Sorry, you need to enable JavaScript to visit this website.

കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകൾ

നിയമസഭാ സ്പീക്കർ എം.ബി രാജേഷ്, എ.എൻ. ഷംസീർ എം.എൽ.എയോട്: 'താങ്കൾ എന്താണ് മാസ്‌ക് ധരിക്കാത്തത്? 
അതിലൂടെ സ്പീക്കർ അറിയിച്ചത് ചില പൊങ്ങച്ചക്കാരും ധിക്കാരികളുമായ  ജനപ്രതിനിധികൾ മാതൃക കാട്ടണമെന്നാണ്. കേരളത്തിലെ ജനപ്രതിനിധികളിൽ കണ്ടുവരുന്നത് ഒന്നുകിൽ അവർ കോമാളികളാകും, അല്ലെങ്കിൽ അധികാരത്തെ ഒരു പ്രഹസനമായി കാണും.  സ്റ്റാലിന്റെ മന്ത്രിസഭയിലും അതുപോലെ സാർ ഭരണത്തിൽ പകിട്ടേറിയ വസ്ത്രധാരികളായ മന്ത്രിമാരെ കണ്ടിട്ടുണ്ടെന്ന് ചരിത്രം. അവരുടെ ഭാവവും മട്ടും കോട്ടും കണ്ടു കഴിഞ്ഞാൽ അവരെ തീറ്റിപ്പോറ്റുന്ന ജനങ്ങൾ വെറും വിഡ്ഢികളെന്നാണ്.  ലെനിന്റെ ഭരണകാലം.  അൽപത്വം കാട്ടുന്ന  അൽപജ്ഞാനികളെ അപമാനിക്കാൻ മറന്നില്ല.  ലെനിൻ തുടങ്ങിയ 'പ്രവദ്' എന്ന പത്രത്തിലൂടെ തന്റെ തൂലിക  വിഭിന്ന തൂലികാ നാമങ്ങളിലാണ്ചലിപ്പിച്ചത് . ആ വാക്കുകൾ ഈ അൽപന്മാരിൽ ആഴത്തിലിറങ്ങി മുറിവുകളുണ്ടാക്കിയിട്ടുണ്ട്.  ഇന്നത്തെ പോലെ മറ്റുള്ളവർ എഴുതിക്കൊടുക്കുന്ന ആത്മകഥകളും,  ലേഖനങ്ങളും, കവിതകളും സ്വന്തം പേരിലാക്കി മാധ്യമങ്ങളിൽ വരുത്തില്ലായിരുന്നു. ഇങ്ങനെ പല രംഗത്തുള്ള  പണച്ചാക്കുകൾ പുസ്തകങ്ങൾ ഇറക്കുന്നുണ്ട്.  അധികാരത്തിലിരുന്ന് അനീതിയും അഴിമതിയും നടത്തുന്നതു പോലെയാണ് ഒരു പുസ്തകം വായിക്കാത്തവർ സ്വന്തം പേരിൽ അറിവില്ലാത്തവന്റെ പോഴത്തരം കാണിക്കുന്നത്. അതേറ്റു പാടാൻ പണക്കൊതിയന്മാരായ മാധ്യമങ്ങളും കുറെ വാഴ്ത്തുപാട്ടുകാരുമുണ്ട്. . ലോകം കണ്ട മഹാനായ ലെനിന്റെ പാത പിന്തുടർന്നവരാണ് കേരളത്തിലെ   ഇ.എം.എസ്,  ജോസഫ് മുണ്ടശ്ശേരി,  എം.എ.ബേബി, ബിനോയി വിശ്വം, പന്ന്യൻ രവീന്ദ്രൻ തുടങ്ങി മറ്റ് പലരും അധികാരത്തിലിരുന്ന്  അക്ഷരത്തിൽ  ആത്മാവിനെ ആവാഹിച്ചവരാണ്.  
റഷ്യയിൽ പട്ടാളത്തെയിറക്കി സാർ ചക്രവർത്തിമാർ  പാവപ്പെട്ട  ജനങ്ങളെ അടിച്ചമർത്തുന്നതു പോലെയാണ് കേരളത്തിൽ പോലീസിനെയിറക്കി കോവിഡിന്റെ മറവിൽ ജനങ്ങളെ കൊള്ള ചെയ്യുന്നത്. കോവിഡിന്റെ പ്രതിസന്ധിയിൽ നിന്ന് പുറത്തു കടക്കാൻ നിവൃത്തിയില്ലാത്തവർ  ഒരു നേരത്തെ ഭക്ഷണം വാങ്ങാൻ കടയിൽ   പോയാൽ മാസ്‌ക് ധരിച്ചാലും 2000 രൂപ പിഴയടയ്ക്കണം. ഇത് എന്തൊരു കാട്ടുനീതി? നിയമസഭക്കുള്ളിലും പുറത്തും ജനപ്രതിനിധികൾ മാസ്‌ക് വെക്കാതെ നടന്നാൽ, കവല പ്രസംഗം നടത്താൻ പോയാൽ മാസ്‌ക് വേണ്ട. 
അവർക്ക് സല്യൂട്ട് ചെയ്യുന്ന പോലീസ് ഒരു ഭാഗത്ത.് മറുഭാഗത്തു് പാവം അത്താഴപ്പട്ടിണിക്കാരൻ.  സമൂഹത്തിൽ പരസ്യമായ നിയമ ലംഘനങ്ങൾ നടത്തുന്ന  അധികാരി വർഗം മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നില്ല. ആനക്കു പോലും ഉറുമ്പിനെ ഭയമാണ്.   പോലീസ് എന്താണ് ഇവിടെ നോക്കുകുത്തിയാകുന്നത്?  അടുപ്പിൽ തീയെരിക്കാൻ അടുത്തൊരു വീട്ടിൽ വിറകിന് പോയാൽ അടുത്തൊരു കടയിൽ മാസ്‌ക് ധരിച്ചുപോയാലും പോലീസ് പിഴയടിക്കും. ഇങ്ങനെ നിത്യവും പണം പിഴിഞ്ഞെടുക്കുന്ന  ഒരു പണപ്പെട്ടിയായിരിക്കുന്നു കേരള പോലീസ്. അവരുടെ  ഭീഷണി പ്രയോഗം മേലാളന്മാരുടെ മേലങ്കിയണിഞ്ഞവർക്ക് വേണ്ടിയാണ്. കൈക്കൂലി കൊടുത്തു മുങ്ങുന്നവരുടെ കണക്കുകൾ പുറത്തു വന്നിട്ടില്ല.   പാവങ്ങളുടെ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന പിശുക്കൻ ആരെന്നറിയില്ല. 
കഴിഞ്ഞ ദിവസം ഭക്ഷണം വാങ്ങാൻ പുറത്തു പോയ വി. കുഞ്ഞുമോന് കിട്ടിയ പിഴ 2000.  ആ പാവപ്പെട്ട തൊഴിലാളി കരഞ്ഞുപറഞ്ഞതുകൊണ്ട് 500 ആയി കുറച്ചു കൊടുത്തു.   അയാൾ ചെയ്ത കുറ്റം ഒന്നല്ല, രണ്ട് മാസ്‌ക് ധരിച്ചതാണ്. ഒരു മാസ്‌ക് മുഴുവനായി മുക്കിൽ മൂടപ്പെട്ടില്ല. കുഞ്ഞുമോനെ കൊലക്കുറ്റം ചെയ്തവനെ പോലെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി വിചാരണ ചെയ്തു. ആ സ്‌കൂട്ടറിന്റെ പിറകിലിരുന്ന പോലീസ് ഹെൽമെറ്റ് ധരിച്ചിട്ടില്ല. തേക്കിനും തെമ്മാടിക്കും എവിടേയും കിടക്കാം എന്നതുപോലെ അധികാരത്തിലിരിക്കുന്നവർക്ക് എന്തുമാകാം. 
സർക്കാരുകളുടെ പിൻവാതിൽ നിയമനം വഴി വന്ന നല്ലൊരു പറ്റം സർക്കാർ ജീവനക്കാർ മറ്റു വകുപ്പുകളിൽ ഉള്ളതുപോലെ പോലീസിലുമുണ്ട്. അവരും ലക്ഷങ്ങൾ രാഷ്ട്രീയക്കാർക്ക്  കൈക്കൂലി കൊടുത്താണ് ഈ തൊഴിൽ സമ്പാദിച്ചത്. ആ തുക ഈടാക്കാൻ അവർ കൈക്കൂലി വാങ്ങും. തന്റെ കൈയിലൊതുങ്ങുന്നതെല്ലാം തന്റേത.് അതാണ് ഈ കൂട്ടരുടെ മനോഭാവം. ഈ ജോലി തരപ്പെടുത്തിക്കൊടുത്ത നേതാവുമായി നല്ല ചങ്ങാത്തമാണ്. അവർക്ക് തൻകാര്യം വൻ കാര്യമാണ്. അതാണ് കുറ്റവാളികളുടെ, സ്ത്രീപീഡകരുടെ, സ്വർണ-മര  കള്ളക്കടത്തുകാരുടെ എണ്ണം കേരളത്തിൽ പെരുകുന്നത്.  ഈ കൂട്ടരാണ് രാഷ്ട്രീയ പാർട്ടികളുടെ വോട്ടുപെട്ടി യന്ത്രം നിറയ്ക്കുന്നത്. അതിൽ  പദവികൾക്കും പുരസ്‌കാരങ്ങൾക്കും വാലാട്ടികളായി നടക്കുന്ന  എഴുത്തുകാരുമുണ്ട്. അവർ കുരുട്ടുകണ്ണിന് മഷിയെഴുതിക്കൊണ്ടിരിക്കുന്നു.  
ആയിരക്കണക്കിന് പാവപ്പെട്ടവരുടെ മടിശ്ശീലയഴിച്ചു നാല് കോടിയുണ്ടാക്കിയെന്നാണ് വാർത്തകൾ. എന്നാൽ നിയമ ലംഘനം നടത്തിയ ഏതെങ്കിലും രാഷ്ട്രീയക്കാരിൽ നിന്ന്, ഹെൽമറ്റില്ലാതെ സഞ്ചരിക്കുന്ന പോലീസ്‌കാരിൽ നിന്ന് പിഴ  ഈടാക്കിയിട്ടില്ല. ഇതൊക്കെ തുറന്നുകാട്ടേണ്ട എഴുത്തുകാർ കണ്ണടച്ചു ഇരുട്ടാക്കുന്നു. ഉന്നതാധികാരികളുടെ  ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണി നോക്കണോ എന്ന ഭാവത്തിൽ നടക്കുന്നു. ഒരു ഭാഗത്തു് കടകൾ അടച്ചിടുന്നു. മറുഭാഗത്തു് സാധനങ്ങൾ വാങ്ങാൻ പോകുന്നവരിൽ നിന്ന് പല കാരണങ്ങൾ പറഞ്ഞു പണം ഈടാക്കുന്നു. പോലീസുകാർ കച്ചവട ഉൽപന്നങ്ങൾ വിൽക്കുന്നവരെ പോലെയായിരിക്കുന്നു.  പണം പാവങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്നു.    ഓരോ ദിവസവും അവർക്ക് ഒരു വൻ  തുക ഖജനാവ് നിറയ്ക്കാൻ   മുതലാളിക്ക് (മേലുദ്യോഗസ്ഥൻ)   കൊടുക്കണം. 
കൊടുത്തില്ലെങ്കിൽ ജോലി തെറിക്കും.  തെരുവ് തെണ്ടികളും ഇതേ പണി നടത്തുന്നു. അവന്റെ മുതലാളിക്ക് പണം കിട്ടിയില്ലെങ്കിൽ കാല് തല്ലിയൊടിക്കും. ആ ഭയം ഉള്ളിലുള്ളതുകൊണ്ട്  പോക്കറ്റടിച്ചാലും പണം മുതലാളിക്ക് എത്തിക്കുന്നു. ഈ പോലീസുകാരനും പോക്കറ്റടിക്കാരനും തമ്മിൽ എന്താണ് വ്യത്യാസം? ഈ പോക്കറ്റടിച്ചു വളർന്നവനാണ് പിന്നീട് ഉന്നത സ്ഥാനങ്ങളിൽ വന്നിരുന്ന് അധികാരികളുടെ അടിമപ്പണി ചെയ്യുന്നത്. എന്നു പറഞ്ഞാൽ നിരപരാധി അപരാധിയാകും. നീതി അനീതിയാകും.  ചുരുക്കത്തിൽ വ്യാപാര സമൃദ്ധിയുടെ അസുലഭ നാളുകൾ. 
ആവശ്യത്തിന് വാക്‌സിൻ പോലും കിട്ടാനില്ലെന്ന പരാതികളുമുയരുന്നു.  വാക്്‌സിൻ കൊടുക്കുന്നതിൽ പോലും പലയിടത്തും രാഷ്ട്രീയ നിറമുണ്ടെന്നാണ് മാധ്യമങ്ങൾ എഴുതുന്നത്. രണ്ട് തയ്യൽ കടക്കാരുടെ കാര്യത്തിലും ഈ ക്രൂരത കണ്ടു. ഒരു തയ്യൽക്കാരന് പോലീസ് പിഴയിടുന്നു. അടുത്ത തയ്യൽക്കടക്കാരന് പിഴയില്ല. ആ കടക്കാരൻ സ്വന്തം പാർട്ടിക്കാരൻ.     ഇതെ രാഷ്ട്രീയ നിറമാണ് സാഹിത്യ രംഗത്തും നീണ്ട നാളുകളായി കാണുന്നത്. അധികാരത്തിന്റെ തലപ്പാവണിഞ്ഞവർ സഹജീവികളോട് അസഹനിയമാം വിധം ക്രൂരന്മാരായി മാറുന്ന ദയനീയ കാഴ്ച. അധികാരമുള്ളതുകൊണ്ട്  തന്റെ കൈയിലൊതുങ്ങന്നത് തന്റേത് എന്ന ഭാവം ജനാധിപത്യപരമല്ല. ഇതര പാർട്ടികളിലുള്ളവർ, പാർട്ടികൾ ഇല്ലാത്തവർ ശത്രുക്കളല്ല. ഏത് പാർട്ടി ഭരിച്ചാലും ഇത് അവരുടെ പാർട്ടിക്കുണ്ടാക്കുന്ന  അപമാനം മാത്രമല്ല സാമൂഹ്യ സാംസ്‌കാരിക അരാജകത്വമാണ്. കോവിഡ് കാലങ്ങളിൽ പാവങ്ങൾ ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നത്. അവർക്ക് ജീവിക്കാൻ മുന്നിൽ മാർഗങ്ങൾ ഒന്നുമില്ല. അവരെ സഹായിക്കാൻ സർക്കാർ മുന്നോട്ട് വരണം.  ഭരണകൂടത്തിന്റ സമ്മർദങ്ങൾക്ക് വഴങ്ങി ജീവിക്കേണ്ടവരല്ല അധികാരത്തിലേറ്റിയ ജനങ്ങൾ. 
കോവിഡ് തടയാനാണ് പ്രതിരോധ മാർഗങ്ങൾ  സർക്കാർ  സ്വീകരിക്കുന്നത്. അതിന് ആരും എതിരല്ല. എന്നാൽ രാഷ്ട്രീയക്കാർക്കും അധികാരികൾക്കും ഒരു നീതി, ജനത്തിനു മറ്റൊരു നീതി എന്നത് നീതികരിക്കാവുന്നതല്ല. സമൂഹത്തിലെ പരിഷ്‌കാരിക്കും അധികാരിക്കും പണ്ഡിതനും പാമരനും നിയമം ഒരുപോലെയാണ്. അവിടെ നീതിനിഷേധങ്ങളും ഉച്ചനീചത്വവും പാടില്ല. ഒരു കാര്യമോർക്കുക. ഏത് പാർട്ടി ഭരിച്ചാലും അവർ ചെയ്യുന്ന സംഭാവന എന്തെന്ന് അടുത്ത തെരഞ്ഞെടുപ്പും തലമുറയും അടയാളപ്പെടുത്തിയിരിക്കും. കാലം ഒരു പാർട്ടിക്ക് വേണ്ടിയും കാത്തുനിൽക്കില്ല. ഉപജീവനത്തിന് വേണ്ടി പോകുന്നവരെ  ഭീഷണിപ്പെടുത്തി വാങ്ങുന്ന ഈ കൊള്ള അവസാനിപ്പിക്കുക. കോവിഡ് ഒരു ക്രമസമാധാന പ്രശനമല്ല. അതൊരു സാമൂഹ്യ പ്രശ്‌നമാണ്. അതിനെ നേരിടേണ്ടത് ഭയത്തിന്റെ അന്തരീക്ഷത്തിലല്ല. അതിലുപരി അവബോധമുണ്ടാക്കേണ്ടത് സേവന പ്രവർത്തനത്തിലൂടെയും ബോധപൂർവമായ അർത്ഥതലങ്ങളിലൂടെയുമാണ്.  ആ  ആരോഗ്യ  സംസ്‌കാരമാണ് കേരളം വളർത്തേണ്ടത്.   വാക്‌സിനേഷൻ ആരുടേയൂം ഔദാര്യമല്ല അവകാശമാണ്. പരസ്യമായ നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മാതൃക കാട്ടേണ്ടത് ജനപ്രതിനിധികളാണ്. ആദ്യം  കുറ്റവും ശിക്ഷയും അവരിൽ നടപ്പാക്കുക.    


 

Latest News