മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് ഡോളര്‍ കടത്തി എന്ന് ഡോളര്‍ കടത്ത് കേസിലെ ഷോക്കോസ് നോട്ടീസില്‍ സ്വപ്ന മൊഴി നല്‍കി. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രക്കിടെ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. എന്നാല്‍ ഇ.ഡിയോ മറ്റേതെങ്കിലും ഏജന്‍സികളോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

യു.എ.ഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി കറന്‍സി എത്തിച്ചു നല്‍കി. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സരിത്ത് ആണ് കറന്‍സി വാങ്ങി അല്‍ദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ കൈയില്‍നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്ത് മൊഴി നല്‍കി. പാക്കറ്റില്‍ ഒരു ബണ്ടില്‍ കറന്‍സി ഉണ്ടെന്ന് എക്‌സ്‌റേ സ്‌കാനിംഗില്‍ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നും സരിത്ത് വ്യക്തമാക്കി.

 മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം. ശിവശങ്കര്‍ സ്ഥിരീകരിച്ചു. കൈമാറിയത് യു.എ.ഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം.

 

Latest News