Sorry, you need to enable JavaScript to visit this website.

ഡിസംബറില്‍ പോകുമെന്ന് കൊറോണ  മന്ത്രിയോട്  സ്വകാര്യമായി പറഞ്ഞോ? ഹരീഷ് പേരടി

കോഴിക്കോട്- സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബറാകുമെന്ന് സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സിനിമാ തിയേറ്ററുകള്‍ വേഗം തുറന്നേ പറ്റൂ എന്നാണ് അദ്ദേഹം പറയുന്നത്. തങ്ങള്‍ക്കും ജീവിക്കണം, അതിജീവിക്കണം. കോവിഡിനൊപ്പം തങ്ങളും ജീവിക്കാന്‍ തുടങ്ങി എന്ന് നടന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകള്‍: സഖാവേ.. ഡിസംബറില്‍ ഞാന്‍ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?

തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട് വരെ 12 മണിക്കൂര്‍ പരസ്പരം അറിയാത്ത ആളുകള്‍ക്ക് ഒന്നിച്ച് ഇരുന്ന് യാത്ര ചെയ്യുന്നതിനേക്കാളും മാളുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും കൂട്ടത്തോടെ ജനങ്ങള്‍ ഇറങ്ങുന്നതിനേക്കാളും എത്രയോ എളുപ്പത്തില്‍ എല്ലാ നിയന്ത്രണങ്ങള്‍ക്കും വിധേയമായി 2 മണിക്കൂര്‍ സിനിമ കാണാന്‍ പറ്റും എന്ന് ഇത് എഴുതുന്ന എന്നേക്കാള്‍ ബോധ്യമുള്ള ആളാണ് താങ്കള്‍.
എല്ലാ തിയേറ്ററുകളിലും ഷോ നടക്കുമ്പോള്‍ അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായ മന്ത്രിസഭ സത്യ പ്രതിഞ്ജചടങ്ങാണെന്ന് കരുതിയാല്‍ തിരാവുന്ന പ്രശ്‌നമേയുള്ളു.
ഒരു വശത്ത് കേരളത്തിലേക്ക് വരുന്ന വ്യവസായം തകര്‍ക്കാന്‍ ലോബികളുണ്ടെന്ന് പറയുക..മറുവശത്ത് തകര്‍ന്നുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അന്നം തരുന്ന മലയാള സിനിമാ വ്യവസായമേഖലക്ക് നേരെ കണ്ണടക്കുക. ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് നയമല്ല. മറ്റെന്തോ നയതന്ത്രതയാണ്. ഇത് കേരളം പോലുള്ള ഒരു സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിക്ക് യോജിച്ച പ്രസതാവനയുമല്ല.
സിനിമാ തിയേറ്ററുകള്‍ തുറന്നേ പറ്റു. അതുപോലെ നാടക,ഗാനമേള,മിമിക്രി,ന്യത്ത കലാകാരന്‍മാര്‍ വേദികള്‍ കണ്ടിട്ട് രണ്ട് വര്‍ഷമായി. അവര്‍ക്കൊക്കെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്‌റ്റേജുകള്‍ തുറന്നുകൊടുത്തേ പറ്റു. എല്ലാം അടച്ചു പൂട്ടിയിടല്‍ ഭരിക്കുന്നവര്‍ക്ക് നല്ല സുഖമുള്ള ഏര്‍പ്പാടായിരിക്കും. എന്നാല്‍ ഭരിക്കപ്പെടുന്നവര്‍ക്ക് അത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. ഞങ്ങള്‍ക്ക് ജീവിക്കണം.. അതിജീവിക്കണം. ലോകം മുഴുവന്‍ കോവിഡിനോടൊപ്പം ജീവിക്കാന്‍ തുടങ്ങി. ഞങ്ങളും ഈ വലിയ ലോകത്തിന്റെ ഭാഗമാണ്.
 

Latest News