ഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരും- മന്ത്രിസഭ

ദോഹ- ഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാൻ മന്ത്രിസഭ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനിയുടെ അധ്യക്ഷതയിൽ ദീവാൻ അമീരിയിൽ നടന്ന മന്ത്രി സഭയുടെ പ്രതിവാരയോഗമാണ് നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും അവ നേരിടുന്നതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ വിശദീകരണത്തെ തുടർന്നാണ് നിലവിലെ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമായി മുന്നോട്ടുപോകുന്നതിൽ മന്ത്രി സഭ സംതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ കുറേ നാളുകളായി കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന ആരോഗ്യ പ്രവർത്തകരേയും പൊതുസമൂഹത്തേയും ആശങ്കാകുലരാക്കിയിട്ടുണ്ട്. കൂടുതൽ കുടുത്ത നിയന്ത്രണങ്ങളുണ്ടാകുമോ എന്ന ഭീതിയാണ് മന്ത്രി സഭ തീരുമാനത്തോടെ താൽക്കാലികമായി ഒഴിവായത്.
 

Latest News