ഫ്രാൻസ്, ജൂൺ 4-19, 1938
രണ്ടാം ലോക മഹായുദ്ധത്തിലേക്ക് ലോകം നടന്നടുക്കുന്ന ആശങ്കാകുലമായ നാളുകളിലാണ് മൂന്നാം ലോകകപ്പ് നടന്നത്. വെളുപ്പിന്റെ വിശുദ്ധി വിളിച്ചോതാനായി ബെർലിൻ ഒളിംപിക്‌സിനെ വേദിയാക്കാൻ ശ്രമിച്ച അഡോൾഫ് ഹിറ്റ്‌ലർ കറുപ്പിന്റെ കരുത്തുമായി വന്ന ജെസി ഓവൻസിനു മുന്നിൽ പരാജയപ്പെട്ട് രണ്ടു വർഷം പിന്നിടും മുമ്പായിരുന്നു ഫ്രാൻസിൽ ലോകകപ്പിന് തിരശ്ശീല ഉയർന്നത്. ബെർലിൻ ഒളിംപിക്‌സിനിടെയാണ് ഫ്രാൻസിൽ ലോകകപ്പ് നടത്താൻ ഫിഫ തീരുമാനിച്ചത്.
16 ടീമുകളാണ് പങ്കെടുക്കേണ്ടിയിരുന്നത്. ജർമനിയുടെ സൈനിക ബൂട്ടുകൾ ഓസ്ട്രിയയെ ചവിട്ടിയരച്ചതോടെ അവരുടെ 'വണ്ടർ ടീം' ഇല്ലാതായി. അതോടെ ടീമുകളുടെ എണ്ണം പതിനഞ്ചായി ചുരുങ്ങി. ഓസ്ട്രിയൻ കളിക്കാരിൽ ചിലരെ ജർമൻ ടീമിലുൾപ്പെടുത്തി. ആഭ്യന്തര യുദ്ധത്തിന്റെ തീക്കനലിലെരിഞ്ഞ സ്‌പെയിനിനും കളിക്കാനുള്ള സമയമായിരുന്നില്ല അത്. ഫാസിസ്റ്റുകളുടെ കറുത്ത കുപ്പായമിട്ടാണ് ഇറ്റലി കളിച്ചത്. ഇംഗ്ലണ്ട് പതിവുപോലെ ഫിഫയുമായി വഴക്കിലായിരുന്നു. 1934 ൽ യൂറോപ്പിന്റെ ഊഴം കഴിഞ്ഞ് തങ്ങളെ പരിഗണിക്കാതിരുന്നതിൽ ലാറ്റിനമേരിക്ക കോപിച്ചു. ബ്രസീലാണ് മേഖലയിൽനിന്ന് പങ്കെടുത്ത ഏക ടീം.
എന്നാൽ ആദ്യമായി ഏഷ്യയിൽനിന്ന് ഒരു പ്രതിനിധി ഉണ്ടായി -ഡച്ച് ഈസ്റ്റിൻഡീസ്, ഇന്നത്തെ ഇന്തോനേഷ്യ. ആദ്യ റൗണ്ടിൽ ഹംഗറിയോട് 6-0 ന് തോറ്റ് അവർ വന്ന വഴി മടങ്ങി. ബ്രസീൽ-പോളണ്ട് ആദ്യ റൗണ്ട് പോരാട്ടം എക്കാലത്തെയും മികച്ച ലോകകപ്പ് മത്സരങ്ങളിലൊന്നായി. 1-3 ന് പിന്നിലായ പോളണ്ടിനെ ഏണസ്റ്റ് വിലിമോവ്‌സ്‌കി 3-3 ലെത്തിക്കുകയും വീണ്ടും ഗോളടിച്ച് കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടുകയും ചെയ്തു. പക്ഷേ പോളണ്ട് 5-6 ന് തോറ്റു. ഒരു കളിയിൽ നാലു ഗോളടിക്കുന്ന ആദ്യ കളിക്കാരനായി എന്ന ലോകകപ്പ് ചരിത്രത്തിന്റെ അടിക്കുറിപ്പ് മാത്രമായി വിലിമോവ്‌സ്‌കിയുടെ നേട്ടം.
ടീമുകൾ: 15, മത്സരങ്ങൾ: 18
ആതിഥേയർ: ഫ്രാൻസ്,
ചാമ്പ്യന്മാർ: ഇറ്റലി
ടോപ്‌സ്‌കോറർ: ലിയനിഡാസ് (ബ്രസീൽ, 7)
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 37
പ്രധാന അസാന്നിധ്യം: അർജന്റീന, ഇംഗ്ലണ്ട്, സ്‌പെയിൻ, ഉറുഗ്വായ്
അമ്പരപ്പിച്ച ടീമുകൾ: ഡച്ച് ഈസ്റ്റിൻഡീസ് (ഇന്തോനേഷ്യ), ക്യൂബ
കണക്ക്: ആകെ 84 ഗോളുകൾ (ശരാശരി 4.67), കൂടുതൽ ഗോളടിച്ചത് ഹംഗറി (15).
മത്സര രീതി: നോക്കൗട്ട്, സമനിലയായാൽ വീണ്ടും കളി.
ആതിഥേയ ടീമിനും നിലവിലെ ചാമ്പ്യന്മാർക്കും നേരിട്ട് ഫൈനൽ റൗണ്ട് സ്ഥാനം ലഭിച്ച ആദ്യ ലോകകപ്പായിരുന്നു ഇത്. അക്കമുള്ള ജഴ്‌സികളുടെ രംഗപ്രവേശവും ഈ ലോകകപ്പിലായിരുന്നു. നോർവേയോട് ആദ്യ റൗണ്ടിൽ തലനാരിഴക്ക് എക്‌സ്ട്രാ ടൈമിൽ രക്ഷപ്പെടേണ്ടി വന്നെങ്കിലും വീണ്ടും ഇറ്റലിയുടെ കുതിപ്പാണ് കണ്ടത്. ബ്രസീലിനെ അവർ സെമിയിൽ 2-1 ന് തോൽപിച്ചു. ഫൈനലിൽ ഹംഗറിയെ 4-2 ന് തകർത്ത് തുടർച്ചയായ രണ്ടാം തവണയും കിരീടമുയർത്തി. വിക്‌ടോറിയൊ പോസൊ തുടർച്ചയായി രണ്ടു തവണ ഒരു ടീമിന് ലോകകപ്പ് നേടിക്കൊടുക്കുന്ന ഏക കോച്ചായി.
ഇറ്റലിയെ ജയിക്കാൻ അനുവദിക്കുകയായിരുന്നുവെന്നാണ് ഹംഗറിക്കാർ പ്രത്യേകിച്ച് ഗോളി അന്റാൽ സാബൊ പറഞ്ഞത്. ജയിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന് ഫൈനലിനു മുമ്പ് മുസോളിനിയിൽനിന്ന് ഇറ്റാലിയൻ ടീമിന് സന്ദേശമുണ്ടായിരുന്നു. 'ഞാൻ നാലു ഗോൾ വിട്ടിട്ടുണ്ടാവാം, പക്ഷേ ഇറ്റാലിയൻ കളിക്കാരുടെ ജീവൻ രക്ഷിച്ചു' -സാബൊ പറഞ്ഞു. എന്നാൽ മുസോളിനിയുടേത് പതിവ് ആശംസ മാത്രമാണെന്നും അത് ഭീഷണിയായി ഹംഗറിക്കാർ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും മറ്റൊരു വാദവുമുണ്ട്.
ഇറ്റാലിയൻ നായകൻ ഗ്വിസപ്പ് മിയാസയായിരുന്നു ടൂർണമെന്റിന്റെ താരം. ബൈസികിൾ കിക്കുകളുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ബ്രസീലിന്റെ കറുത്ത രത്‌നം ലിയനിഡാസ് ഡാസിൽവ ഏഴു ഗോളടിച്ച് ടോപ്‌സ്‌കോററായി. അതിൽ മൂന്നും പോളണ്ടിനെതിരായ ത്രസിപ്പിക്കുന്ന 6-5 വിജയത്തിലായിരുന്നു. പല ബ്രസീലുകാരും ലിയനിഡാസിനെ പെലെയോടൊപ്പമാണ് കാണുന്നത്. റബ്ബർ മനുഷ്യൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
ആതിഥേയരും നിലവിലെ ചാമ്പ്യന്മാരും യോഗ്യതാ റൗണ്ട് കളിക്കാതെ ഫൈനൽ റൗണ്ടിനെത്തിയ ആദ്യ ലോകകപ്പായിരുന്നു ഫ്രാൻസിലേത്. 2006 വരെ ഈ പതിവ് തുടർന്നു. 2010 മുതൽ നിലവിലെ ചാമ്പ്യന്മാരും യോഗ്യതാ റൗണ്ട് കളിക്കണമെന്ന് ഫിഫ തീരുമാനിച്ചു.
ഗ്രൂപ്പ് ഘട്ടമില്ലാത്ത അവസാന ലോകകപ്പായിരുന്നു അത്. നോക്കൗട്ടിലൂടെ ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിർണയിക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിർണയിക്കാനുള്ള അഞ്ചു മത്സരങ്ങളും എക്‌സ്ട്രാ ടൈമിലാണ് വിധിയായത്. ജർമനിയെ സ്വിറ്റ്‌സർലന്റ് അട്ടിമറിച്ചു, റുമാനിയയെ ക്യൂബയും. ഓസ്ട്രിയയുമായി മത്സരിക്കേണ്ടിയിരുന്ന സ്വീഡൻ നേരിട്ട് ക്വാർട്ടറിലെത്തി. ക്വാർട്ടറിൽ ഫ്രാൻസിനെ ഇറ്റലി കീഴടക്കി.
അറിയാമോ? ലോക യുദ്ധം കാരണം 12 വർഷത്തോളം ലോകകപ്പ് നടന്നില്ല. യുദ്ധത്തിനിടെ ലോകകപ്പ് എതിർ സൈന്യത്തിന്റെ കൈയിലെത്താതിരിക്കാൻ ഫിഫയുടെ ഇറ്റലിക്കാരനായ വൈസ് പ്രസിഡന്റ് ഡോ. ഒറ്റോറിനൊ ബരാസി തന്റെ കിടക്കക്കടിയിൽ ഷൂ ബോക്‌സിൽ അത് ഒളിച്ചുവെക്കുകയായിരുന്നു.
ചെക്കൊസ്ലൊവാക്യ-ബ്രസീൽ മത്സരം കൈയാങ്കളിയുടെ പൊടിപൂരമായിരുന്നു. മൂന്നുപേർ ചുവപ്പ് കാർഡ് കണ്ടു. എക്‌സ്ട്രാ ടൈമിലും വിധിയായില്ല. പരിക്കേറ്റ ഓൽഡ്രിച് നെജദ്‌ലിയും ഫ്രാന്റിസെക് പ്ലാനിക്കയുമില്ലാതെ കളിച്ച ചെക്കുകാർ റീപ്ലേയിൽ തോറ്റു. സെമിയിൽ സ്വീഡനെ 5-1 ന് ഹംഗറി നിലംപരിശാക്കി. ജയിക്കുമെന്ന് ഉറച്ചുവിശ്വസിച്ച ബ്രസീൽ ലിയനിഡാസിനും സഹ സ്‌ട്രൈക്കർ ടിമ്മിനും വിശ്രമം നൽകിയാണ് സെമിയിൽ ഇറ്റലിയെ നേരിട്ടത്. പക്ഷേ ഇറ്റലി 2-1 ന് അട്ടിമറി ജയം നേടി. സ്വീഡനെ 4-2 ന് തോൽപിച്ച് ബ്രസീലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പശ്ചിമ ജർമനിക്കെതിരായ കളിയിൽ സ്വന്തം പോസ്റ്റിൽ നിറയൊഴിച്ച സ്വിറ്റ്‌സർലന്റിന്റെ ഏൺസ്റ്റ് ലോർഷർ സെൽഫ് ഗോളടിച്ച ആദ്യ കളിക്കാരനായി. സെമിയിൽ പെനാൽട്ടി എടുക്കവേ ഇറ്റലിയുടെ നായകൻ ഗ്വിസപ് മിയാസയുടെ നിക്കർ ഊരിയത് കൗതുകം പരത്തി. ഒരു കൈ കൊണ്ട് നിക്കർ പിടിച്ചാണ് മിയാസ സ്‌കോർ ചെയ്തത്.






