടിയ കുട്ടിയായിരുന്നു ഞാൻ. അതിനാൽ തടിമാടനായി വളർന്നു. ഭാരം കുറക്കാൻ വേണ്ടി ഏതെങ്കിലും സ്‌പോർട്‌സ് പരിശീലിക്കണമെന്ന് പറഞ്ഞത് അമ്മാവൻ ഭീം ചോപ്രയാണ്. അതായിരുന്നു തുടക്കം. ജാവലിനിലെത്തിയത് യാദൃശ്ചികമായാണ്. പാനിപ്പത്തിലെ ശിവജി സറ്റേഡിയത്തിൽ സീനിയർ താരങ്ങൾ പരിശീലിക്കുന്നതു കണ്ടപ്പോൾ കൊള്ളാമല്ലോ എന്നു തോന്നി. അതിനു ശേഷം തിരിഞ്ഞുനോക്കിയിട്ടില്ല. വിജയങ്ങൾ വന്നു തുടങ്ങിയതോടെ ജാവലിനെ കൂടുതൽ സ്‌നേഹിച്ചു. 

ചോ: പരിക്കിനും ശസ്ത്രക്രിയക്കും ശഷം തിരിച്ചുവരവ് എളുപ്പമല്ല. എങ്ങനെ ആവേശം നിലനിർത്തി?
ഉ: രണ്ടു വർഷമാണ് മത്സരങ്ങളിൽനിന്നും പരിശീലനത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നത്. കായികക്ഷമതയും കരുത്തും നിലനിർത്തുന്നതിൽ ജാഗ്രത പാലിച്ചാണ് ആവേശം കാത്തുസൂക്ഷിച്ചത്. മഹാമാരിക്കാലം എല്ലാവർക്കും ഒരുപോലെയാണ്. എനിക്കായി ഒന്നും മാറ്റാനാവില്ലെന്ന് മനസ്സിലാക്കി. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ ശ്രദ്ധിച്ചു. ത്രോയിൽ സാങ്കേതികമായ ചില തിരുത്തലുകൾ വരുത്തുന്നതിൽ മുഴുകി. ആ ദിനത്തിൽ അതിന്റെയെല്ലാം ഫലം കണ്ടു. ഏറ്റവും അകലെ എറിയാനും രാജ്യത്തിനായി സ്വർണം കൊണ്ടുവരാനും കഴിഞ്ഞു. 

ചോ: ലോക ഒന്നാം നമ്പർ യോഹാൻസ് വെറ്ററെ മറികടക്കേണ്ടതുണ്ടായിരുന്നല്ലോ? എന്ത് ഉപദേശമാണ് കോച്ച് ക്ലൗസ് ബാർടോണീറ്റ്‌സ് നൽകിയത്. 
ഉ: ശക്തമായ ആത്മവിശ്വാസം വളർത്തി. എന്റെ കാര്യം മാത്രം ശ്രദ്ധിക്കാൻ ഉപദേശിച്ചു. ജാവലിൻ റിലീസ് ചെയ്യുന്ന ആംഗിൾ കൂടുതൽ മികച്ചതാക്കാൻ ആവശ്യപ്പെട്ടു. വെറ്ററെക്കുറിച്ച് ചിന്തിച്ചതേയില്ല. എന്നെയും എന്റെ ഏറിനെയും കുറിച്ചു മാത്രമായിരുന്നു ചിന്ത. ആദ്യ ഏറ് നന്നായാൽ ആത്മവിശ്വാസം വർധിക്കും. എന്റെ രണ്ടാമത്തെ ത്രോയും മികച്ചതായിരുന്നു. 

ചോ: രണ്ടാമത്തെ ഏറ് കഴിഞ്ഞപ്പോൾ സ്വർണം ഉറപ്പാണെന്ന് കരുതിയോ?
ഉ: മത്സരത്തിനിടെ സ്വർണത്തെക്കുറിച്ച ചിന്ത ഉണ്ടാവുന്നത് അപകടമാണ്. തുടർന്നുള്ള ഏറുകളെ ബാധിക്കും. മാത്രമല്ല അവസാന ഏറിൽ വരെ സ്ഥാനങ്ങൾ മാറി മറിയാം. എങ്കിലും നന്നായി എറിഞ്ഞു എന്ന തോന്നലുണ്ടായി. 

ചോ: ടോക്കിയൊ ഒളിംപിക്‌സിൽ ഇന്ത്യയുടെ അവസാനത്തെ ഇനമായിരുന്നു പുരുഷ ജാവലിൻ. ഒരു സ്വർണം നേടണമെന്ന സമ്മർദമുണ്ടായിരുന്നോ?
ഉ: ഒരു പിരിമുറുക്കവും തോന്നിയില്ല. ജാവലിനിൽ റൺവേയിൽ കയറിയാൽ പിന്നെ ഏറിനെക്കുറിച്ചു മാത്രമായിരിക്കും ചിന്ത. എങ്കിലും അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നു. പല അവസരങ്ങളിലും ഇന്ത്യക്ക് മെഡൽ കഷ്ടിച്ച് നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ ഒരു മെഡൽ ആവശ്യമായിരുന്നു. ഇനിയും നേടാമെന്ന വിശ്വാസം ജനിപ്പിക്കാൻ അതാവശ്യമാണ്. 

ചോ: മത്സരത്തിനു ശേഷം വെറ്ററുമായി സംസാരിച്ചിരുന്നുവോ?
ഉ: വെറ്റർ ലോകോത്തര അത്‌ലറ്റാണ്. മറ്റ് ജാവലിൻ ത്രോ താരങ്ങളെക്കാൾ ഒരുപാട് മുന്നിലാണ്. 90 മീറ്ററിലേറെ പതിവായി എറിയുന്ന ആളാണ്. ലോക റെക്കോർഡ് തകർക്കുന്നതിന് അടുത്തെത്തിയിരുന്നു. ഫൈനലിൽ വെറ്റർക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. മെഡൽ നഷ്ടപ്പെട്ടത് നിർഭാഗ്യമാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എപ്പോഴും അദ്ദേഹത്തെ പിന്തുണക്കുന്നു.

ചോ: ഫൈനലിൽ ഒരു പാക്കിസ്ഥാൻ താരവും ഉണ്ടായിരുന്നുവല്ലോ, അർഷദ് നദീം. എന്തെങ്കിലും സംസാരിച്ചിരുന്നുവോ?
ഉ: കുറച്ചു വർഷമായി കണ്ടിട്ടില്ലാത്തതിനാൽ അധികം സംസാരിച്ചിരുന്നില്ല. അർഷദും നന്നായി എറിഞ്ഞുവെന്നത് ഏഷ്യക്ക് ഗുണമാണ്. അർഷദിന്റെ പ്രകടനം ഏറെ സന്തോഷം പകർന്നു. കൂടുതൽ പാക്കിസ്ഥാൻകാർ ജാവലിൻ ത്രോയിലേക്ക് തിരിയാൻ അത് കാരണമാവട്ടെ. 
 

Latest News