സംവിധായകന്‍ മഹ്മൂദ് ഫാറൂഖിെയ കുറ്റവിമുക്തനാക്കിയ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു
ന്യൂദല്‍ഹി- വിദേശ വനിതയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ സംവിധായകന്‍ മഹ്മൂദ് ഫാറൂഖിയെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. വിദേശ വനിതയും ഫാറൂഖിയും തമ്മില്‍ അടുപ്പത്തില്‍ ആയിരുന്നെന്നും സംഭവം നടന്നശേഷം ഇവര്‍ അയച്ച ഇ-മെയില്‍ സന്ദേശങ്ങളില്‍ ഫാറൂഖിയെ ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മുമ്പ് വിചാരണ കോടതി വിധിച്ച ഏഴു വര്‍ഷം തടവു ശിക്ഷ ദല്‍ഹി ഹൈക്കോടതി തള്ളുകയും ഫാറൂഖിയെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഈ വിധിയാണു സുപ്രീംകോടതി ഇന്നലെ ശരിവെച്ചത്.
ഓസ്‌കര്‍ നാമനിര്‍ദേശത്തിന് അര്‍ഹമായ പീപ്‌ലി ലൈവ് എന്ന ചിത്രത്തിന്റെ സഹസംവിധായകനാണു മഹമൂദ് ഫാറൂഖി. അമേരിക്കക്കാരിയായ യുവതിയെ തന്റെ വീട്ടില്‍ അത്താഴ വിരുന്നിന് വിളിച്ച് മാനഭംഗപ്പെടുത്തിയെന്നായിരുന്നു കേസ്. ഗവേഷണങ്ങള്‍ക്കായി ദല്‍ഹിയിലെത്തിയതായിരുന്നു അമേരിക്കന്‍ വനിത.
പരസ്പരം അറിയുന്നവര്‍ ഉഭയകക്ഷി സമ്മതത്തോടെ നടത്തിയ ബന്ധമെന്നാണ് മനസ്സിലാകുന്നതെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു. യുവതിയുടെ സമ്മതമില്ലാതെ വദനസുരതം നടത്തിയെന്നാണ് യുവതിയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ വാദിച്ചിരുന്നത്.
2015 ല്‍ നടന്ന വിവാദ സംഭവത്തിനുശേഷം 30 വയസ്സായ വനിത അയച്ച മെയിലുകളില്‍ പിന്നെ എങ്ങനെയാണ് ഐ ലൗ യു എന്ന് എഴുതുകയെന്ന് യുവതിയുടെ അഭിഭാഷകയോട് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട ബെഞ്ച് ചോദിച്ചു. ഫാറൂഖിയെ വെറുതെ വിട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിയാണെന്നും ഇടപെടേണ്ട കാര്യമില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു.
യുവതിയുടെ വാദങ്ങളില്‍ ഞങ്ങള്‍ തൃപ്തരല്ല. അതുകൊണ്ടുതന്നെ ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ല- ജഡ്ജിമാര്‍ പറഞ്ഞു.
2016 ഓഗസ്റ്റില്‍ വിചാരണ കോടതി ഏഴുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി ഫാറൂഖിയെ കുറ്റവിമുക്തനാക്കിയിരുന്നത്.