Sorry, you need to enable JavaScript to visit this website.

'ഇത് വിവാഹ നിശ്ചയത്തിന്റെ മോതിരം'; വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി നയന്‍താര

ചെന്നൈ- തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയ താരജോഡികളാണ് നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും പല തവണ മാധ്യമങ്ങളിലൂടെ പ്രചരിച്ചതുമാണ്. താരജോഡികളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ശരിവച്ചുകൊണ്ടുള്ള നയന്‍താരയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ദിവ്യദര്‍ശിനി അവതാരകയായെത്തുന്ന ഷോയിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. മോതിരവിരലിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് 'ഇത് എന്‍ഗേജ്‌മെന്റ് റിങ്' എന്ന് നയന്‍താര മറുപടി നല്‍കുന്നുണ്ട്. ഷോയുടെ പ്രമോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിഘ്‌നേഷില്‍ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയന്‍താര പറയുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങളും തുറന്ന് പറയാമെന്നും താരം പറയുന്നുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കയ്യില്‍ മോതിരം ധരിച്ച നയന്‍നാരയുടെ ചിത്രം വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വിരലോട് ഉയിര്‍ കൂട കോര്‍ത്ത്,' എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേശ് ചിത്രം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയന്‍താര തിരിച്ചു വന്നത് 2015 ല്‍ വിഘ്‌നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്‌നേശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്‌നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം. ഇതിന് മുമ്പും ഇരുവരുടെയും വിവാഹ വാര്‍ത്തയെ ചൊല്ലി പല ഗോസിപ്പുകളും പ്രചരിച്ചിരുന്നുവെങ്കിലും നയന്‍സോ, വിഘ്‌നേശോ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. അടുത്തിടെയാണ് ആദ്യമായി വിവാഹ വാര്‍ത്തയോട് വിഘ്‌നേശ് ശിവന്‍ പ്രതികരിച്ചത്.
 

Latest News