സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്താന്‍ സി.പി.എം

ന്യൂദല്‍ഹി- രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായി മുതിര്‍ന്ന സി.പി.എം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി. സി.പി.എം. പശ്ചിമ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗമാണ് സുജന്‍ ചക്രബര്‍ത്തി. ആദ്യമായാണ് ഇത്തരത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്.

പാര്‍ട്ടി ആദ്യമായാണ് ഇത്തരത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്ന വാദം അദ്ദേഹം തള്ളി. നേരത്തെയും പാര്‍ട്ടി സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നുവെന്നും എന്നാല്‍ അത് വ്യത്യസ്ത രീതികളിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിവക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സി.പി.എം ഈ തീരുമാനമെടുത്തിരിക്കുന്നത്.

 

Latest News