മഞ്ചേരി-പതിനഞ്ചുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ മഞ്ചേരി പോക്സോ അതിവേഗ കോടതി വിവിധ വകുപ്പുകളിലായി നാലു ജീവപര്യന്തം തടവിനും 2.1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
നിലമ്പൂര്‍ കുറുമ്പലങ്ങോട് സ്വദേശിയായ മദ്രസ അധ്യാപകനെയാണ് ശിക്ഷിച്ചത്. 2014 ഏപ്രില്‍ മുതല്‍ 2015 ഫെബ്രുവരി 24 വരെയുള്ള വിവിധ ദിവസങ്ങളിലായിരുന്നു പീഡനം. എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയോട് വഴക്കിട്ട് പെണ്‍മക്കളുടെ മുറിയില്‍ കിടന്നുറങ്ങിയാണ് പീഡനം ആരംഭിച്ചത്. വിവാഹിതയടക്കം എട്ടു മക്കളുടെ പിതാവാണ് പ്രതി. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മാതാവിനോട് വിവരം പറഞ്ഞതോടെ ബന്ധുക്കള്‍ വിഷയത്തില്‍ ഇടപെടുകയും പ്രതിയുടെ ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. 2016 മാര്‍ച്ച് 12ന് പോത്തുകല്‍ പോലീസ് വീട്ടിലെത്തി കുട്ടികളുടെ മൊഴിയെടുത്തു. മാര്‍ച്ച് 13ന് പ്രതിയെ നിലമ്പൂര്‍ സിഐ അറസ്റ്റ് ചെയ്തു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മക്കളെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത ഭാര്യയെ പ്രതി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചതിനു മറ്റൊരു കേസ് നിലമ്പൂര്‍ കോടതിയില്‍ നിലവിലുണ്ട്.
സംരക്ഷണത്തിനു ഉദരവാദിത്തമുള്ള സ്വന്തം പിതാവു തന്നെ മകളെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയത് ഒരു തരത്തിലും ദയ അര്‍ഹിക്കുന്നതല്ലെന്ന സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 (2 എഫ്), 376 (2 ഐ), 376 (2 കെ), പോക്സോ എന്നീ ഒരോ വകുപ്പുകളിലും ജീവപര്യന്തം തടവ്, 50000 രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴ അടക്കാത്ത പക്ഷം ഒരോ വകുപ്പുകളിലും രണ്ടു വര്‍ഷം വീതം അധിക തടവും അനുഭവിക്കണം. ആദ്യ രണ്ടു വകുപ്പുകളില്‍ ശിക്ഷ ജീവിതാവസാനം വരെയായിരിക്കും തടവ് എന്നും കോടതി വിധിച്ചു. മാത്രമല്ല, കുട്ടിയെ ഭീഷണിപ്പെടുത്തിയതിനു 506 വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ്, തടങ്കലില്‍ പാര്‍പ്പിച്ചതിന് 342 വകുപ്പ് പ്രകാരം ഒരു വര്‍ഷം കഠിന തടവ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു വര്‍ഷം കഠിന തടവ്. 354 പ്രകാരം മാനഹാനി വരുത്തിയതിനു രണ്ടു വര്‍ഷം കഠിന തടവ് 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധിക തടവ്, 511/376 വകുപ്പ് പ്രകാരം മാനഭംഗ ശ്രമത്തിനു പത്തു വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. പ്രതി പിഴയടക്കുന്ന പക്ഷം രണ്ടു ലക്ഷം രൂപ പീഡനനത്തിനിരയായ കുട്ടിക്ക് നല്‍കാന്‍ ജഡ്ജി പി.ടി പ്രകാശന്‍ നിര്‍ദേശിച്ചു.
എടക്കര പോലീസ് ഇന്‍സ്പെക്ടര്‍മാരായ ടി. സജീവന്‍, കെ.സി സേതു, പോത്തുകല്ല് എസ്.ഐ കെ.ടി ദിജേഷ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതിക്കെതിരെ മറ്റൊരു മകള്‍ നല്‍കിയ സമാനമായ കേസില്‍ ഈ മാസം 25ന് ഇതേ കോടതി വിധി പറയും. വിധി വരുന്നതു വരെ പ്രതിയെ മഞ്ചേരി സ്പെഷല്‍ സബ്ജയിലിലേക്കു മാറ്റി.






