ന്യൂദല്‍ഹി- നാഴികക്കല്ലുകളായി മാറിയ നിരവധി വിധിപ്രസ്താവങ്ങളിലൂടെ ശ്രദ്ധേയനായ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് റോഹിങ്ടന്‍ ഫാലി നരിമാന്‍ വിരമിച്ചു. അഭിപ്രായ സ്വാതന്ത്ര്യ, സ്വകാര്യത, വ്യക്തി സ്വാതന്ത്ര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന നിരവധി കേസുകളില്‍ വിധികള്‍ പറഞ്ഞ ബെഞ്ചുകളില്‍ ജസ്റ്റിസ് നരിമാന്‍ ഉണ്ടായിരുന്നു. ശബരിമല യുവതി പ്രവേശനം, സോഷ്യല്‍ മീഡിയ അനുവദിച്ചിരുന്ന ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കല്‍, മുത്തലാഖ് നിരോധനം, സ്വവര്‍ഗ ബന്ധം കുറ്റമല്ലാതാക്കള്‍ തുടങ്ങിയ ഏറെ ശ്രദ്ധനേടിയ വിധികള്‍ പറഞ്ഞ ബെഞ്ചില്‍ അംഗമായിരുന്നു. കസ്റ്റഡി മരണങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സ്റ്റേഷനുകളിലും എന്‍ഐഎ പോലുള്ള ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി കാമറ സ്ഥാപിക്കണമെന്ന് ഉത്തരവിട്ടതും ജസ്റ്റിസ് നരിമാനാണ്.
ജസ്റ്റിസ് നരിമാന്‍ പടിയിറങ്ങുന്നതോടെ ജുഡീഷ്യല്‍ സംവിധാനത്തിന് സിംഹ സമാന കാവലൊരുക്കിയ ഒരാളെയാണ് നഷ്ടമായതെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി രമണ വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനം, വ്യക്തത, പാണ്ഡിത്യം എന്നിവ ഏറെ അറിയപ്പെട്ടതാണ്. കോടതിക്ക് ഈ അറിവും ബൗദ്ധികതയും നഷ്ടമാകും. നമ്മുടെ കരുത്തുറ്റ കോടതി സംവിധാനത്തിന്റെ ഒരു തൂണായിരുന്നു അദ്ദേഹമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നിയമജ്ഞരില്‍ ഒരാളും സുപ്രീം കോടതി അഭിഭാഷകനുമായ ഫാലി എസ് നരിമാന്റെ മകനാണ് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍. ഇന്ത്യയിലെ ബിരുദ പഠനത്തിനു ശേഷം യുഎസിലെ ഏറെ പ്രശസ്തമായ ഹാവാര്‍ഡ് ലോ സ്‌കൂളില്‍ നിന്നാണ് ബിരുദാനന്ത ബിരുദം നേടിയത്. 1993ല്‍ 37ാം വയസ്സില്‍ അഭിഭാഷകനായി ജോലി തുടങ്ങി. സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായിരിക്കെ 2011ല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ആയി നിയമിക്കപ്പെട്ടു. എന്നാല്‍ ഒന്നര വര്‍ഷത്തിനു ശേഷം 2013 ഫെബ്രുവരിയില്‍ ഈ പദവിയില്‍ നിന്ന് രാജിവച്ചു. അന്നത്തെ നിയമ മന്ത്രിയുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്കു കാരണമെന്ന് പറയപ്പെട്ടിരുന്നെങ്കിലും രാജിക്കത്തില്‍ ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വിശ്വാസ്യതയും അറിവിലും കോടതിക്ക് സംശയമുണ്ടായിരുന്നില്ല. തൊട്ടു പിന്നാലെ അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുകയും ചെയ്തു. ഇത് നേരിട്ടുള്ള നിയമനമായിരുന്നു.






