മുഹമ്മദ് നിയാസും വിജു എബ്രഹാമും ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിമാര്‍

മുഹമ്മദ് നിയാസ്, വിജു എബ്രഹാം

ന്യൂദല്‍ഹി- മുതിര്‍ന്ന അഭിഭാഷകരായ മുഹമ്മദ് നിയാസിനേയും വിജു എബ്രഹാമിനേയും കേരള ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിമാരായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കി. തലശ്ശേരി സ്വദേശിയായ നിയാസ് പി.എസ്.സി മുന്‍ ചെയര്‍മാന്‍ കെ സി സാവന്‍ കുട്ടിയുടെ മകനാണ്. കോര്‍പറേറ്റ് നിയമത്തില്‍ വിഗദ്ധനായ നിയാസ് കോഴിക്കോട് ലോ കോളെജില്‍ നിന്നാണ് നിയമ ബിരുദം നേടിയത്.

ഹൈക്കോടതി അഭിഭാഷകനായിരുന്ന എ.കെ അവിരായുടെ മകനാണ് എറണാകുളം സ്വദേശിയായ വിജു എബ്രഹാം. എറണാകുളം ലോ കോളെജില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. 2011 മുതല്‍ 2016 വരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു. ഇവര്‍ക്കൊപ്പം കെ.കെ പോളിന്റെ പേരും നിയമത്തിന് 2019ല്‍ കൊളീജിയം ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിയമനം നീട്ടുകയായിരുന്നു. നേരത്തെ സര്‍ക്കാര്‍ ശുപാര്‍ശ മടക്കിയതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ചേര്‍ന്ന കൊളീജിയം വീണ്ടും ഇവരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു. ഇതില്‍ തുടര്‍ നടപടി ഉണ്ടാകാത്തത് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു മന്ത്രി കിരണ്‍ റിജ്ജു നല്‍കിയ വിവാദ മറുപടിക്കെതിരെ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമന ഉത്തരവ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. അതേസമയം പോളിന്റെ നിയമനം സര്‍ക്കാര്‍ വീണ്ടും നീട്ടി.
 

Latest News