ന്യൂദല്‍ഹി- തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ഫലം പ്രഖ്യാപിച്ച് 48 മണിക്കൂറിനകം പരസ്യപ്പെടുത്തണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് സുപ്രീം കോടതി. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്താത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദംകേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.
സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് 48 മണിക്കൂറിനകമോ അല്ലെങ്കില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ചുരുങ്ങിയത് രണ്ടാഴ്ച മുമ്പോ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനില്‍ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ സമയപരിധി ഇപ്പോള്‍ കോടതി തന്നെ 48 മണിക്കൂറായി പരിമിതപ്പെടുത്തി. 2020 ഫെബ്രുവരിയിലെ സുപ്രീം കോടതി ഉത്തരവ് രാഷ്ട്രീയ പാര്‍ട്ടികള്‍ അനുസരിക്കുന്നില്ല എന്നും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തുന്നതിനു പുറമെ ഇത്തരം ആളുകളെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥി ആക്കി എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിശദീകരിക്കണമെന്നും പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സ്ഥാനാര്‍ത്ഥികളുടെ എല്ലാ വിവരങ്ങളും ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.






