Sorry, you need to enable JavaScript to visit this website.

ഹിബ: പ്രതിഭയുടെ വിരൽ മുദ്രകൾ 

ഹിബ ഷംന
ഹിബ ഷംന
ഹിബ കുടുംബത്തോടൊപ്പം.

ഖത്തറിലെ ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂളിലെ പത്താം തരം വിദ്യാർഥിനി ഹിബ ഷംന, പ്രവാസ ലോകത്ത് ശ്രദ്ധേയയായ സംഗീത - നൃത്ത പ്രതിഭയാണ്. ഗൾഫ് മേഖലാടിസ്ഥാനത്തിൽ നടന്ന പല മൽസരങ്ങളിലും മാറ്റുരച്ച ഹിബ കീ ഫ്രെയിംസ് ഇന്റർനാഷനൽ നടത്തിയ ഓൺലൈൻ റിയാലിറ്റി ഷോയിൽ ഖത്തറിൽ നിന്നും വിജയിച്ച് ദുബായിൽ നടന്ന ഫൈനൽ റൗണ്ടിൽ പങ്കെടുത്തതോടെ ജി.സിസി തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങിയത്.


വളരെ ചെറിയ പ്രായത്തിൽ തന്നെ പാട്ടിലും നൃത്തത്തിലും മികവ് തെളിയിച്ച ഹിബ ഖത്തറിലെ ചെറുതും വലുതുമായ നിരവധി വേദികളിൽ പാടിയും ആടിയും പ്രൊഫഷനൽ തികവുള്ള കലാപ്രതിഭയായി മാറി. ഓരോ അവസരങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തിയാണ് ഹിബ തന്റെ ജൈത്രയാത്ര തുടരുന്നത്. സംഗീതവും നൃത്തവും ദൈവം തനിക്ക് കനിഞ്ഞരുളിയ സിദ്ധികളാണെന്നും അവ സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തണമെന്നുമാണ് ഈ കൊച്ചുകലാകാരി ആഗ്രഹിക്കുന്നത്. സംഗീത മാധുര്യം കൊണ്ടും നൃത്ത വിസ്മയം കൊണ്ടും സഹൃദയരുടെ മനം കവർന്നാണ് ഈ പ്രതിഭ വേദികളിൽ നിന്നും വേദികളിലേക്ക് പാറി നടക്കുന്നത്. കോവിഡ് പ്രതിസന്ധി വേദികളും പരിപാടികളും പരിമിതപ്പെടുത്തിയപ്പോൾ ഓൺലൈൻ പരിപാടികളും റേഡിയോ പരിപാടികളും ആൽബങ്ങളുമൊക്കെയായി ഹിബ തിരക്കിലായിരുന്നു. ഖത്തറിലെ പ്രമുഖ മലയാളം എഫ്.എം സ്റ്റേഷനുകളായ റേഡിയോ മലയാളത്തിലും റേഡിയോ സുനോയിലും ഹിബ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.


ചാവക്കാട് സ്വദേശികളായ സി.എം. ബദ്‌റുദ്ദീൻ, റംഷീദ ദമ്പതികളുടെ സീമന്ത പുത്രിയാണ് ഹിബ. ഖത്തറിലെ അറിയപ്പെടുന്ന കലാകാരനും സംഗീതാസ്വാദകനുമാണ് ബദറുദ്ദീൻ. ഷജീർ പപ്പയുടെ അലാറം എന്ന ഷോർട്ട് ഫിലിമിൽ മികച്ച വേഷം ചെയ്ത ബദ്‌റുദ്ദീൻ വിവിധ ഹ്രസ്വ ചിത്രങ്ങളിലും ക്യൂ മലയാളത്തിന്റെ പരിപാടികളിലുമൊക്കെ സജീവമായ കലാകാരനാണ്. അതുകൊണ്ട് തന്നെ ഹിബയുടെ മുഖ്യ പ്രചോദകനും വഴികാട്ടിയും ബദറുദ്ദീൻ തന്നെയായിരുന്നു. ദോഹയിൽ ബട്ടർഫ്‌ളൈസ് എന്ന ഒപ്പന ട്രൂപ്പ് നടത്തുന്ന അഷിയും ഹിബയെ ഏറെ പ്രോൽസാഹിപ്പിച്ചു.


അഞ്ചാം വയസ്സിലേ കലാഭവൻ ഖത്തറിൽ ഡാൻസ് പഠിക്കാൻ തുടങ്ങി. വീട്ടിലെ ആദ്യത്തെ കുട്ടിയെന്ന നിലക്കുള്ള എല്ലാ സ്‌നേഹവായ്പുകളും ഓമനത്തവും ഹിബയുടെ കഴിവുകൾ കൂടുതൽ തിരിച്ചറിയുവാനും ശ്രദ്ധിക്കാനും അവസരമൊരുക്കി. രണ്ടാം കഌസിൽ പഠിക്കുമ്പോൾ മദ്രസ ഫെസ്റ്റിൽ മാപ്പിളപ്പാട്ടിൽ സമ്മാനം കിട്ടിയതാണ് പാടാൻ കഴിവുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തിയത്. ഏഴ് വയസ്സിലേ പാടാനും വരക്കാനും തുടങ്ങിയതോടെ വീട്ടിലെ ഒരു സകലകലാവല്ലഭയായി ഹിബ മാറുകയായിരുന്നു. കർണാടിക് മ്യൂസിക്കും പഠിക്കാൻ സമയം കണ്ടെത്തിയാണ് ഹിബ സംഗീത രംഗത്ത് കൂടുതൽ സജീവമായത്.

സ്‌കൂളിലെ വിവിധ വേദികൾക്ക് പുറമെ ഇന്ത്യൻ കൾചറൽ സെന്റർ, ഫ്രന്റ്സ് കൾചറൽ സെന്റർ, സ്‌കിൽസ് ഡെവലപ്മെന്റ് സെന്റർ, ക്യൂ മലയാളം, ഐ.സി.ആർ.സി ആർട് വിംഗ്, മാപ്പിള കലാ അക്കാദമി എന്നിവിടങ്ങളിലൊക്കെ ഹിബ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പന, മാപ്പിളപ്പാട്ട്, ലളിത ഗാനം, കഌസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ഇനങ്ങളിലൊക്കെ മികവ് തെളിയിച്ച ഹിബ നിരവധി ആൽബങ്ങളിലും ഇതിനകം പാടിയിട്ടുണ്ട്. 2018 ൽ ഗുരുവായൂരിൽ വെച്ചാണ് ഹിബ് കഌസിക്കൽ നൃത്തത്തിന്റെ അരങ്ങേറ്റം കുറിച്ചത്.


പ്രശസ്ത മാപ്പിളപ്പാട്ടു ഗായകരായ സലീം കോടത്തൂർ, ഷാഫി കൊല്ലം, എം.എ. ഗഫൂർ, ആബിദ് കണ്ണൂർ, റേഡിയോ അവതാരകനായ റെജി മണ്ണേൽ, സംഗീത സംവിധായകൻ അൻഷാദ് തൃശൂർ തുടങ്ങിവരോടൊപ്പമൊക്കെ പാടിയ ഹിബ അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വി.വി. ഹംസയോടൊപ്പം അഹ്ലൻ റമദാൻ, ശവ്വാൽ നിലാവ് എന്നീ ആൽബങ്ങളിൽ പാടിയിരുന്നു.
ഖത്തറിലെ ശ്രദ്ധേയനായ സംഗീത സംവിധാകനും ഗായകനുമായ അൻഷാദ് തൃശൂരിന്റെ കൈഫ് ഹാലക് എന്നതായിരുന്നു ഹിബയുടെ ആദ്യ ആൽബം. പിന്നീടങ്ങോട്ട് ഓണപ്പാട്ട് (ശ്രാവണ സംഗീതം), ക്രിസ്മസ് ഗാനം തുടങ്ങി വ്യത്യസ്തമായ നിരവധി ആൽബങ്ങളിൽ പാടി. മാപ്പിള കലാ അക്കാദമിയുടെ അമരക്കാരൻ മുഹ്‌സിൻ തളിക്കുളത്തിന്റെ സംവിധാനത്തിൽ ഖത്തറിലെ 10 ഗായകർ ചേർന്ന് പാടിയ മർഹബ മാവേലി എന്ന ആൽബത്തിന്റെ രണ്ടു ഭാഗങ്ങളിലും പാടാൻ ഹിബക്ക് അവസരം ലഭിച്ചു. ഗസൽ രംഗത്തും കഴിവ് പരീക്ഷിച്ച ഹിബ ക്യൂമലയാളം പരിപാടിയിൽ സ്വന്തമായി ഗസൽ സന്ധ്യയൊരുക്കി സഹൃദയരെ വിസ്മയിപ്പിച്ചു. ഹിബയുടെ കൊച്ചനുജൻ ആറാം തരം വിദ്യാർഥിയായ ഹിഷാം മുഹമ്മദ് ഫോട്ടോഗ്രഫിയിൽ കഴിവ് തെളിയിക്കാനുളള പരിശ്രമത്തിലാണ്.

 

Latest News