ആലപ്പുഴ- പതിനേഴുകാരിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനംനല്‍കി പീഡിപ്പിച്ചകേസില്‍ യുവാവ് അറസ്റ്റില്‍. ഇലിപ്പക്കുളം വാഴക്കൂട്ടത്തില്‍ വിളയില്‍ സുജിത്തി(20)നെയാണ് വള്ളികുന്നം പോലീസ് ഇന്‍സ്പെക്ടര്‍ എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം.
ഈമാസം അഞ്ചിനു പെണ്‍കുട്ടിയെ റോഡില്‍വച്ച് കണ്ടപ്പോള്‍ സുജിത് കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. വീട്ടുകാര്‍ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്നാണ് പോലീസില്‍ പരാതിനല്‍കിയത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു സുജിത്. ഇതുമുതലെടുത്ത് ഇയാള്‍ തന്റെവീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.