Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനിശ്ചിതത്വങ്ങളിൽ പതറാതിരിക്കുക

വിവിധ പരീക്ഷകളുടെ ഫലം പുറത്ത് വന്നു. ഉന്നത വിദ്യാഭ്യാസത്തിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്ന പല മൽസര പരീക്ഷകളും നടന്നുകൊണ്ടിരിക്കുന്നു. സാധാരണയായി ഭാവിയിൽ ആരായിത്തീരണമെന്ന തകൃതിയായ ആലോചന ഒട്ടുമിക്ക കൗമാര മനസ്സുകളിലും ആശങ്കയും അനിശ്ചിതത്വവും ഉയരുന്ന കാലമാണിത്. പതിവ് ക്ലാസുകൾ അതിന്റെ സമഗ്രാർത്ഥത്തിൽ ലഭിക്കാതെ കോഴ്‌സ് പൂർത്തീകരിക്കേണ്ടി വന്ന കോവിഡ് കാലത്തെ വിജയികളുടെ അവസ്ഥ കൂടുതൽ അസ്വസ്ഥഭരിതമായിരിക്കുമെന്ന് പറയേണ്ടതില്ല.
താരതമ്യേന മികച്ച മാർക്ക് നേടി പരീക്ഷ പാസായ പ്ലസ് ടു, എസ് എസ് എൽ സി വിദ്യാർത്ഥികളും  ഏത് കോഴ്‌സിന് പ്രവേശനം ലഭിക്കും എന്ന ആശങ്കയിലാണിപ്പോൾ. മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ് ലഭിച്ചവർക്ക് പോലും ഇഷ്ടമുള്ള കോഴ്‌സിന് ചേരാൻ കഴിയാത്ത സാഹചര്യമാണ് എല്ലായിടത്തും. 


കുട്ടികളുടെ തുടർപഠനവും കരിയറുമായി ബന്ധപ്പെട്ട ഇടതടവില്ലാത്ത ചർച്ചകൾ കൊണ്ട് സജീവമായിരിക്കും ഒട്ടുമിക്ക ഗാർഹികാന്തരീക്ഷവുമിപ്പോൾ. ഭാവിയിലേതൊക്കെ വിഷയങ്ങളെടുത്ത് പഠിക്കണമെന്ന് ഇത്രയേറെ നീണ്ട കാലയളവിൽ ആലോചിക്കാനവസരം കിട്ടിയ കുട്ടികളും രക്ഷിതാക്കളും വേറെ ഉണ്ടാവില്ല. വിവിധ കോഴ്‌സുകള കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഉചിതമായ തീരുമാനമെടുക്കാനും ചിലർക്കെങ്കിലും അതുപകരിച്ചിട്ടുണ്ടാവണം. 
എന്നാൽ ഒട്ടുമിക്ക വിദ്യാർഥികളിലും ഈ ദീർഘമായ കാലയളവ് ഒരുപാട് ആശയ കുഴപ്പങ്ങൾക്കിടയാക്കിയിട്ടുണ്ട്. തനിക്ക് അനുയോജ്യമായ കോഴ്‌സ് കണ്ടെത്തുന്നതിലും മികച്ച സ്ഥാപനത്തിൽ ആ കോഴ്‌സിന് പ്രവേശനം നേടിയെടുക്കുന്നതിലും ദൃഢനിശ്ചയത്തോടെ പരിശ്രമിക്കാനും ശുഭാപ്തി വിശ്വാസത്തോടെ തയാറെടുക്കാനും പതിവിൽ കൂടുതൽ സമയവും സൗകര്യവും ലഭിച്ച ലോക്ഡൗൺ കാലത്ത് പല വിദ്യാർത്ഥികൾക്കും കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.


അഭിരുചി നിർണയ പരീക്ഷകൾ ഒരു പരിധി വരെ കുട്ടികളിലെ ഭാവി പഠന സാധ്യതകളെ അനുമാനിച്ചെടുക്കാൻ സഹായിക്കുമെങ്കിലും ബഹുഭൂരിപക്ഷം കുട്ടികൾക്കും അവയൊന്നും ഇപ്പോഴും പ്രാപ്യമല്ല. നിരവധി പുതിയ കോഴ്‌സുകളും തൊഴിൽ സാധ്യതകളും അനുദിനം രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്നു. സ്വദേശത്തും വിദേശത്തും പഠിക്കാനുള്ള അവസരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും പരസ്യങ്ങളും വിവിധ സ്‌കോളർഷിപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങളും വിരൽ തുമ്പിൽ ലഭ്യമാണിപ്പോൾ.
കരിയർ വാർത്തകളുടെ ധാരാളിത്തത്തിൽ കണ്ണഞ്ചിപ്പോവാതെ, തൽക്കാല പ്രലോഭനങ്ങളിൽ മയങ്ങി അവനവന്റെ അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങാത്ത തികച്ചും അനുയോജ്യമല്ലാത്ത കോഴ്‌സുകളിലും കാമ്പസുകളിലും ചെന്നെത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭീമമായ തുക ലോണെടുത്ത് പല പുത്തൻ കോഴ്‌സുകളും ചെയ്ത് തൊഴിൽ കണ്ടെത്താനാവാതെ വീട്ടിലിരിക്കുന്ന ഹതഭാഗ്യർ പെരുകിക്കൊണ്ടിരിക്കുകയാണ്.

പഠനാഭിരുചിയും താൽപര്യവും
കോഴ്‌സിന്റെ ലഭ്യതയും തൊഴിൽ സാധ്യതയും സാമ്പത്തികമായ കാര്യങ്ങളും ആരായാതെയും പരിഗണിക്കാതെയും രക്ഷിതാക്കളുടേയും കൂട്ടുകാരുടേയും കരിയർ ഗൈഡൻസ് ഏജൻസികളുടേയും സമ്മർദത്തിന് വഴങ്ങി തുടർ പഠനത്തിൽ ഏർപ്പെട്ടാൽ പിന്നീട് ഖേദിക്കേണ്ടി വരും. വിവിധ ഡിഗ്രി ഡിപ്‌ളോമാ സർട്ടിഫിക്കറ്റ് കോഴ്‌സുകളെക്കുറിച്ച് വിശദമായി അന്വേഷിച്ചറിഞ്ഞ് മക്കളുടെ കഴിവും അഭിരുചിയും പരിഗണിച്ച് അവരുമായി ചർച്ച ചെയ്ത് ഉചിതമായ കോഴ്‌സ് കണ്ടെത്തി അതിലേക്ക് പ്രവേശനം നേടിയെടുക്കാൻ അവരെ സഹായിക്കുകയാണ് രക്ഷിതാക്കൾ ചെയ്യണ്ടത്. അല്ലാതെ രക്ഷിതാക്കളുടെ താൽപര്യങ്ങൾ കുട്ടിയിലേക്ക് അടിച്ചേൽപിക്കുകയല്ല വേണ്ടത്.


പുതിയ വിദ്യാഭ്യാസ നയപ്രകാരം കാതലായ മാറ്റങ്ങൾ പഠന ഗവേഷണ തൊഴിൽ രംഗങ്ങളിൽ വന്നു തുടങ്ങിയിട്ടുണ്ട്. അവയൊക്കെ സൃഷ്ടിപരമായ സാധ്യതകൾ തുറന്നിടുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഏത് കോഴ്‌സ് പഠിച്ചാലും ഏത് കാമ്പസിൽ പഠിച്ചാലും പഠിതാവിന്റെ ആത്മവിശ്വാസവും മനോഭാവവുമാണ് ഏറെ പ്രധാനം. നിരാശക്കടിപ്പെടാതെ, പഠന തൊഴിൽ മേഖലയിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി പ്രതിബന്ധങ്ങളേയും പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നേറാൻ കഴിയണം. നല്ല ചങ്ങാത്തത്തിലൂടെയും ഉയർന്ന കാഴ്ചപ്പാടിലൂടെയും പരന്ന വായനയിലൂടെയും അതിന് കഴിയും, തീർച്ച. ജീവിതത്തിൽ ശോഭിച്ച പലരും പ്രതികൂലതകളിൽ പതറാതെ, ഇടറി വീഴാതെ പ്രാർത്ഥനാ നിർഭരമായ ശുഭാപ്തി വിശ്വാസത്തോടെ സധൈര്യം മുന്നേറിയവരാണെന്നറിയുക.

Latest News