ഗോവധ കേസില്‍ ഒരു വർഷമായി കസ്റ്റഡിയിൽ കഴിയുന്ന മുസ്‌ലിം യുവാക്കളുടെ തടവ് ഹൈക്കോടതി റദ്ദാക്കി

ലഖ്‌നൗ- കന്നുകാലിയെ അറുത്തെന്ന കുറ്റം ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ദേശീയ സുരക്ഷാ നിയമവും ഗുണ്ടാ നിയമവും ചുമത്തി ഒരു വര്‍ഷമായി ജയിലിലടച്ച മൂന്ന് മുസ്‌ലിം യുവാക്കളുടെ തടവ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. കസ്റ്റഡിയില്‍ കഴിയുന്ന പര്‍വേസ്, ഇര്‍ഫാന്‍, റഹ്‌മതുല്ല എന്നിവരെ ഒറ്റപ്പെട്ട ഒരു കേസിന്റെ പേരിലാണ് തടവലിട്ടിരിക്കുന്നതെന്നും ഭാവിയില്‍ ഇവര്‍ കുറ്റം ആവര്‍ത്തിക്കുമോ എന്നതിന് ഒരു തെളിവുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരുടെ തടവ് റദ്ദാക്കിയത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം ഒരു ക്രമ സമാധാന പ്രശ്‌നം ആണ്, എന്നാല്‍ പൊതു സമാധാന പ്രശ്‌നമല്ലെന്നും അതിനാൽ ദേശീയ സുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ വെക്കാൻ കഴിയില്ലെന്നും  കോടതി ചൂണ്ടിക്കാട്ടി. 

ഒരു വര്‍ഷം വരെ കരുതല്‍ തടങ്കിലില്‍ വെക്കാന്‍ അനുവദിക്കുന്ന കടുത്ത ദേശീയ സുരക്ഷാ നിയമം ഇവര്‍ക്കെതിരെ ചുമത്തിയതിന് അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി. ഒരാളുടെ വീട്ടില്‍വച്ച് കന്നുകാലിയെ അറുക്കാനുണ്ടായ കാരണം ദാരിദ്യമോ തൊഴിലില്ലായ്മയോ വിശപ്പോ ആകാം. ഇതിനെ ക്രമസമാധാനവുമായെ ബന്ധപ്പെടുത്താനാകൂ, പൊതുസമാധാനത്തെ ബാധിക്കുന്നില്ല- കോടതി ചൂണ്ടിക്കാട്ടി. ഇവരുടെ കേസ് ചൂണ്ടിക്കാട്ടി പരസ്യമായി നിരവധി കന്നുകാലികളെ അറുക്കുന്നുവെന്ന് പറയാനാകില്ലെന്നും ജസ്റ്റിസുമാരായ രമേശ് സിന്‍ഹ, സരോജ് യാദവ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജൂലൈ 12നാണ് ഈ മൂന്നു പേരേയും യുപി പാലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാളായ റഹ്‌മതുല്ലയുടെ വീട്ടില്‍ അഞ്ചു പേര്‍ ചേര്‍ന്ന് ബീഫ് ഇറച്ചി വെട്ടിക്കൊണ്ടിരിക്കെയാണ് അറസ്റ്റ്.
 

Latest News