റിയാദ് - നിതാഖാത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് അറുപത് വയസ് പിന്നിട്ടവരുടെ കണക്കെടുപ്പ് പൂർത്തിയായി. അറുപതു വയസു പിന്നിട്ട മൂന്നര ലക്ഷത്തിലേറെ വിദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതായാണ് കണ്ടെത്തിയത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന, 60 വയസ് പിന്നിട്ടവരിൽ 93 ശതമാനവും വിദേശികളാണെന്നും പുതിയ കണക്ക് സൂചിപ്പിക്കുന്നു. അറുപത് വയസു കഴിഞ്ഞ 3,51,433 വിദേശികളാണ് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. അറുപതു പിന്നിട്ട 35,031 സൗദികളും സ്വകാര്യ മേഖലയിലുണ്ട്. സൗദികളും വിദേശികളും അടക്കം ആകെ 3,86,464 പേരാണ് അറുപതു പിന്നിട്ടിട്ടും സ്വകാര്യ മേഖലയിൽ ജോലിയിൽ തുടരുന്നത്.
അറുപതു പിന്നിട്ടവരിൽ 96 ശതമാനവും പുരുഷന്മാരാണ്. അറുപത് കഴിഞ്ഞ 15,655 വനിതാ ജീവനക്കാരാണുള്ളത്. ഇവരിൽ സൗദികൾ 9,302 ഉം വിദേശികൾ 6,353 ഉം ആണ്. അറുപതു പിന്നിട്ട പുരുഷ ജീവനക്കാരിൽ വിദേശികൾ 3,45,080 ഉം സൗദികൾ 25,792 ഉം ആണ്. അറുപതു വയസു പിന്നിട്ട വിദേശികളിൽ 65 ശതമാനവും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ് ജോലി ചെയ്യുന്നത്.
അറുപതു വയസു പിന്നിട്ട വിദേശികളെ ജോലിക്കു വെക്കുന്നത് സ്വകാര്യ സ്ഥാപനങ്ങൾക്ക് അധിക സാമ്പത്തിക ഭാരമുണ്ടാക്കും. ഈ വിഭാഗത്തിൽ പെട്ട ഒരു വിദേശിയെ ജോലിക്കു വെക്കുന്നത് രണ്ടു വിദേശികളെ ജോലിക്കു വെക്കുന്നതിന് സമമായാണ് സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ കണക്കാക്കുന്നത്. ഇതനുസരിച്ച് അറുപതു പിന്നിട്ടവരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾ നിതാഖാത്ത് അനുശാസിക്കുന്ന നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കുന്നതിന് കൂടുതൽ സൗദികളെ ജോലിക്കു വെക്കുന്നതിന് നിർബന്ധിതമാകും.
ഡോക്ടർമാർ, യൂനിവേഴ്‌സിറ്റി അധ്യാപകർ തുടങ്ങിയ വിദഗ്ധ തൊഴിലാളികളെ ഈ വ്യവസ്ഥയിൽ നിന്ന് അടുത്തിടെ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരക്കാരെ നിതാഖാത്തിൽ ഒരു തൊഴിലാളിക്കു തുല്യമായി മാത്രമേ തുടർന്നും കണക്കാക്കുകയുള്ളൂ.
സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് അറുപതു വയസു പിന്നിട്ട വിദേശികൾക്ക് നിതാഖാത്തിൽ ഇരട്ട വെയ്‌റ്റേജ് നൽകുന്ന രീതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ സമീപ കാലത്ത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. പത്തൊമ്പതു തൊഴിലുകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സീനിയർ ഹ്യൂമൻ റിസോഴ്‌സ് മാനേജർ, എംപ്ലോയീസ് അഫയേഴ്‌സ് മാനേജർ, പേഴ്‌സണൽ റിലേഷൻസ് മാനേജർ, പേഴ്‌സണൽ അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ്, പേഴ്‌സണൽ അഫയേഴ്‌സ് ക്ലർക്ക്, റിക്രൂട്ട്‌മെന്റ് ക്ലർക്ക്, എംപ്ലോയീസ് അഫയേഴ്‌സ് ക്ലർക്ക്, ഡ്യൂട്ടി റൈറ്റർ, ജനറൽ റിസപ്ഷനിസ്റ്റ്, ഹോട്ടൽ റിസപ്ഷനിസ്റ്റ്, ഹോസ്പിറ്റൽ റിസപ്ഷനിസ്റ്റ്, കംപ്ലയിന്റ് ക്ലർക്ക്, കാഷ്യർ, സെക്യൂരിറ്റി ഗാർഡ്, ഗവൺമെന്റ് റിലേഷൻസ് ഓഫീസർ, താക്കോൽ കോപ്പി ചെയ്യുന്ന വിദഗ്ധൻ, കസ്റ്റംസ് ക്ലിയറൻസ് ഓഫീസർ, ലേഡീസ് ഷോപ്പ് ജീവനക്കാരികൾ, ജ്വല്ലറി, മൊബൈൽ ഫോൺ കട ജീവനക്കാർ എന്നീ തൊഴിലുകളാണ് സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.